കാലം..! അത് മനുഷ്യന് ഇന്നും പിടി കൊടുക്കാത്ത ഒരു പ്രഹേളികയാണ്.. ഒരിക്കലും മറക്കില്ലെന്ന് കരുതിയ ഓര്‍മ്മകളേയും എക്കാലവും വേട്ടയാടപ്പെടും എന്ന് കരുതുന്ന വേദനകളേയും നിഷ്പ്രയാസം തച്ചുടച്ച് കളയാന്‍ അതിന് കഴിയും.. ഹിറ്റ്ലറെ പോലെ മുസ്സോളിനിയെ പോലെ വിണ്ണില്‍ കണ്ണീര് വീഴ്ത്തിയ ഏകാധിപതികളായാലും ലിങ്കണെ പോലെ അംബേദ്ക്കറെ പോലെ മണ്ണില്‍ ചരിത്രം എഴുതിയവരായാലും ഇല്ലാതാക്കപ്പെടുന്നത് ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ടായിരിക്കും. മറ്റ് ചിലപ്പോള്‍ ഒരിക്കലും അതിജീവിക്കില്ലെന്ന് കരുതിയ ദുരന്തങ്ങളേയും ക്രൂരതകളേയും മനസ്സില്‍ നിന്ന് മായ്ച്ച് കൊണ്ടായിരിക്കും അത് നമ്മളോട് നീതി പുലര്‍ത്തുന്നത്. മായ്ച്ച് കളയാനും ഇല്ലാതാക്കാനുമുള്ള കാലത്തിന്റെ കലാവിരുതില്‍ പെട്ട് ഇല്ലാതായ ഒരുപാട് ജനവിഭാഗങ്ങള്‍ ഉണ്ട്, പക്ഷെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഈ ഭൂമുഖത്ത് നിലനിന്നതിന്റെ യാതൊരു തെളിവും ബാക്കി വെക്കാതെ കടന്ന് പോയ ഒരു ജനക്കൂട്ടം ഇവരെ പോലെ വേറെ ഉണ്ടാവില്ല.. അതെ, അവരാണ് റെനോക്കിലെ കോളനിക്കാര്‍..!!

Image result for renok Croatoan

തങ്ങളുടേത് അല്ലാത്ത ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനായി ഒരുകൂട്ടം ആളുകള്‍ യാത്രക്കിറങ്ങുക. എല്ലാവര്‍ക്കും ഇഷ്ട്ടമായ ഒരു സ്ഥലത്ത് തങ്ങളുടേതായ കോളനി സ്ഥാപിക്കുക. തുടര്‍ന്ന് ആ വാഗ്ദത്ത ദേശത്തിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിക്കാനും ആ സ്ഥലം മികച്ചതാക്കാന്‍ സഹായങ്ങള്‍ തേടിയും അവരുടെ നേതാവ് തന്നെ യാത്ര തിരിക്കുക. പല കാരണങ്ങളാല്‍ കൊണ്ടും തിരിച്ച് വരാനുള്ള സമയം അധികരിക്കുക, ഒടുവില്‍ പ്രതിബദ്ധങ്ങളെ എല്ലാം തരണം ചെയ്ത് നേതാവ് തിരിച്ച് വരുന്ന സമയം ആ കോളനിക്കാര്‍ ഒന്നടങ്കം അപ്രത്യക്ഷരാവുക.. അപസര്‍പക കഥകളെ പോലും വെല്ലുന്ന ഒരു കഥയാണ് ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്, ലോക ചരിത്രത്തില്‍ ഇന്നോളം പരിഹരിക്കപ്പെടാത്ത ഒരു നിഗൂഡമായ കാണാതാവലിന്റെ കഥ..!

