ജോസഫ് ഇടിക്കുള
കാല്‍പന്തുകളിയില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ സൗന്ദര്യവും കരുത്തും ലോകത്തിന് കാട്ടിക്കൊടുത്ത് ലോക ഫുട്‌ബോള്‍ കീഴടക്കിയവരാണ് പെലെയും മറഡോണയുമൊക്കെ. ഇന്നും ലോക ഫുട്‌ബോളില്‍ പ്രൗഡിയോടെ നിലകൊള്ളുന്ന സമാനതകളില്ലാത്ത താരങ്ങളാണവര്‍. പക്ഷേ ലോക ഫുട്‌ബോളറുടെ പട്ടം നേടുന്നതില്‍ സാങ്കേതികത്വം എന്നും അവര്‍ക്ക് തടസ്സമായിരുന്നു. 1957ല്‍ ആരംഭിച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരവും 1991ല്‍ ആരംഭിച്ച ഫിഫാ വേള്‍ഡ് ഫുട്‌ബോളര്‍ പുരസ്‌ക്കാരവും സംയോജിപ്പിച്ച് 2010 മുതലാണ് ഫിഫാ ബാലോണ്‍ ഡിഓര്‍ ലോക ഫുഡ്‌ബോളിലെ സമുന്നത അവാര്‍ഡായി നല്കുവാന്‍ ആരംഭിച്ചത്.

കഴിഞ്ഞ മാസം സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ചാണ് 2015ലെ ഫിഫാ ബാലോണ്‍ ഡിഓര്‍ പ്രഖ്യാപിച്ചത്. ഫിഫാ അംഗരാജ്യങ്ങളിലെ ദേശീയ ടീമിന്റെ നായകന്‍മാരും, പരിശീലകരും, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വോട്ടെടുപ്പിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. മെസ്സി, നെയമര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരായിരുന്നു അവസാന പട്ടികയില്‍ ഇടംപിടിച്ച താരങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര താരത്തിന്റെ ഹാട്രിക് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അഞ്ചാംതവണയും കാല്‍പന്തുകളിയുടെ രാജകുമാരനായി മെസ്സി അവരോധിതനായത്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി നേടിയ അഞ്ചു കിരീടനേട്ടവും അര്‍ജന്റ്‌റീനായെ കോപ്പ അമേരിക്ക ഫൈനലില്‍ എത്തിച്ച മികവുമാണ് മെസ്സിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗോള്‍വേട്ടയില്‍ മുന്നിട്ട് നിന്നിട്ടും കിരീട നേട്ടങ്ങള്‍ ഇല്ലാത്തത് റയല്‍ മാഡ്രിഡ് താരം റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായി. അടിച്ച ഗോളുകളേക്കാള്‍ അടിപ്പിച്ച ഗോളുകളാണ് മെസ്സിയെ തുണച്ച ഏറ്റവും വലിയ ഘടകം.
മെസ്സി – നെയ്മര്‍ – സുവാരസ് എന്നീ ലോകോത്തര താരങ്ങള്‍ ബാഴ്‌സലോണയ്ക്കു വേണ്ടി ജേഴ്‌സി അണിയുമ്പോള്‍ ഇന്ന് ലോക ഫുട്‌ബോളിന് പകരം വെയ്ക്കുവാന്‍ മറ്റൊരു മുന്നേറ്റനിര ഇല്ലെന്നു തന്നെ സമ്മതിക്കേണ്ടിവരും. ഈ മൂവര്‍ കൂട്ടുകെട്ട് കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയ 121 ഗോളുകള്‍ ചിരവൈരികളായ റിയല്‍ മാഡ്രിന്റെ മൊത്തത്തില്‍ നേടിയ ഗോളിനേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യനിരയിലേയ്ക്ക് ഇറങ്ങിക്കളിച്ച മെസ്സി, തന്റെ കൂട്ടുകാരായ നെയ്മര്‍, സുവാരസ് എന്നിവര്‍ക്ക് ഗോളുകള്‍ അടിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി പ്ലേ മേയ്ക്കറുടെ റോളിലും തിളങ്ങി.

