കില്‍ക്കെനി : ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോൾ മരണമടഞ്ഞു. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്.

മുമ്പ് അയര്‍ലണ്ടിലായിരുന്ന മിയാമോളെ തിരികെ കൊണ്ട് വരാനായി ‘അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുമ്പാണ് അപകടം സംഭവിച്ചത്..

മിയമോളോട് ഒപ്പമായിരുന്ന പിതാവ് , ജോമി, കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്.ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്നു മിയാമോള്‍.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.

കില്‍ക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ജോമി -ജിഷ ദമ്പതികളുടെ പ്രിയപ്പെട്ട മകളുടെ നിര്യാണവാര്‍ത്ത കില്‍ക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേര്‍ ജോമിയുടെ വസതിയില്‍ എത്തിയിരുന്നു.

അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി.മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ.

കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.

മിയാമോളുടെ മരണ വാര്‍ത്ത അറിഞ്ഞ് ‘അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി പൊന്നുമോളെ കണ്ടു.

ഇപ്പോള്‍ അയര്‍ലണ്ടിലുള്ള ജോമിയും,ഡോണും മറ്റന്നാള്‍ കേരളത്തിലേക്ക് പോകുന്നുണ്ട്.

സംസ്‌കാരം എപ്പോഴാണ് നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.

മിയാമോളുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.