Image result for renok Croatoan

യാത്രയുടെ തുടക്കം : മറ്റുള്ള രാജ്യങ്ങളില്‍ കടന്ന് ചെന്ന് തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പ്രൗഡിയുടെ ഭാഗമായി സാമ്രാജത്വ രാജ്യങ്ങള്‍ കണ്ട് തുടങ്ങിയിരുന്ന പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യ കാലത്തിലാണ് ഈ സംഭവവും നടക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടീഷ് സാമ്രാജ്യം അറിയപ്പെട്ടിരുന്നത് തന്നെ ലോകത്തെമ്പാടും അവര്‍ സ്ഥാപിച്ച അവരുടെ കോളനികളുടെ ബാഹുല്യം കാരണം തന്നെ ആയിരുന്നൂ. രാജ്യങ്ങള്‍ വെട്ടി പിടിക്കാനുള്ള ഈ ശ്രമം തുടങ്ങിയത് മുതല്‍ അവരുടെ നോട്ടപ്പുള്ളി ആയിരുന്നൂ അമേരിക്കന്‍ ഭൂഖണ്ഡം..

കൊളംബസ് കാല് കുത്തിയത് മുതല്‍ കണ്ണില്‍ പതിഞ്ഞിരുന്ന അമേരിക്കന്‍ ഭൂഖണ്ഡം ലക്ഷ്യമാക്കി ആദ്യമായി ബ്രിട്ടീഷുകാര്‍ എത്തുന്നത് 1585ല്‍ ആയിരുന്നൂ.. പ്രാദേശിക പ്രശ്നങ്ങള്‍ കാരണവും അത്യാവശ സാധനങ്ങളുടെ ലഭ്യത കുറവ് മൂലവും അന്ന് അവിടെ തമ്പടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് ജോണ്‍ വൈറ്റ് എന്ന നാവികന്റെ നേതൃത്വത്തില്‍ 115 പേര്‍ 1587ല്‍ കപ്പലേറിയപ്പോള്‍ അവര്‍ രണ്ടും കല്‍പ്പിച്ച് തന്നെ ആയിരുന്നൂ. ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്ന ഈ സംഘം നങ്കൂരമിടുന്നത് ഇന്നത്തെ നോര്‍ത്ത് കരോലിനയില്‍ ഉള്‍പ്പെടുന്ന റെനോക്ക് എന്ന ദ്വീപില്‍ ആയിരുന്നൂ.. നമ്മുടെ കഥ തുടങ്ങുന്നതും ആ ദ്വീപില്‍ നിന്നാണ്..!!

അമേരിക്ക പിടിച്ചടക്കാനുള്ള ബ്രിട്ടണിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സര്‍ വാള്‍ട്ടര്‍ റൈലേഗ് എന്ന ബ്രിട്ടീഷുകാരന്‍ ആയിരുന്നൂ.. ജോണ്‍ വൈറ്റിന്റെ റെനോക്ക് ദൗത്വത്തിന്റേയും സ്പോണ്‍സര്‍ അയാള്‍ തന്നെ ആയിരുന്നൂ.. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റേതാണെന്ന് മൂന്ന് കൊല്ലം വിശ്വാസിച്ച് നടന്ന ഒരു പ്രദേശത്തിനായി തന്റെ സമ്പാദ്യത്തിന്റെ സിംഹള ഭാഗവും ചിലവഴിക്കേണ്ടി വന്ന ഒരാളായിരുന്നൂ അദ്ധേഹം..!

