‘നിങ്ങൾ സമാധാനമായിട്ട് പ്രാർത്ഥിക്കൂ, പുറത്ത് ഞങ്ങൾ കാവലിരിപ്പുണ്ട്’ എന്ന കരുതലിന്റെ വില ഒരു ദുരന്തം നേരിട്ട് കഴിഞ്ഞ അരക്ഷിതരായ ജനതയ്ക്ക് മാത്രമേ ശരിക്ക് മനസിലാകൂ. കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനിടയ്ക്ക് ന്യൂസിലൻഡിലെ മുസ്ലീം പള്ളികളിൽ ഭീകരന്റെ വെടിയേറ്റ് മരിച്ചുവീണത് 50 പേരാണ്. ആ ഭീതി മാറുന്നതിന് മുൻപ് അടുത്ത വെള്ളിയാഴ്ച എത്താറായിരിക്കുന്നു. പള്ളികളില്‍ നമസ്കാരത്തിനെത്താൻ ന്യൂസിലൻഡിലെ സാധാരണ ഇസ്ലാം വിശ്വാസികൾ ഭയക്കുകയാണ്. “ധൈര്യമായി പള്ളിയിലേക്ക് പോകൂ, ഞങ്ങൾ സംരക്ഷിച്ചു കൊള്ളാം” എന്ന് പറഞ്ഞ് ന്യൂസിലൻഡിലെ ‘മോൺഗ്രെൽ മോബ്’ എന്ന തെരുവുകൂട്ടം വൈക്കാറ്റോയിലെയും ഹാമിൽട്ടണിലെയും മുസ്ലീങ്ങൾക്ക് നൽകുന്ന കരുത്ത് ചില്ലറയല്ല. ഈ ആഴ്ച ജുമാ നമസ്കാരത്തിനെത്തുന്ന ഭക്തർക്ക് പൂർണ്ണ സംരക്ഷണം നല്കാൻ വിവിധ മുസ്‌ലിം സംഘടനകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സമയത്താണ് മോൺഗ്രെൽ മോബിന്റെ വൈക്കറ്റോ ഘടകം ഞങ്ങളും നിങ്ങൾക്കൊപ്പം കൂടാം എന്ന് ഉറപ്പ് നൽകുന്നത്.

വൈക്കാറ്റോ മോൺഗ്രെൽ പ്രസിഡന്റ്റ് സോണി ഫത്തു ഹാമിൽട്ടണിലെ ജാമിയ മസ്ജിദ് സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മുസ്ലിം സംഘടനകൾ ഔദ്യോഗികമായി അറിയിച്ചു. വിവിധ ജാതികളിലും മതങ്ങളിലും വിശ്വസിക്കുന്ന സഹായ സന്നദ്ധരായ ആളുകൾക്കെല്ലാം ഇവരോടൊപ്പം ചേരാവുന്നതാണ്. മോൺഗ്രൽ തെരുവുകൂട്ടം മാത്രമല്ല കിങ്‌കോബ്ര, ബ്ലാക്ക് പവർ, മുതലായ തെരുവുക്കൂട്ടങ്ങളും മുസ്‌ലിം വിശ്വാസികൾക്ക് സംരക്ഷം ഉറപ്പ് വരുത്താൻ പള്ളികളിലെത്താനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന മോൺഗ്രൽ തെരുവുകൂട്ടം ന്യൂസിലാൻഡിൽ മാത്രമല്ല ആസ്ട്രേലിയയിലും സിഡ്‌നിയിലുമുള്ള ചില പ്രമുഖ മുസ്‌ലിം പള്ളികളിലും സംരക്ഷണം ഉറപ്പ് വരുത്തും.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ വെടിവെയ്പ്പ് നടത്തി 50 പേരെ കൊന്നൊടുക്കിയ ബ്രെണ്ടൻ റ്ററന്റ്റ് ആസ്‌ട്രേലിയ സ്വദേശിയാണ്. തീവ്ര വലതുപക്ഷ വെള്ള ഭീകരവാദ പ്രത്യയശാസ്ത്രമാണ് കുടിയേറ്റക്കാരായ മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഇയാളെ പ്രേരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അക്രമം കഴിഞ്ഞതോടെ മുസ്ലിം വിഭാഗത്തിനാകെയുണ്ടായ അരക്ഷിതാവസ്ഥകളിൽ നിന്ന് അവരെ ആശ്വസിപ്പിക്കുന്നതിന്റെയും ചേര്ത്തുപിടിക്കുന്നതിന്റെയും ഭാഗമായി കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് പാർലമെൻറ്റ് ആരംഭിച്ചത് തന്നെ ഖുർആൻ വചനങ്ങളോടെയാണ്. പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ‘അസ്സലാമു അലൈക്കും’ എന്ന ആശംസയോടെയാണ് തന്റെ സംസാരം ആരംഭിച്ചത്. കൊല്ലപ്പെട്ടവരുടെ മരണാന്തര ചടങ്ങുകൾക്ക് ഇവർ ഹിജാബ് ധരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു.

“മുസ്‌ലിം സഹോദരങ്ങൾക്ക് എപ്പോഴൊക്കെ ഞങ്ങളുടെ സേവനം ആവശ്യമുണ്ടോ, അപ്പോഴൊക്കെ ഞങ്ങൾ സഹായസന്നദ്ധരായിരിക്കും. ആയുധങ്ങളുമായിട്ടായിരിക്കില്ല ഞങ്ങൾ പള്ളികളിൽ കാവൽ നിൽക്കുന്നത്. അത്യധികം സമാധാനപരമായി ഞങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾക്കായി കാവൽ നിൽക്കും. ഇസ്ലാം ചേർത്തുനിർത്തലിന്റെ മതമാണ്. വിധി ന്യായങ്ങളോ വിചാരണയോ ഇല്ലാതെ ഒപ്പമുള്ളവനെ ചേർത്തുനിർത്തുന്ന ഇസ്ലാമിന്റെ മൂല്യങ്ങളോട് ഞങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമാണ്.” മോൺഗ്രെൽ തെരുവുകൂട്ടത്തിന്റെ പ്രസിഡന്റ്റ് സോണി ഫത്തു പറയുന്നു.

ന്യൂസിലാൻഡിൽ 1960 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു തെരുവ് കൂട്ടമാണ് മോൺഗ്രൽ മോബ്. വെല്ലിംഗ്ടണിൽ നിന്നും ഹാഡകെയിൽ നിന്നുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് ഈ കൂട്ടം രൂപം കൊള്ളുന്നത്. 2000 ആയപ്പോൾ അത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി.