ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന. ഒന്‍പതു വയസ്സുകാരനായ മകന്റെ ഭാവിയെ കരുതി ശിക്ഷാ ഇളവ് വേണമെന്ന് സോഫിയ കോടതിയില്‍ അപേക്ഷിച്ചു.ഇതിന് മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് അപേക്ഷ.
സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ സോഫിയയുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് സോഫിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദമുഖം ഉയര്‍ത്തിയത്. വിധി പ്രസ്താവിക്കുമ്പോൾ സോഫിയയുടെ പശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.
പഠനമികവും, തൊഴില്‍മേഖലയില്‍ മികച്ച മൂല്യങ്ങളും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സോഫിയ. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും സോഫിയയ്ക്കില്ല. സോഫിയ ഇപ്പോഴും ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും, കടുത്ത ശിക്ഷ വിധിച്ചാല്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സോഫിയയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ജസ്റ്റിന്‍ ഹാന്നര്‍ബറി ചൂണ്ടിക്കാട്ടി.
കൊലപാതകം നടന്ന വീട്
ഇപ്പോള്‍ കടുത്ത ശിക്ഷ വിധിച്ചാല്‍ ഒമ്പത് വയസുകാരനായ മകന് തിരികെ ഇന്ത്യയിലേക്ക് പോകേണ്ടി വന്നേക്കു. അക്കാര്യം കൂടി കോടതി പരിഗണിക്കണമെന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സോഫിയയ്ക്ക് ശിക്ഷ കുറച്ചു നല്‍കണം എന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അതേസമയം സോഫിയയുടെ അഭിഭാഷകന്റെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ടാണ് പ്രോസിക്യൂഷന്‍ സംസാരിച്ചത്. കൊല നടന്നത് മകന്‍ കിടന്ന കട്ടിലില്‍ എന്നാല്‍ കൊലപാതകം നടക്കുമ്പോൾ സോഫിയയ്ക്ക് മകന്റെ കാര്യത്തെക്കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കൊലപാതകത്തെക്കുറിച്ച് സോഫിയയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു എന്നതും, മകന്‍ കിടന്ന കട്ടിലില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സോഫിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കെറി ജഡ് വ്യക്തമാക്കി. എന്നാല്‍ ജീവപര്യന്തമല്ലാതെ മറ്റു കടുത്ത ശിക്ഷക്കായി പരിഗണിക്കേണ്ട കുറ്റകൃത്യമാണെന്ന് അവര്‍ വാദിച്ചു.
സാം ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടിനുള്ളില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്നും, ആറു വയസുള്ള മകന്‍ ഉണരുമ്ബോള്‍ തൊട്ടടുത്ത് അച്ഛന്‍ മരിച്ചു കിടക്കുന്നത് കാണുമെന്നും ഉള്ള കാര്യം പ്രതികള്‍ കണക്കിലെടുത്തില്ല. ഇതുവരെയും സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ രണ്ടു പ്രതികള്‍ക്കും പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സാമിന്റെ അച്ഛന്‍ സാമുവല്‍ എബ്രഹാം നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസിലെ രണ്ടാമത്തെ പ്രതിയായ അരുണ്‍ കമലാസനന്റെ ശിക്ഷയുടെ കാര്യത്തിലുള്ള വാദം അടുത്ത മാസം നടക്കും. ശിക്ഷ വിധിക്കുന്ന തീയതിയും കോടതി പിന്നീട് തീരുമാനിക്കും. സാം വധക്കേസില്‍ ജനുവരി 29 നു ആയിരുന്നു 14 അംഗ ജൂറിക്ക് മുന്നില്‍ അന്തിമ വിചാരണ തുടങ്ങിയത്. രണ്ടാഴ്ച നീണ്ട വിചാരണക്കൊടുവില്‍ പ്രതികളായ സോഫിയ സാമും അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് ജൂറി വിധിച്ചിരുന്നു.
പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13നാണ് ഒാസ്ട്രേലിയയിലെ മെൽബണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് ചോദിച്ചത്. സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്.
കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.
അതേ സമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു.
പിറ്റേന്നു രാവിലെ 9 മണിയോടെ ഉറക്കമുണര്‍ന്ന താൻ സാം അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതാണു കണ്ടതെന്നും സോഫിയയുടെ മൊഴിയിലുണ്ട്. പിന്നീട് 2016 ഓഗസ്റ്റ് 12നാണു സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും മെൽബൺ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ സോഫിയയും അരുണും ചേർന്ന് 2014 ജനുവരിയിൽ മെൽബൺ കോമൺവെൽത്ത് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഉൾപ്പെടെ ഒട്ടേറെ തെളിവുകളാണു പ്രോസിക്യൂട്ടർ 14 അംഗ ജൂറിക്കു മുൻപാകെ ഹാജരാക്കിയിരുന്നു.
അരുണിന്റെ പേരിലുള്ള മൊബൈൽ നമ്പർ സോഫിയ സ്ഥിരമായി ഉപയോഗിച്ചിരുന്നതിന്‍റെ രേഖകൾ, ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ, സാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാർ 2016 മാർച്ചിൽ, അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകൾ, സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകൾ , സംഭവദിവസം രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവുകൾ എന്നിവയും ഹാജരാക്കിയിരുന്നു.
സാമിനെ ഒഴിവാക്കി ഒരുമിച്ചു ജീവിക്കാന്‍ സോഫിയയും അരുണും ഗൂഢാലോചന നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പോലീസിനു ലഭിച്ച അജ്ഞാത ഫോണ്‍ കോളില്‍ നിന്നാണ് സാം എബ്രാഹമിന്റെ മരണം കൊലപാതാകമാണ് എന്നു തെളിഞ്ഞത്.
Leave a Reply