ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഉടനീളം അഞ്ചാംപനി പടർന്നു പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വെസ്റ്റ് മിഡ്ലാൻഡിലും ലണ്ടനിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗം വന്നാൽ സുഖപ്പെടാൻ 7 മുതൽ 10 ദിവസം വരെ സമയമെടുക്കും.


രോഗിയുടെ ശ്വാസകോശം , തലച്ചോറ് പോലുള്ള ഭാഗങ്ങളിൽ രോഗബാധയുണ്ടായാൽ അഞ്ചാംപനി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും രോഗം പിടിപെട്ടാൽ സങ്കീർണ്ണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2000 -ത്തിനും 2002 -നും ഇടയിൽ 23 പേർ അഞ്ചാംപനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.


കടുത്ത പനിയും ചുമയും തുമ്മലും അഞ്ചാംപനിയുടെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ വ്രണങ്ങളും വായിക്കുള്ളിൽ വെളുത്ത പാടുകളും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. രോഗം ബാധിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ചെവിക്ക് പിന്നിലും ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും ചുവന്ന അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. നേരിയ രോഗലക്ഷണമുള്ളവർ ജി പി യെയോ ഹോസ്പിറ്റലിലോ സന്ദർശിക്കരുതെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. അതിനുപകരം അവർ 111ൽ വിളിച്ച് എൻഎച്ച്എസുമായി ബന്ധപ്പെടണം. അഞ്ചാം പനിയുടെ ലക്ഷണമുള്ളവർ നേഴ്സറി, സ്കൂൾ, യൂണിവേഴ്സിറ്റി മറ്റ് ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കണമെന്ന കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. എൻഎച്ച്എസ് വാക്സിനേഷന്റെ ഭാഗമായ പ്രതിരോധ മരുന്നിലൂടെ അഞ്ചാംപനിയെ തടയാൻ സാധിക്കും