ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ടോറി എംപിയും കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റി അംഗവുമായ ചാര്‍ലി എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോവര്‍ എംപിയായ എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ആണ് അറിയിച്ചത്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പോലീസിന് കൈമാറിയതായും വിവരമുണ്ട്. 2010 മുതല്‍ കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റിയില്‍ അംഗമാണ് എല്‍ഫിക്ക്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഫിക്ക് രംഗത്തെത്തിയിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. സസ്‌പെന്‍ഷനേക്കുറിച്ച് തന്നെ അറിയിക്കുന്നതിനു മുമ്പ് പാര്‍ട്ടി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നുവെന്നും എല്‍ഫിക്ക് ട്വീറ്റ് ചെയ്തു.

ലേബര്‍ എംപി ക്ലൈവ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ലേബര്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ടോറി എംപിയുടെ സസ്‌പെന്‍ഷന്‍ വിവരം പുറത്തെത്തിയത്. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടി അംഗമായ സ്ത്രീയെ കയറിപ്പിടിച്ചുവെന്നാണ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണം. മറ്റൊരു ആരോപണത്തില്‍ കെവിന്‍ ഹോപ്കിന്‍സിനെതിരെയും അന്വേഷണം നടന്നു വരികയാണ്.

വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങളില്‍ കുരുങ്ങി ഒട്ടേറെ നേതാക്കള്‍ പുറത്തേക്കു പോകുമെന്നാണ് കരുതുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ആരോപണങ്ങളില്‍പ്പെട്ട ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ സ്ഥാനം രാജിവെച്ചിരുന്നു.