‘ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാന്‍ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’ ഇത് നടി മേഘ്‌ന രാജിന്റെ തീരാനൊമ്പരമാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

മേഘ്‌ന എട്ടു മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ ലോകത്തോട് വിടപറഞ്ഞത്. ശേഷം, മകന്‍ ജീവിതത്തിലേയ്ക്ക് കൂട്ടായി എത്തിയതോടെയാണ് മേഘ്‌ന രാജ് സങ്കട കടലില്‍ നിന്നും കരകയറി വന്നത്.

മേഘ്‌ന രാജിന്റെ വാക്കുകളിലേയ്ക്ക്;

‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായന്‍ വന്നത്. റായന്‍ രാജ് സര്‍ജ എന്നാണ് മോന്റെ മുഴുവന്‍ പേര്. രാജാവ് എന്നാണ് റായന്‍ എന്നതിനര്‍ഥം. ചിരു മരിക്കുമ്പോള്‍ ഞാന്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടില്‍ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ.

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യില്‍ വാങ്ങിയപ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞത്, ‘ആണ്‍കുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടര്‍ കുറച്ച് സസ്‌പെന്‍സ് ഇട്ടു. മോനെ ആദ്യമായി കയ്യില്‍ വാങ്ങിയ നിമിഷം ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയര്‍ ചിരു’ എന്ന് ആരാധകര്‍ പറയുന്നത് കേട്ടിരുന്നു’