ലാ ലിഗയുടെ രാജാക്കൻമാരായി വീണ്ടും ബാഴ്സലോണ. ലവാന്തയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി കറ്റാലൻമാർ കിരീടം ചൂടി. എതിരാളികളില്ലാതെ മുന്നേറിയ ബാഴ്സ മൂന്നു മത്സരങ്ങൾ കൂടി അവശേഷിക്കെയാണ് 26 ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയ്ക്കു കിരീടം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം കളത്തിലെത്തിയ മെസി 62 ാം മിനിറ്റിൽ വലചലിപ്പിച്ചു. ബോക്സിൽ തന്നെ മാർക്ക് ചെയ്ത രണ്ട് ലവാന്ത ഡിഫണ്ടർമാരെയും ഗോളിയേയും പരാജയപ്പെടുത്തിയാണ് പന്ത് വലയിൽ നിക്ഷേപിച്ചത്. എന്നാൽ ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങൾ തുലച്ച ലവാന്തെ ബാഴ്സയുടെ ജയം അനായാസമാക്കുകയായിരുന്നു. ബാഴ്സയോടൊപ്പം മറ്റൊരു നാഴികക്കല്ലുകൂടി മെസി താണ്ടി.
ബാഴ്സയ്ക്കൊപ്പം ഏറ്റവും കൂടുതൽ ലാ ലിഗ കിരീടം നേടിയ താരമെന്ന റിക്കാർഡാണ് മെസി സ്വന്തമാക്കിയത്. ഒമ്പത് ലാ ലിഗ കിരീടം ചൂടിയ ആന്ദ്രേ ഇനിയേസ്റ്റയുടെ റിക്കാർഡ് മെസി മറികടന്നു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളും മെസിയുടെ പേരിലാണ്. ഈ സീസണിൽ ഇതുവരെ 34 ഗോളുകളാണ് മെസി നേടിയത്. മെസിക്കു പിന്നിൽ 21 ഗോളുമായി റയൽ മാഡ്രിഡിന്റെ കരിം ബെൻസേമയും ബാഴ്സയുടെ ലൂയി സുവാരസുമാണുള്ളത്. ഇതുവരെ 13 അസിസ്റ്റുകളും മെസി നടത്തിയിട്ടുണ്ട്. ഇക്കണക്കിലും മെസിയാണ് മുന്നിൽ. സെവിയ്യയുടെ പാബ്ലോ സരാബിയയും 13 അസിസ്റ്റുകൾ ചെയ്തിട്ടുണ്ട്.
Leave a Reply