അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്‍ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
ഭാര്യമാരുടെ പീഡനം നേരിടുന്ന ഏതാനും പുരുഷന്മാര്‍ പരാതികളുമായി കോടതിയെ സമീപിച്ചിരുന്നു. കുടുംബ കോടതിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അത്തരം കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച ഏറ്റവും പുതിയ ചില പഠനങ്ങള്‍ പ്രകാരം ഏകദേശം 10 ശതമാനത്തോളം പുരുഷന്മാര്‍ക്ക് ഭാര്യമാരുടെ ശാരീരിക ഉപദ്രവങ്ങളും മര്‍ദനങ്ങളുമേല്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെയും അജ്മാനിലെയും കുടുംബ കോടതികളില്‍ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്തതതായി അഭിഭാഷകനായ ഹാതിം അല്‍ ശംസിയും അഭിപ്രായപ്പെട്ടു. ഭാര്യമാര്‍, സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവരില്‍ നിന്നെല്ലാം ഉപദ്രവങ്ങള്‍ നേരിടുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളില്‍ നിന്നുള്ള ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍ തുടങ്ങിയവ നേരിട്ട പുരുഷന്മാരുടെ കേസുകള്‍ കോടതികളിലും മറ്റ് സാമൂഹിക സംഘടനകളുടെ മുന്നിലും എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഭാര്യമാരില്‍ നിന്നുള്ള അസഭ്യവര്‍ഷവും ഭീഷണികളുടെ നേരിട്ടവരും അക്കൂട്ടത്തിലുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഭാര്യമാരില്‍ നിന്ന് ഉപദ്രവം നേരിടേണ്ടിവരുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല പ്രായത്തിലുള്ളവരും വിവിധ ജോലികള്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് ഇത്തരം പീഡനങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നവരാണ് പുരുഷന്മാരില്‍ അധികവും. പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന ധാരണയാണ് അതിന്റെ പ്രധാന കാരണം. ശാരീരിക ഉപദ്രവങ്ങള്‍ സംബന്ധിച്ച പരാതികള്‍ പ്രോസിക്യൂഷനും പൊലീസിനും ലഭിക്കാറുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിക്കുന്നതു പോലുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ അസഭ്യം പറയല്‍, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കല്‍ തുടങ്ങിയവയും ഭീഷണികളും നേരിടുന്നവരുണ്ട്.
അതേസമയം ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചുപോവുകയോ അല്ലെങ്കില്‍ കുടുംബത്തെ ശരിയായി സംരക്ഷിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് കേസുകളില്‍ പ്രതിയാക്കപ്പെട്ട ഭൂരിപക്ഷം സ്ത്രീകളും പറയാറുള്ളതെന്ന് അഭിഭാഷകര്‍ പറയുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റം കാണുമ്പോഴുള്ള ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതിയില്‍ പറഞ്ഞവരുമുണ്ടത്രെ. അതേസമയം വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 98 ശതമാനവും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കപ്പെടാറുണ്ടെന്ന് അജ്മാന്‍ കമ്യൂണിറ്റി പൊലീസ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.
Leave a Reply