ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 2020 ൽ കോവിഡ് രോഗബാധയെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മരണപ്പെടുകയായിരുന്നെങ്കിൽ മന്ത്രിസഭയിൽ ഉണ്ടാകുമായിരുന്ന മാറ്റത്തെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി വിവാദനായകനും എം പിയുമായ മാറ്റ് ഹാൻകോക്ക് രംഗത്ത്. ബോറിസ് ജോൺസൺ കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ആ കാലയളവിൽ. വൈറസ് ബാധ തീവ്രമാണെന്നും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജോൺസൺ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വൈറസ് ശ്വാസകോശത്തെ കാര്യമായി ബാധിക്കുകയും തുടർന്നുണ്ടായ ശ്വാസതടസ്സവും ആയിരുന്നു ബോറിസ് ജോൺസൺ നേരിട്ട പ്രധാന പ്രശ്നം. എന്നാൽ മുൻവിധികളെയെല്ലാം തിരുത്തിയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തിയത്.
അകാലത്തിൽ കോവിഡ് ബാധിച്ച് ബോറിസ് ജോൺസൺ മരണപ്പെടുന്ന സാഹചര്യത്തിൽ കൺസർവേറ്റിവ് പാർട്ടി നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടൽ. സാധാരണ തിരഞ്ഞെടുപ്പ് രീതി അനുസരിച്ചാണെങ്കിൽ കാലതാമസം നേരിടുമെന്നും, അത് ഭരണത്തെ പ്രതിസന്ധിയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും മനസിലാക്കിയ സംഘം എളുപ്പവഴിയേ കുറിച്ച് ചിന്തിച്ചു തുടങ്ങി. അതാണ് ക്യാബിനറ്റിലെ 20 ആളുകൾ ചേർന്ന് നിർണായക തീരുമാനം കൈകൊള്ളുമെന്ന ആലോചനയിലേക്ക് എത്തിയത്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ജോൺസനെ പ്രവേശിപ്പിച്ചത് സർക്കാരിലെ എല്ലാവരെയും അമ്പരപ്പിച്ചെന്നും മാറ്റ് ഹാൻകോക്ക് നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ജോൺസൺ ഏറെനാൾ തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നിരുന്നു. ജീവൻ നിലനിർത്താൻ വെന്റിലേറ്റർ ആവശ്യം വരാൻ 50% സാധ്യത ഉണ്ടെന്നുമുള്ള ഡോക്ടർമാരുടെ വിലയിരുത്തലിൽ ആണ് ഹാൻകോക്കും കൂട്ടരും പ്രതീക്ഷവെച്ചത്. കാരണം രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഭൂരിപക്ഷമാളുകളും 2020ൽ തന്നെ മരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആരോഗ്യ നിലയിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, രാജ്യത്തെ പല മരുന്ന് കമ്പനികളും വിവിധ പരീക്ഷണ ഓഫറുകളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ആരോഗ്യ സെക്രട്ടറിയായിരുന്ന ഹാൻകോക്ക് അതെല്ലാം തടഞ്ഞെന്നുമാണ് പുറത്തുവരുന്ന നിർണായക വിവരം. 2020 മാർച്ച് 27ന് ബോറിസ് ജോൺസന് കോവിഡ് പോസിറ്റീവ് ആയപ്പോൾ തന്നെയാണ് അണിയറയിൽ ഈ നാടകവും ആരംഭിച്ചത്. രാജ്യം ലോക്ക്ഡൗണിലായിരുന്നത് ഇവർക്ക് കൂടുതൽ സൗകര്യമായി. ലോക നേതാക്കളിൽ വൈറസ് ബാധിതനാണെന്ന് ആദ്യം വെളിപ്പെടുത്തി രംഗത്ത് വന്നതും ബോറിസ് ജോൺസൺ ആയിരുന്നു. മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ വിവാദത്തിനാണ് തിരി തെളിയിച്ചിരിക്കുന്നത്.
Leave a Reply