വിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തിനാകമാനം മാതൃകയാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരമോന്നത സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളെ കാലാകാലങ്ങളായി ഭരണത്തില്‍ മാറി മാറി വരുന്ന കക്ഷികള്‍ സ്വന്തക്കാരെ തിരുകി കയറ്റുന്നതുമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യമായ മൂല്യചോര്‍ച്ചയാണ് സംഭവിക്കുന്നത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് എം ജി യൂണിവേഴ്‌സിറ്റി വി സി ഡോ. ബാബു സെബാസ്റ്റിയനെ വൈസ് ചാന്‍സലറാകാന്‍ അര്‍ഹമായ യോഗ്യതയില്ലാത്ത കാരണത്താല്‍ ഹൈക്കോടതി അയോഗ്യനാക്കിയത്. പത്തുവര്‍ഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് പാലാ സെന്റ് തോമസ് കോളേജിലെ മലയാളം വകുപ്പിലെ അധ്യാപകനായിരുന്ന ഡോ. ബാബു സെബാസ്റ്റിയന്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായത്.

  ലോക കൈയെഴുത്ത് മത്സരം; ക​ണ്ണൂ​ർ സ്വ​ദേ​ശി​നിക്ക്​ അംഗീകാരം

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ചയ്ക്ക് പ്രധാന കാരണം വൈസ് ചാന്‍സലര്‍ പദവി വിവധ ഘടക കക്ഷികള്‍ പങ്കിട്ടെടുക്കുന്നതാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ സാധാരണയായി കേരളാ കോണ്‍ഗ്രസ് നോമിനിയാണ് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറാകുന്നത്. കെ എം മാണിയുടെ ജീവചരിത്രമെഴുതിയ ഡോ. ബാബു സെബാസ്റ്റിയന്റെ വൈസ് ചാന്‍സലര്‍ പദവി നിയമനം നടന്ന കാലത്തു തന്നെ വിവാദമായതാണ്. അതാണ് ഇപ്പോള്‍ കോടതി ഇടപെടല്‍ മൂലം നഷ്ടമായത്. വി സി യെ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് സമിതി തന്നെ അസാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.