ഇതിനിടെ രണ്ടാമത്തെ ദൗത്യവുമായി ദ്വീപിലെത്തിയ വൈറ്റിനാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ബ്രിട്ടന്റെ ആദ്യ കോളനി റെനോക്കില്‍ സ്ഥാപിക്കപ്പെട്ടു. തുടക്കത്തില്‍ അവിടുത്തെ പ്രാദേശിക ഗോത്രങ്ങളുമായി കുറച്ച് പ്രശ്നങ്ങള്‍
ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് തങ്ങളുടെ കോളനി സ്ഥാപിക്കാന്‍ വൈറ്റിന് സാധിച്ചൂ. ബ്രിട്ടണില്‍ നിന്ന് കൊണ്ട് വന്ന വസ്തുക്കള്‍ ഉപയോഗിച്ച് താമസിക്കാന്‍ ആവശ്യമായ വീടുകളും മറ്റ് ആവശ്യ സ്ഥലങ്ങളും അങ്ങിനെ റെനോക്കില്‍ നിര്‍മ്മിക്കപ്പെട്ടൂ. ഇതിനിടെ ദ്വീപിലേക്ക് വരുമ്പോള്‍ പൂര്‍ണ ഗര്‍ഭിണി ആയിരുന്ന വൈറ്റിന്റെ മകള്‍ ദ്വീപില്‍ വെച്ച് പ്രസവിച്ചൂ. വിര്‍ജിന ഡെയര്‍ എന്ന് പേരിട്ട് ദ്വീപില്‍ പിറന്ന ആദ്യ ഇംഗ്ലീഷുകാരിയുടെ ജനനം അവരെല്ലാം കൂടി ആഘോഷിച്ചൂ. കളിയും ചിരിയും ആഘോഷങ്ങളുമായി അവര്‍ ദ്വീപിലെ തങ്ങളുടെ ദിനങ്ങള്‍ സന്തോഷത്തിന്റേതാക്കി..

പ്രതിസദ്ധികളുടെ നാള്‍ വഴി : ഏതൊരു ആവാസ വ്യവസ്ഥയിലേക്കും ക്ഷണമില്ലാതെ കടന്ന് വരുന്ന പ്രതിയോഗികളോട് അവിടെ നിലനില്‍ക്കുന്നവര്‍ എതിരായി തന്നെയേ പ്രതികരിക്കാന്‍ സാധ്യതയുള്ളൂ. അത് ഒട്ടുമിക്ക എല്ലാ ജീവികളുടേയും ജൈവിക സ്വഭാവമാണ്.. നിലനില്‍പ്പിനായുള്ള ആ എതിര്‍പ്പ് റെനോക്കിലും ജോണ്‍വൈറ്റിന്റെ നേതൃത്വത്തില്‍ വന്നവര്‍ നേരിട്ടു. ദ്വീപിന്റെ മറുവശത്ത് സ്ഥിര താമസക്കാര്‍ ആക്കിയിരുന്ന തദ്ധേശീയരായ അമേരിക്കക്കാരില്‍ നിന്നായിരുന്നൂ പ്രധാനമായും ജോണ്‍ വൈറ്റ് ആക്രമണം നേരിട്ടിരുന്നത്.

തുടക്കത്തിലെ എതിര്‍പ്പുകള്‍ എല്ലാം ഒതുക്കി തങ്ങളുടെ കോളനി അവിടെ സ്ഥാപിക്കാന്‍ വൈറ്റിന് കഴിഞ്ഞൂ എങ്കിലും ആ പ്രദേശത്ത് നിലനില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി വരും എന്ന് വൈറ്റിന് മനസ്സിലായി. കൂടാതെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങള്‍ക്കും കൂടെ ദൗര്‍ലഭ്യം നേരിട്ടതോട് കൂടി വൈറ്റ് ഒരിക്കല്‍ കൂടി കടല്‍ താണ്ടാന്‍ തീരുമാനിച്ചൂ. തുടര്‍ന്ന് സ്വന്തം കുടുംബത്തേയും മറ്റ് കോളനി നിവാസികളേയും അവിടെ ഉപേക്ഷിച്ച് വൈറ്റിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ മാത്രം തിരിച്ച് മാതൃരാജ്യത്തിലേക്ക് തിരിക്കാന്‍ തീരുമാനം എടുക്കപ്പെടും. കോളനി നിവാസികള്‍ക്ക് വേണ്ടിയുള്ള അത്യാവശ വസ്തുക്കളും സുരക്ഷക്കായുള്ള മാര്‍ഗ്ഗങ്ങളും ലഭിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചെത്താന്‍ യാത്ര തിരിക്കുമ്പോള്‍ തന്നെ വൈറ്റ് നിശ്ചയിച്ചിരുന്നൂ, കാരണം ദിവസങ്ങള്‍ക്ക് മുന്നെ പിറന്ന തന്റെ പേരക്കുട്ടിയുടെ മുഖം വൈറ്റിന് അത്രയേല്‍ പ്രിയപ്പെട്ടതായി മാറിയിരുന്നൂ..

