ന്യൂസ് ഡെസ്ക് മലയാളം യുകെ

തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 ശതമാനമായി നിലനിർത്തി. ഉയർന്ന തോതിൽ നിൽക്കുന്ന പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്താതിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എം പിസി ) ആറുപേർ പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ മൂന്ന് അംഗങ്ങൾ നിരക്ക് 5.5 % ഉയർത്തണമെന്ന അഭിപ്രായം രേഖപ്പെടുത്തി.

പലിശ നിരക്കുകൾ ഉയർത്തരുതെന്ന് വാദിച്ച അംഗങ്ങൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ മുൻകാല വർദ്ധനവ് പര്യാപ്തമാണെന്ന വാദമാണ് മുന്നോട്ട് വച്ചത്. ജോനാഥൻ ഹാസ്‌കെൽ, കാതറിൻ മാൻ, മേഗൻ ഗ്രീൻ എന്നിവരായിരുന്നു 5.5% വർധിപ്പിക്കണമെന്ന് ആവശ്യപെട്ട അംഗങ്ങൾ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി നിരക്കുകളിൽ മാറ്റം വേണ്ട എന്ന നിലപാട് എടുക്കുന്നവർക്ക് ഒപ്പമായിരുന്നു. ഈ വർഷം പണപ്പെരുപ്പം കുറയുന്നതിന് രാജ്യം ഒട്ടേറെ മുന്നോട്ട് പോയെങ്കിലും ഇനിയും ചില മാറ്റങ്ങൾ വരുത്താനുണ്ടെന്നാണ് പലിശ നിരക്കുകളെ കുറിച്ചുള്ള പ്രസ്താവന നടത്തുന്നതിനിടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ അഭിപ്രായപ്പെട്ടത്.


2008 നു ശേഷം മാറ്റമില്ലാതെ തുടരുന്ന ഏറ്റവും കൂടിയ പലിശ നിരക്കാണ് നിലവിലുള്ളത്. പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്നത് ജനങ്ങളുടെ ശേഷി കുറയുകയും പണപ്പെരുപ്പം കുറയുന്നതും ആണ് ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ പണപ്പെരുപ്പം 10 ശതമാനമായിരുന്നത് ഒക്ടോബറിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയുന്നതിനുള്ള നടപടികൾ ഫലപ്രാപ്തിയിൽ എത്തുന്നതിൽ രാജ്യം ഒരുപാട് മുന്നോട്ട് പോയതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു