ന്യൂസ് ഡെസ്ക്
ആധുനിക മാദ്ധ്യമ വാർത്തകളിൽ പിന്തുടരുന്ന തെറ്റായ പ്രവണതയ്ക്ക് എതിരെ വിമർശനവുമായി യുകെ മലയാളി. മതത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരത്തിനെതിരെയാണ് സ്റ്റീഫൻ കല്ലടയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിലൂടെ റേറ്റിംഗും ഹിറ്റും വർദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വത്തെ വില്പന ചരക്കാക്കുന്ന രീതി മാറണമെന്നാണ് അദ്ദേഹം കുറിച്ചത്.
സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സ്റ്റീഫൻ കല്ലടയിൽ ഇതിനു മുൻപും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അശുദ്ധ ആർത്തവം എന്ന പേരിൽ സ്റ്റീഫൻ രചിച്ച കവിത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ കവിത. യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സ്റ്റീഫൻ കല്ലടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഒരു വ്യക്തിയെ വിവരിച്ചു കാട്ടുവാനുള്ള മാർഗരേഖയായി ഏവരും ഇന്ന് കാണുന്നത് അവന്റെ മതവും ജാതിയും അല്ലെങ്കിൽ ആ വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളും ആണ്.
ഇരയോ കുറ്റവാളിയോ വിജയിയോ പരാജിതനോ ആരുമായിക്കോട്ടെ, അവൻ അല്ലെങ്കിൽ അവൾ അറിയപ്പെടുന്നത് മതത്തിന്റെയോ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിലായിരിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ചു, കോട്ടയത്ത് ബിജെപിക്കാരൻ കൊല്ലപ്പെട്ടു, രണ്ടു കോൺഗ്രസ്സുകാർ പിടിയിൽ, അല്ലെങ്കിൽ ആദിവാസി പെൺകുട്ടിക്ക് പദ്മശ്രീ ലഭിച്ചു.
ഇക്കൂട്ടർക്കൊന്നും സ്വന്തമായി ഒരു പേരോ, വ്യക്തിത്വമോ ഇല്ലാത്തവരായിരിക്കില്ല എങ്കിലും ഇവർ അറിയപ്പെടുന്നതു മേല്പറഞ്ഞ വിശേഷണങ്ങളാൽ ആയിരിക്കും.
ഇങ്ങനെയുള്ള വാർത്താ ശീർഷകങ്ങൾ കൊടുത്തു സാധാരണ ജനങ്ങളുടെ ലോലമനസ്സുകളിലേക്കു വെറുപ്പിൻ്റെയോ പ്രതികാരത്തിൻ്റെയോ അപകർഷതാ ബോധത്തിൻ്റെയോ വിഷം കുത്തിവെക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകർ തന്നെയാണ്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് അവയുടെ കമൻറ് ബോക്സുകൾ തെറിയുടെ പൂര പറമ്പുകൾ ആക്കിമാറ്റും, മരിച്ചുപോയ അപ്പനെയും അമ്മയെയും വരെ ഇവർ വിളിച്ചുണർത്തും,
സാക്ഷരതയുടെയും മത സൗഹാർദ്ദത്തിന്റെയും സംസ്കാരങ്ങളുടേയുമൊക്കെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സിലേക്ക് ബ്രേക്കിംഗ് ന്യൂസുകളിലൂടെ കലിപ്പിൻ്റെ വിത്തുപാകിയാലേ ഇത്തരക്കാർക്ക് നേട്ടമുണ്ടാകുകയുള്ളു, അവരുടെ ഹിറ്റും സർക്കുലേഷനും ഒക്കെ വർദ്ധിക്കൂ.
ഒരു മനുഷ്യനെ ആദ്യം ഒരു വ്യക്തിയായല്ലേ കാണേണ്ടത്, അതിനുശേഷമല്ലേ അവൻ്റെ വിശേഷണങ്ങളിലേക്കു ഇറങ്ങിച്ചെല്ലേണ്ടതായിട്ടുള്ളൂ. ഇവിടെ സിപിഎംകാരൻ പീഡിപ്പിച്ചു, കോൺഗ്രസുകാരൻ കൊന്നു, ബിജെപിക്കാരൻ അങ്ങനെ ചെയ്തു എന്ന് പറയുകയോ എഴുതുകയോ ചെയ്യുന്നതിന് മുൻപ് ആദ്യം ആവ്യക്തിയെ അല്ലേ വെളിപ്പെടുത്തേണ്ടത്? അതിനുശേഷമല്ലേ അവൻ്റെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്?
ഇത്തരുണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ വരെ, നമ്മളുടെ മനസ്സലിലേക്കു നമ്മൾ അറിയാതെ കടന്നുവരുന്ന വൈറസുകളെ നമ്മൾ തന്നെ നിയന്ത്രിക്കേണ്ടതായിരിക്കുന്നു”.
സ്റ്റീഫൻ കല്ലടയിൽ
Leave a Reply