Image result for renok Croatoan

വഴി മുടക്കി യുദ്ധം : ജന്മനാട്ടില്‍ തിരിച്ചെത്തിയ വൈറ്റിനെ ഒരു ദുര്‍ഘടം കാത്തിരിക്കുന്നുണ്ടായിരുന്നൂ. അക്കാലത്ത് കോളനികള്‍ സ്ഥാപിക്കുന്നതില്‍ പരസ്പ്പരം പോരാടിയിരുന്ന വന്‍ ശക്തികള്‍ ആയിരുന്നൂ സ്പെയിനും ബ്രിട്ടണും.. കരുത്തേറിയ നാവിക സേനയുടെ പിന്‍ബലത്തില്‍ ലോകത്തെ ഭരിച്ചിരുന്ന രണ്ട് കൂട്ടരും ഏറ്റ് മുട്ടിയപ്പോള്‍ അത് വലിയ ഒരു നാവിക യുദ്ധമായി മാറി. ഏറെക്കാലത്തെ തയ്യാറെടുപ്പുകളോട് കൂടി ശക്തിയുറ്റ നാവിക പടയുമായി ആര്‍ത്തലച്ച് വന്ന സ്പാനിഷ് അര്‍മാഡയെ പിടിച്ച് കെട്ടാന്‍ ബ്രിട്ടന് തങ്ങളുടെ ആവനാഴിയിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കേണ്ടി വന്നൂ.. അതിനായി തങ്ങളുടെ പക്കലുള്ള അവസാന കപ്പലും ബ്രിട്ടണ്‍ സ്പാനിഷ് അര്‍മാഡക്കെതിരെ പ്രയോഗിക്കുമ്പോള്‍ അതിലൊന്ന് വൈറ്റ് തിരിച്ചെത്തിയ കപ്പലായിരുന്നൂ..!
തുല്ല്യ ശക്തികളുടെ പോരാട്ടം കണ്ട യുദ്ധം ഇരുഭാഗത്തും വരുത്തി വെച്ച നാശ നഷ്ട്ടങ്ങള്‍ അതി ഭീകരമായിരുന്നൂ. കടലോളങ്ങളില്‍ തീ പടര്‍ത്തിയ അതിഭീകരമായ ഈ നാവിക യുദ്ധം കഴിയുമ്പോള്‍ നീണ്ട മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നൂ..!

ഒടുവില്‍ മടക്കം : യുദ്ധാനന്തരം കപ്പല്‍ തിരിച്ച് കിട്ടിയ വൈറ്റ് അധികം വൈകാതെ തന്നെ റെനോക്കിലേക്ക് യാത്ര തിരിച്ചൂ. എത്രയും പെട്ടെന്ന് തന്റെ കോളനിയുടെ അവസ്ഥ അറിയാനുള്ള ആകാംശയും ഇന്നേരം മൂന്ന് വയസ്സ് കഴിഞ്ഞിട്ടുള്ള തന്റെ പേരക്കുട്ടിയെ കാണാനുള്ള ആഗ്രഹവും കൊണ്ട് ആ ഹൃദയം പതിവിലും ഏറെ തുടിച്ചിരുന്നൂ. കപ്പല്‍ നിറയെ തന്റെ കോളനിക്കാര്‍ക്കുള്ള ആവശ്യ വസ്തുക്കളും പേരക്കുഞ്ഞിനുള്ള സമ്മാനങ്ങളും കരുതാന്‍ അദ്ധേഹം മറന്നിരുന്നില്ല..

