കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ ലാത്തിചാര്‍ജ്ജ്. അഞ്ച് പേരെ കസ്റ്റഡിലെടുത്തു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി സമരാനുകൂലികള്‍. യാത്രക്കാരെ അസഭ്യ പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. ഉളിയിലാണ് വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്.