വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ ശ്രീശ്രീനിവാസന്‍ അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ശ്രീശ്രീനിവാസന്‍. അന്തരിച്ച അന്റോണിന്‍ സ്‌കാലിയയുടെ പിന്‍ഗാമിയായി സുപ്രീം കോടതിയിലേക്ക് പ്രസിഡന്റ് ബരാക് ഒബാമ ഇദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുമെന്നാണ് സൂചന. 48കാരനായ ശ്രീനിവാസന്‍ ചണ്ഡീഗഡിലാണ് ജനിച്ചത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശികളാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. സ്റ്റാഫോഡ് സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ശ്രീനിവാസന്‍ 2013ല്‍ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഹൈക്കോടതികള്‍ക്ക് സമാനമായ കോടതിയാണിത്.
പ്രസിഡന്റ് ഒബാമയായിരുന്നു അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യാക്കാരനും ശ്രീനിവാസനാണ്. 1960ല്‍ തന്നെ ശ്രീനിവാസന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. ടെക്‌സാസിലെ ലോറന്‍സിലാണ് ശ്രീനിവാസനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. അന്തരിച്ച അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി 79 കാരനായ സ്‌കാലിയ തികഞ്ഞ യാഥാസ്ഥിതിക വാദിയായിരുന്നു. എങ്കിലും കാല്‍നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും സ്വാധീനമുളള ജഡ്ജിയായിരുന്നു ഇദ്ദേഹം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും പുതിയ ജഡ്ജി നിയമനം ഏറെ പ്രാധാന്യത്തോടെ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തന്റെ ഏറ്റവും വലിയ കര്‍ത്തവ്യമാണ് പുതിയ ജഡ്ജിയെ നാമനിര്‍ദേശം ചെയ്യുകയെന്ന് ഒബാമയും വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് പിന്നീടേ സ്ഥാനമുളളൂ. തികഞ്ഞ മിതവാദിയായ ശ്രീനിവാസന്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് ആശയങ്ങള്‍ക്ക് വേണ്ടി ഒരു പോലെ നിലകൊള്ളാറുണ്ട്.

പ്രസിഡന്റിന് ജഡ്ജിയെ നാമനിര്‍ദേശം ചെയ്യാന്‍ അധികാരമുണ്ടെങ്കിലും അതിന് അമേരിക്കന്‍ സെനറ്റിന്റെ കൂടി അംഗീകാരം ആവശ്യമാണ്. ഇപ്പോള്‍ സെനറ്റില്‍ റിപ്പബ്ലിക്കനുകള്‍ക്കാണ് മുന്‍തൂക്കം. ഉദാര നയങ്ങള്‍ പുലര്‍ത്തുന്നവരെയാകും ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുക എന്ന് സൂചനയുണ്ട്. എന്നാല്‍ അടുത്ത പ്രസിഡന്റ് പുതിയ ജഡ്ജിയെ നിശ്ചയിക്കട്ടെ എന്നൊരു അഭിപ്രായം റിപ്പബ്ലിക്കനുകള്‍ ഉയര്‍ത്തുന്നുണ്ട്.