കാത്തിരുന്ന ദുരന്തം : തന്റെ വരവും കാത്ത് തീരത്ത് തന്റെ ജനങ്ങളുടെ കാത്തിരിപ്പും അവര്‍ തനിക്ക് നല്‍കാന്‍ പോകുന്ന സ്വീകരണവും പ്രതീക്ഷിച്ച് റെനോക്കില്‍ കാല് കുത്തിയ വൈറ്റിനെ കാത്തിരുന്നത് ഒരു ദുരന്തം ആയിരുന്നൂ. അവിടെ എത്തിയ അദ്ധേഹം ജനവാസമില്ലാത്ത ആ ദ്വീപ് കണ്ട് പരിഭ്രാന്തനായി. ആരേയും കാണാനില്ല എന്നതിനേക്കാള്‍ അദ്ധേഹത്തെ ഭയപ്പെടുത്തിയത് ഇത്രയും കാലം അവിടെ മനുഷ്യര്‍ ജീവിച്ചതിന്റെ യാതൊരു അടയാളവും ബാക്കിയില്ല എന്നത് തന്നെ ആയിരുന്നൂ.. പൊടി മൂടി കിടക്കുന്ന പ്രദേശങ്ങള്‍, ചിലന്തി വലകള്‍ കൊണ്ട് മൂടിയ ടെന്റുകള്‍, വന്യജീവികളുടെ അവശിഷ്ഠങ്ങള്‍ നിറഞ്ഞ ചുറ്റുപാടുകള്‍, ഇവയെല്ലാം അവിടെ മനുഷ്യവാസം ഉണ്ടായിട്ടേയില്ല എന്ന് ആരേയും വിശ്വാസിപ്പിക്കുന്ന രീതിയിലായിരുന്നൂ.

പരിഭ്രാന്തനായ വൈറ്റ് തന്റെ പ്രിയപ്പെട്ടവര്‍ക്കായി ആ ദ്വീപ് മുഴുവനും അലഞ്ഞുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടുങ്ങിയ മല നിരകളിലും ഗുഹാ മുഖങ്ങളിലും അങ്ങിനെ ആ ദ്വീപ് മുഴുവന്‍ അദ്ധേഹം തന്റെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും അദ്ധേഹത്തിനായി യാതൊന്നും അവിടെ ബാക്കി ഇല്ലായിരുന്നൂ.. പക്ഷെ അവിടെയുള്ള ഒരു മരം അദ്ധേഹത്തിനായി ഒരു കാര്യം കരുതി വെച്ചിട്ടുണ്ടായിരുന്നൂ.. കാലത്തിന്റെ കുത്തൊഴുക്കില്‍ മനസ്സിലെന്നും കരുതി വെക്കാനൊരു വാക്ക്.. ‘Croatoan’

ചുരുളഴിയാതെ അഭ്യൂഹങ്ങള്‍ : ചുരുളഴിയാതെ കാലയവനികളില്‍ മാഞ്ഞ് പോകുന്ന ഏത് സംഭവത്തിനും നിരവധി അഭ്യൂഹങ്ങള്‍ പടരുന്നത് സ്വാഭാവികം ആണല്ലോ. റെനോക്കിലെ സംഭവങ്ങളെ കുറിച്ചും അതുപോലെ നിരവധി അഭ്യൂഹങ്ങള്‍ അന്നത്തെ കാലത്ത് വരുക ഉണ്ടായി. ഏറ്റവും പ്രബലമായതിനെ കുറിച്ച് മാത്രം നമുക്ക് അറിയാം.

