ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ/ഇരിട്ടി ∙ യുകെയിൽ ചികിത്സയിലിരിക്കെ അന്തരിച്ച നാലുവയസ്സുകാരി ഹെലൻ റോസിന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. വൈറൽ രോഗബാധയെ തുടർന്ന് മസ്തിഷ്കത്തിൽ രക്തസ്രാവവും രക്തക്കുഴലുകളിൽ തടസ്സവും ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം–ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളാണ് ഹെലൻ റോസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഹെലന്റെ തലയിൽ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറൽ ബാധയെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നും മെഡിക്കൽ എക്സാമിനറുടെ കണ്ടെത്തൽ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നോർവിച്ചിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡൻബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി അടുത്തിടെയാണ് കുടുംബം യുകെയിലെത്തിയത്. ഹെലന്റെ വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്നും കുടുംബവൃത്തങ്ങൾ അറിയിച്ചു.