Neymar-Luis-Suarez-Lionel-Messi-Barcelona-2015-742x417

തന്ത്രങ്ങളും കരുത്തും ഒരുപോലെ സമന്വയിക്കുന്ന യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പിഴവുകളില്ലാത്ത ഡ്രിബിളിംഗ് പാടവും ക്ലോസ് ഫിനീഷിംഗും ആണ് മെസ്സി എന്ന താരത്തെ വ്യത്യസ്തനാക്കുന്നത്. മറഡോണയുടെ ശരീരപ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്ന മെസ്സിയുടെ കുറിയ ശരീരം ഗ്രൗണ്ടില്‍ മികച്ച ബാലന്‍സ് നിലനിര്‍ത്തുന്നതിനും അതിലൂടെ ഏതൊരു ശക്തമായ പ്രതിരോധ നിരയേയും കബളിപ്പിച്ചു മുന്നേറുന്നതിനും ഏറെ സഹായകരമാണ്. പതിമൂന്നാം വയസ്സില്‍ ലാ മാസിയാ ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേര്‍ന്ന് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ മെസ്സി പിന്നീട് ബാഴ്‌സലോണ എന്ന വമ്പന്‍ ക്ലബിനു വേണ്ടി ബൂട്ട് കെട്ടി ഫുട്‌ബോള്‍ ഗാലറികളെ ഇളക്കിമറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ ഇറങ്ങിക്കളിക്കുന്ന മെസ്സി, ഗോള്‍ അടിച്ചും അടിപ്പിച്ചും മുന്നേറുമ്പോള്‍തന്നെ കളിക്കളത്തിലെ ഏറ്റവും മാന്യനും സൗമ്യശീലനുമായ താരമായി അറിയപ്പെടുന്നു. കോര്‍ഡോബയ്‌ക്കെതിരേയുള്ള ഒരു മത്സരത്തില്‍ തനിക്ക് ഹാട്രിക് നേടാമായിരുന്ന ഒരു പെനാല്‍റ്റി കിക്ക് സഹതാരമായിരുന്ന നെയ്മര്‍ക്ക് നല്‍കിയത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അദ്ദേഹത്തോടുള്ള ആരാധന വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

അഞ്ചു വര്‍ഷം ലോക ഫുഡ്‌ബോളര്‍ ആയിട്ടും സ്വന്തം രാജ്യത്തിനു വേണ്ടി ഒരു ലോകകപ്പ് നേടി കൊടുക്കുകയെന്നുള്ള സ്വപനം മാത്രം ബാക്കിയായിനില്ക്കുന്നു. ലോകകപ്പ് നേടിക്കൊടുത്ത താരങ്ങള്‍ക്ക് മാത്രമേ ഇതിഹാസ താരങ്ങള്‍ എന്ന് അറിയപ്പെടാന്‍ അര്‍ഹതയുള്ളൂ എന്ന് മെസ്സിതന്നെ ഒരിക്കല്‍ പറയുകയുണ്ടായി. എങ്കിലും ബാഴ്‌സലോണയുടേയും അര്‍ജന്റ്‌റീനയുടെയും കുപ്പായങ്ങളില്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച കാല്‍പന്തുകളിയുടെ രാജകുമാരന്റെ ഈ നേട്ടം, ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളി ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്‌ളാദിക്കാന്‍ ഏറെ വക നല്കുന്നതാണ്.

idikkula

കായിക രംഗത്തെ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ജോസഫ് ഇടിക്കുള മലയാളം യുകെ സ്പോര്‍ട്സ് വിഭാഗം കൈകാര്യം ചെയ്യുന്നു. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജോസഫ് ഇടിക്കുള കായിക രംഗത്തെ സംബന്ധിച്ച് നാം അറിഞ്ഞിരികേണ്ട കാര്യങ്ങള്‍ ഇനി മുതല്‍ വായനക്കാരില്‍ എത്തിക്കുന്നതായിരിക്കും.