സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളോട് അകാരണമായി മോശം വാക്കുകള്‍ ഉപയോഗിച്ച് ചിലര്‍ കമന്റ് ചെയ്യുന്നത് പതിവാണ്. ഇതേ അനുഭവമാണ് കഴിഞ്ഞ ദിവസം ഗായകന്‍ എം ജി ശ്രീകുമാറിനുമുണ്ടായത്. ഈ സംഭവത്തെ കുറിച്ചു പറഞ്ഞ് വീണ്ടും പോസ്റ്റ് ചെയ്യാനൊന്നും ഗായകന്‍ നിന്നില്ല. അനാവശ്യം പറഞ്ഞയാളിന് ചുട്ട മറുപടി നല്‍കി എം ജി ശ്രീകുമാര്‍. ഇത്തരം കമന്റുകളുമായി വന്നാല്‍ തന്റെ പ്രതികരണം ഇങ്ങനെ തന്നെയാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നെ കളിയാക്കുന്ന ട്രോളുകളും മറ്റും ഒരുപാട് ആസ്വദിക്കാറുണ്ട്. അതെല്ലാം ഷെയര്‍ ചെയ്യാറുമുണ്ട്. അതൊക്കെ എനിക്കൊരുപാടിഷ്ടവുമാണ്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ല. ഞാന്‍ ഒരു ആനയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. അതിനു താഴെ തീര്‍ത്തും അസഭ്യമായ ഒരു കമന്റ് പറയേണ്ടതിന്റെ ആവശ്യമെന്തെന്ന് എനിക്കു മനസിലാകുന്നില്ല. എനിക്ക് നല്ല പ്രതികരണം മാത്രമാണ് ഇത്രയും നാള്‍ ആളുകളില്‍ നിന്ന് ഫെയ്‌സ്ബുക്ക് വഴി ലഭിച്ചിട്ടുളളത്. തിരിച്ചും അങ്ങനെ തന്നെ. ഇത്തരമൊരു സംഭവവും ആദ്യമാണ്. ഞാന്‍ നിയമ നടപടിയ്‌ക്കൊന്നും പോകാനില്ല. സ്വാഭാവികമായും ഒരു മനുഷ്യന്‍ പറയുന്ന മറുപടി നല്‍കി. അയാള്‍ക്ക് പിന്നെ തിരിച്ചൊന്നും പറയാനുമില്ല. ഇങ്ങനെയൊക്കെ ചെയ്താല്‍ എന്റെ പ്രതികരണം ഇങ്ങനെ തന്നെയാകും’, എം ജി ശ്രീകുമാര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ വളരെ സജീവമായ സെലിബ്രിറ്റികളിലൊരാളാണ് എം ജി ശ്രീകുമാര്‍. തന്റെ സംഗീത ജീവിതവുമായും കുടുംബവുമായും ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്നെ കളിയാക്കിക്കൊണ്ടെത്തുന്ന ട്രോളുകള്‍ പോലും അദ്ദേഹം ഷെയര്‍ ചെയ്യാറുണ്ട്.