ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ സാമൂഹിക പരിപാലന മേഖലയിൽ ജോലിക്കായി വിദേശത്ത് നിന്ന് നിയമിച്ച നേഴ്‌സുമാർ കടക്കെണിയിൽ. മാസങ്ങളോളം ശമ്പളമില്ലാതെ കുടുങ്ങിപ്പോയതിനെ തുടർന്ന് പലരും ആത്മഹത്യയുടെ വക്കിൽ ആണ്. അവർക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ വേതനമാണ് നൽകിയിരിക്കുന്നതെന്നും ചില കേസുകളിൽ അവരുടെ താമസവും തൊഴിൽ വ്യവസ്ഥകളും സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കെയർടെക് ഗ്രൂപ്പിന്റെ ഭാഗമായ കാംബിയൻ ചിൽഡ്രൻസ് സർവീസുകളിലെ 400 ഒഴിവുകൾ നികത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഏജൻസികൾ വഴിയാണ് ഇവരെ നിയമിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ജോലിയിൽ പ്രവേശിച്ച ആളുകൾ പറയുന്നത്. അവർ ഇന്ത്യ വിടുന്നതിന് മുമ്പ്, നേഴ്‌സുമാർക്ക് യുകെയിലെ 11-ാം ദിവസം മുതൽ ഇൻഡക്ഷനുകളും പരിശോധനകളും പൂർത്തിയാകുമ്പോൾ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഏജന്റുമാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ഡ്യൂട്ടി ഷിഫ്റ്റുകൾ ആരംഭിച്ചതിന് ശേഷം മാത്രമേ ശമ്പളം നൽകുകയുള്ളൂ എന്നാണ് ഇപ്പോൾ നേഴ്സുമാർക്ക് കിട്ടിയിരിക്കുന്ന വിവരം. നിലവിൽ ജോബ് വേക്കൻസിയുടെ കാര്യത്തിലും കുറവുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പലർക്കും ജോലി ലഭിക്കാൻ നാലുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും വന്നുചേർന്നിരുന്നു.

കാംബിയനിലെ ജോലിക്കാർക്ക് ദിവസം ചെല്ലുന്തോറും കടബാധ്യത വർധിച്ചു വരികയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരിൽ പലരും പണം കടം വാങ്ങുകയും വസ്തുക്കൾ വിറ്റുപെറുക്കിയുമാണ് യുകെയിൽ ജോലിക്കായി എത്തിയത്. വാഗ്ദാനം ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇവരുടെ ജീവിത സാഹചര്യം എന്ന് നിസംശയം പറയാം.