കുത്തിയൊഴുകുന്ന നിളയിൽ കാണാതായ മകന്റെ തിരിച്ചുവരവിന് വേണ്ടി കണ്ണീരോടെ കാത്തിരുന്ന കുടുംബാംഗങ്ങളുടെ ഹൃദയം തകർത്ത് മൃതദേഹം കണ്ടെത്തി. യുവ ഡോക്ടർ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് നദിയിൽ നിന്നും നാലാംദിനം കണ്ടെത്തിയത്. നിളാ തീരത്ത് പ്രാർത്ഥനയോടെ കാത്തിരുന്ന അച്ഛൻ രാമകൃഷ്ണന് മരണവാർത്ത താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

ഞായറാഴ്ച ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ എംബിബിഎസ് വിദ്യാർത്ഥി അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ രാമകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയുടെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. എൽഐസി ഏജന്റായ രാമകൃഷ്ണനും കുടുംബവും മകൻ ഡോക്ടറായി കാണാൻ ഏറെ പ്രതീക്ഷയോടെയാണു കാത്തിരുന്നത്. പഠനം അവസാന വർഷത്തിലേക്ക് എത്തിയപ്പോൾ സ്വപ്നം യാഥാർഥ്യമാകുന്നത് തൊട്ടരികിലെത്തിയെന്ന് അവർ ആശ്വസിച്ചു.

മകൻ ഡോക്ടറായെത്തിയാൽ തന്റെ കഷ്ടപ്പാടെല്ലാം തീരുമെന്ന് രാമകൃഷ്ണൻ ഒരുപാട് പേരോട് പറയുകയും ചെയ്തിരുന്നു. ഇതിനായി കുടുംബം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും മകന്റെ പഠനം മുന്നോട്ട് കൊണ്ടുപോയി. പഠനത്തിൽ സമർഥനായ ഗൗതം കൃഷ്ണ തിരുവനന്തപുരം സൈനിക സ്‌കൂളിലാണു പഠിച്ചത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു എംബിബിഎസ് പഠനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോളേജ് കൗൺസിൽ ചെയർമാനായ ഗൗതം കൃഷ്ണ വോളിബോൾ താരവുമായിരുന്നു. യുവഡോക്ടറുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അമ്പലപ്പുഴയിലെ ഈ ഗ്രാമത്തിന്. അപകടമുണ്ടായ ദിവസംമുതൽ പ്രതീക്ഷയും പ്രാർഥനയുമായി നാട്ടുകാരും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. കോളേജിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മൃതദേഹവുമായി ആലപ്പുഴയിലേക്കു പുറപ്പെട്ടത്. രാത്രി വൈകി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.