* Croatoan ഗോത്രം: അക്കാലത്ത് റെനോക്ക് ദ്വീപിലെ വടക്ക് പ്രദേശത്ത് താമസിച്ചിരുന്ന പ്രാദേശിക അമേരിക്കന്‍ ഗോത്രമായിരുന്നൂ ക്രൊയാട്ടന്‍ ഗോത്രം. ജോണ്‍ വൈറ്റും സംഘവും ആദ്യമായി അവിടെ കപ്പല്‍ ഇറങ്ങിയത് മുതല്‍ അവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നൂ. തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തങ്ങളെ തുരുത്താന്‍ വന്ന ശത്രുക്കള്‍ ആയിട്ടായിരുന്നൂ ഈ ഗോത്ര വിഭാഗക്കാര്‍ ജോണ്‍ വൈറ്റിന്റെ സംഘത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ വൈറ്റിന്റെ തിരിച്ച് പോക്കിന് ശേഷം കൂട്ടായ ആക്രമണത്തിലൂടെ സംഘാംഗങ്ങളെ മുഴുവനായി വധിച്ച് കളയുകയോ അതോ കീഴടങ്ങി മാപ്പ് പറഞ്ഞ വൈറ്റിന്റെ സംഘത്തെ അവരുടെ കൂടെ കൂട്ടുകയോ ചെയ്തിരിക്കാം എന്നാണ് പ്രബല അഭിപ്രായം..!
ഈ അഭിപ്രായത്തെ ഖണ്ഡിച്ചത് 2007ല്‍ നടത്തിയ ഒരു ജെനിറ്റിക് DNA ടെസ്റ്റ് ആയിരുന്നൂ. Croatoan ഗോത്രത്തിന്റെ പിന്‍തലമുറയില്‍ പെട്ടവരുടേയും അന്ന് അവിടെ കാണാതായവരുടെ പിന്‍തലമുറയേയും വെച്ച് ആയിരുന്നൂ ആ DNA ടെസ്റ്റ് നടത്തപ്പെട്ടത്. അതില്‍ രണ്ട് കൂട്ടരും തമ്മില്‍ യാതൊരു ബദ്ധവും ഇല്ലെന്നായിരുന്നൂ തെളിയിക്കപ്പെട്ടത്..

Image result for renok Croatoan

* സ്പാനിഷ് ആക്രമണം: ഗോത്ര വിഭാഗക്കാരുടെ ആക്രമണം ഭയന്ന് കോളനി നിവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തിരിച്ച് വരുന്ന വഴിയില്‍ നടുക്കടലില്‍ സ്പാനിഷ് നാവിക സേനയുടെ ആക്രമണത്തിനിരയായി എന്നുമാണ് മറ്റൊരു അഭ്യൂഹം. അക്കാലത്ത് ഇംഗ്ലീഷുകാരെ ബദ്ധ ശത്രുക്കളായി കരുതിയിരുന്ന സ്പാനിഷുകാരുടെ ആക്രമണത്തിനിരയായി കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും നടുക്കടലില്‍ വീണ് കൊല്ലപ്പെട്ടുമെന്നാണ് ഇത് പ്രചരിപ്പിക്കുന്നവര്‍ വിശ്വാസിക്കുന്നത്.

Image result for La Colonie Perdue de Roanoke

കാലം ചില സമയങ്ങളില്‍ അങ്ങിനെയാണ്, അതിന്റെ ക്രൂര കരങ്ങള്‍ നീട്ടി മണ്ണില്‍ വിജയക്കൊടി പാറിച്ചവരെ അടര്‍ത്തി മാറ്റും. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രിട്ടണിന്റെ ആദ്യ കോളനി സ്ഥാപിച്ചവര്‍ എന്ന പേരില്‍ അറിയപ്പെടേണ്ടി ഇരുന്ന ഒരു സംഘം ആളുകളെ ഇല്ലായ്മ ചെയ്ത് പിന്നെയും ഒഴുകിയതും കാലത്തിന്റെ ക്രൂര വിനോദങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ നില നിന്നതിന്റേയോ ഇല്ലായ്മ ചെയ്തതിന്റേയോ തെളിവുകള്‍ ഒന്നും തന്നെ ബാക്കി വെക്കാതെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഒരു ജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്ത ഈ സംഭവം ചരിത്രത്തില്‍ ഇന്നും നിഗൂഡത മാത്രം അവശേഷിപ്പിക്കുന്നൂ..!

കടപ്പാട് ; ബെന്യാമിൻ ബിൻ ആമിന