ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ആണ് മലയാളി കൂടിയേറ്റം യുകെയിലേയ്ക്ക് ആരംഭിക്കുന്നത്. ആദ്യകാല കുടിയേറ്റക്കാരിൽ പലരും തങ്ങളുടെ 50 കളിൽ ആണ്. യുവാക്കളായി യുകെയിലെത്തിയ മലയാളി സമൂഹത്തിന്റെ തുടക്കകാർക്ക് വാർദ്ധക്യസഹജമായതും ജീവിത ശൈലിയോട് ബന്ധപ്പെട്ട രോഗങ്ങളും പിടിപെടുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. യുകെയിൽ അകാലത്തിൽ മരണമടഞ്ഞ മലയാളികളുടെ വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞതും രണ്ട് രോഗങ്ങൾ മൂലമാണ്. ഭൂരിപക്ഷം മരണങ്ങളുടെ പിന്നിലെ വില്ലൻ ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ആണ്.

ക്യാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി എൻഎച്ച്എസ് മുന്നോട്ട് വന്നിരിക്കുന്നത് യുകെയിൽ ക്യാൻസർ ബാധിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസ വാർത്തയാണ്. ലോകത്തിലെ തന്നെ ക്യാൻസർ ചികിത്സയുടെ മുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്ന ഗവേഷണങ്ങളാണ് ലണ്ടൻ ഇൻസ്റ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (ASCO) വാർഷിക യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചികിത്സാരീതികൾ ലോകത്തെങ്ങുമുള്ള ആരോഗ്യ വിദഗ്ധരുടെ ഇടയിലും മാധ്യമങ്ങളിലും വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.


സ്തനാർബുദം ഒരിക്കൽ വന്ന രോഗികളിൽ രക്ത പരിശോധനയിലൂടെ വീണ്ടും വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താമെന്ന് യുകെയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാർക്ക് അപകടകരമായി ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. നിലവിൽ എൻ എച്ച് എസ് രക്ത പരിശോധനയിലൂടെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എന്നാൽ ലളിതമായ ഉമിനീർ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള മാർഗം ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ചിലെ ഗവേഷകർ അവതരിപ്പിച്ചത് ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഈ ചികിത്സാരീതികൾ എല്ലാം ഈ വർഷം മുതൽ എൻ എച്ച് എസിൽ ലഭ്യമാകുന്നത് രോഗികൾക്ക് ആശ്വാസമാകും. ഇത് കൂടാതെയാണ് ശ്വാസകോശ ട്യൂമറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗുളികകൾ, രക്താർബുദത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള പുതിയ ചികിത്സാരീതികളും എൻഎച്ച്എസ് ഏർപ്പെടുത്താൻ പോകുന്ന ക്യാൻസർ ചികിത്സയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ സ്കിൻ ക്യാൻസർ ആയ മെലോനമയ്ക്ക് എതിരെയും പുതിയ ചികിത്സാരീതികൾ എൻഎച്ച്എസിൽ ആരംഭിച്ചു കഴിഞ്ഞു. യുകെയിൽ ഓരോ വർഷവും 167,000 പേരാണ് ക്യാൻസർ ബാധിച്ച് മരണമടയുന്നത്.