ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരൊറ്റ ചുംബനം കൊണ്ട് ആരോഗ്യ സെക്രട്ടറി എന്ന പദവിയിൽ നിന്നും ഹാൻകോക്ക് പുറത്തായി. പതിനഞ്ചു വർഷം നീണ്ട കുടുംബബന്ധം താറുമാറായി. കോവിഡിന് മുന്നിൽ രാജ്യം അടിപതറുമ്പോൾ, ആരോഗ്യ സെക്രട്ടറി അടിതെറ്റി വീഴുമ്പോൾ പൊതുജനങ്ങൾ ആശങ്കാകുലരാകുകയാണ്. ആറാഴ്ച മാത്രം നീണ്ട പ്രണയ ബന്ധമാണ് ഹാൻകോക്കിന്റെ രാജിയിൽ കലാശിച്ചത്. ആ​രോ​​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ഓഫീസിനക​ത്തെ സു​ര​ക്ഷ ക്യാമ​റ ദൃശ്യം ​സൺ പ​ത്രം വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ ഹാ​ൻ​കോക്കിന് രാജി വയ്ക്കേണ്ടി വന്നത്. പൊതുവിടങ്ങളിൽ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന കർശനനിർദേശം നിലവിലിരിക്കെ ഗിന കൊളാഡേഞ്ചലോയെ ചുംബിച്ച ഹാൻകോക്കിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ചുംബന വിവാദത്തിൽ കുരുങ്ങി ഹാൻകോക്ക് പടിയിറങ്ങുമ്പോൾ ഇനി ബാക്കിയാവുന്നത് ഒരുപിടി ചോദ്യങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താനും ഗിനയും തമ്മിലുള്ള രഹസ്യബന്ധം പുറത്തുവരുമെന്ന് നേരത്തെ അറിഞ്ഞ ഹാൻകോക്ക്, ഭാര്യ മാർത്തയോട് വിവാഹബന്ധം അവസാനിപ്പിക്കുമെന്ന് വ്യാഴാഴ്ച തന്നെ പറഞ്ഞിരുന്നു. മാറ്റും ഗിനയും പ്രണയത്തിലാണെന്നും മെയ് മാസത്തിൽ ആരംഭിച്ച ബന്ധം ഇപ്പോൾ ദൃഢമായി തുടരുന്നുണ്ടെന്നും ഹാൻകോക്കിന്റെ സുഹൃത്ത് വെളിപ്പെടുത്തി. ഇരുവരും തുടർന്ന് ഒരുമിച്ചു താമസിക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനകൾ ഉണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ രാജിക്കത്തിൽ ഹാൻ‌കോക്ക് ഭാര്യയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. “ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനാണ് ഞാൻ എഴുതുന്നത്. പകർച്ചവ്യാധിയെ ചെറുക്കാൻ ഒരു രാജ്യം എന്ന നിലയിൽ കഠിനമായി പരിശ്രമിച്ചു. എന്നാൽ സത്യസന്ധത തെളിയിക്കാൻ ഇപ്പോൾ ഇതാണ് മാർഗം.” പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഹാൻകോക്ക് ഇപ്രകാരം കുറിച്ചു.

മാറ്റ് ഹാൻ‌കോക്കും ഗിന കൊളഡാഞ്ചലോയും സ്റ്റുഡന്റ് റേഡിയോ സ്റ്റേഷൻ ഓക്സിജൻ എഫ്എമ്മിൽ ജോലി ചെയ്തിരുന്നു. 1990 കളുടെ അവസാനത്തിൽ യൂണിവേഴ്സിറ്റി റേഡിയോ സ്റ്റേഷൻ ഓക്സിജൻ എഫ്എമ്മിൽ ഇരുവർക്കുമൊപ്പം പ്രവർത്തിച്ച ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് മാക്സി അലൻ, കൊളഡാഞ്ചലോയെ കാണാൻ ഒട്ടേറെ പുരുഷന്മാർ ആഗ്രഹിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഗിന വളരെ സുന്ദരിയായിരുന്നുവെന്ന് പറഞ്ഞ അലെൻ, ഹാൻകോക്കിനെ പറ്റി നല്ല അഭിപ്രായമല്ല പങ്കുവച്ചത്. ഹാൻകോക്കിന് ഗിനയോട് നേരത്തെ തന്നെ ഇഷ്ടം തോന്നിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അതേസമയം പു​തി​യ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി മു​ൻ ചാ​ൻ​സ​ല​റും ആ​ഭ്യ​ന്ത​ര സെക്രട്ടറിയുമായ സാജിദ് ജാവിദിനെ നിയമിച്ചു. പു​തി​യ ത​സ്​​തി​ക ത​നി​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന്​ സാ​ജി​ദ്​ പ്രതികരിച്ചു. വിവാദചുഴിയിൽ പെട്ട് സ്ഥാനം നഷ്ടപെട്ട ഹാൻകോക്കിന് പകരം നിന്ന് രോഗപ്രതിസന്ധിയെ നേരിടുകയെന്ന വലിയ ഉത്തരവാദിത്തമാണ് ജാവിദിന് മുന്നിലുള്ളത്.