മെട്രിസ് ഫിലിപ്പ്

കളക്ടർ ബ്രോ, മേയർ ബ്രോ, ചങ്ക് ബ്രോ, അങ്ങനെ അങ്ങനെ ബ്രോകളുടെ, ലോകമായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. കൂട്ടത്തിൽ ‘സിസ്’ന്റെയും ഉണ്ട്ട്ടോ. കൂടുതൽ സ്നേഹം ആ വ്യക്തികളോട് ഉള്ളത് കൊണ്ടല്ലേ, നമ്മളൊക്കെ അവരെ ബ്രോസ്‌ എന്ന് വിളിച്ചുകൊണ്ട്, തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കളിക്കൂട്ടുകാർ, പ്രവാസികൂട്ടുകാർ, നാട്ടിലെയും മറുനാട്ടിലെയും കൂട്ടുകാർ ഒന്നിക്കുമ്പോൾ, ഹായ് ബ്രോ, അളിയോ എന്ന് ഒക്കെ വിളിച്ചുകൊണ്ട്, കെട്ടിപിടിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. എന്നാൽ കെട്ടിപ്പിടുത്തം കൊറോണ കൊണ്ട് മാറ്റിയെങ്കിലും, ബ്രോ വിളി എന്തായാലും ഉണ്ട്. നമ്മൾ വിളിക്കുന്ന ബ്രോസുമാർ, എന്നും എപ്പോഴും നമ്മളെ ഒക്കെ തിരക്കികൊണ്ടിരിക്കുന്നുണ്ടാവും അല്ലെ. എന്നാലും ഉറപ്പില്ല.

ഈ തിരക്കുപിടിച്ചോടികൊണ്ടിരിക്കുന്ന ആധുനികലോകത്തിൽ, ബ്രോകളുടെ സ്നേഹവും, കരുതലും കാണുമ്പോൾ നമുക്ക് എന്ത് സന്തോഷം ആണല്ലേ. എന്നാൽ നമ്മൾ വിളിക്കുന്ന, നമ്മളെ വിളിക്കുന്ന ബ്രോകളുടെ സ്നേഹം എത്രമാത്രം ആഴത്തിൽ ഉണ്ട് എന്ന് പരീക്ഷിക്കാൻ പല വഴികൾ ഉണ്ട്. ഈ ചെറിയ പരിക്ഷണം കൊണ്ട് ഒട്ടേറെ പഠിക്കുവാനും സാധിക്കും.

ഇപ്പോൾ ഊണിലും ഉറക്കത്തിലും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, എല്ലാം നമ്മളെ വലവീശിപിടിച്ചിരിക്കുകയാണല്ലോ. ഒരാൾ ജീവനോടെ ഉണ്ടോ എന്ന് അറിയണമെങ്കിൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയാൽ മതി. അത്രമാത്രം സോഷ്യൽമീഡിയ സമൂഹത്തിൽ പടർന്നുപിടിച്ചിരിക്കുന്നു. വാട്ട്സ്ആപ്പ് ഇല്ലാത്തവർ വളരെ ചുരുക്കം. സ്കൂൾ, ഫാമിലി, ജോലിസ്ഥലം, അങ്ങനെ അങ്ങനെ നിരവധി ഗ്രൂപ്പുകൾ എല്ലാവർക്കും ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇനിയാണ് ആ ചലഞ്ച്, വൺ വീക്ക്, നെറ്റ് ഓഫ് ചെയ്തു വെയ്ക്കുക. പിന്നീട് ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഗ്രൂപ്പ് ചാറ്റിൽ നൂറ്കണക്കിന് മെസ്സേജുകൾ കാണാം. എന്നാൽ, നമ്മൾ ചങ്ക് ബ്രോസ് എന്ന് വിളിക്കുന്നവരുടെ ഒരു മെസ്സേജ് വിരളമായിരിക്കും. “ബ്രോ എവിടെ ആയിരുന്നു, എന്ത് പറ്റി” എന്നുള്ള ഒരു മെസ്സേജ് കാണുക വളരെ വളരെ ചുരുക്കം. എന്ത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലോകം തിരക്കുപിടിച്ചു കൊണ്ടുള്ള ഓട്ടത്തിൽ ആണ്. ഫേസ്ബുക്കിൽ, നോക്കുമ്പോൾ, അപ്പപ്പോൾ, കാണുന്നവരുടെ പോസ്റ്റുകളിൽ, നമ്മൾ ലൈക്ക്, കമന്റ് ഇട്ട് പോകും, എന്നാൽ അൽപ്പം കഴിഞ്ഞു അവരെയൊക്കെ മറന്നുപോകും. ഫോണിൽ, സ്ക്രോൾ ചെയ്തു പോകുന്നതിനനുസരിച്ചു, നമ്മുടെ ഒക്കെ മനസ്സുകളിൽ പുതിയവർ കടന്നു വന്നുകൊണ്ടിരിക്കും. അത്രമാത്രം എന്ന് കരുതുക. അല്ലാതെ, ബ്രോസ് ഒക്കെ മറന്നു എന്ന് കരുതേണ്ടതില്ല.

ഏറ്റവും വേണ്ടപ്പെട്ടവർ മരണപ്പെട്ടു കഴിയുമ്പോൾ, ദുഃഖവുമായി, കഴിയുന്നവരെ, എത്രനാൾ നമ്മളൊക്കെ ഓർക്കും. കുറച്ചു ദിവസങ്ങൾ മാത്രം അല്ലെ. ജീവിതത്തിന്റെ ഓട്ടത്തിന്റെ സ്പീഡ് കൂടുതൽ ആയത്കൊണ്ട് എല്ലാവരും എല്ലാവരെയും മറക്കും. സാഹചര്യമങ്ങനെ ആക്കിതീർക്കും.

നമ്മളെ സഹായിക്കുന്നവരെയും നമ്മൾ സഹായിച്ചവരെയും കുറിച്ച് ഓർക്കണം. അവർ ഓർത്തില്ലെങ്കിലും, നന്ദിയും സ്‌നേഹവും എപ്പോഴും അവരോട് ഉണ്ടാകണം. ജീവിതം ഒന്നേ ഒള്ളു. പുഞ്ചിരിക്കുന്ന മുഖവുമായി മറ്റുള്ളവരോട് ഇടപെടാം. വാശിയും അഹങ്കാരവും അരിശവും കൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന് ഓർക്കുക. നമ്മളെ ഓർമിച്ചില്ല എന്ന് കരുതി വിഷമിക്കാതെ, നമുക്ക് ഓർത്തുകൂടെ.

കാണാതെപോയ ആടിനെ കണ്ട് കിട്ടിയപ്പോൾ ആട്ടിടയൻ ആടിനെ ചേർത്തുപിടിച്ചപോലെ, ധൂർത്തപുത്രൻ തിരിച്ചു വന്നപ്പോൾ അപ്പൻ മകനെ ചേർത്തുപിടിച്ചപോലെ, നമ്മുടെ ബ്രോസ്മാരെ ചേർത്തുപിടിക്കാം. ഹായ് ബ്രോ… ഹായ് സിസ് എന്ന് ഉറക്കെ വിളിച്ചുകൊണ്ട് സ്നേഹിക്കാം..