കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.

ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.

ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.

പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.

ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.

പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.