നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാലുണ്ടാകുന്ന പ്രതിന്ധികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പ്രധാന ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയമിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഹോം ഓഫീസ്, ഫോറിന്‍ ഓഫീസ്, ബ്രെക്‌സിറ്റ് പ്ലാനിംഗിന്റെ കേന്ദ്രമായ ക്യാബിനറ്റ് ഓഫീസ് തുടങ്ങി സുപ്രധാന മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയോഗിച്ചു. 14 പേരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ ഉദ്ധരിച്ച് ദി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍ ഫോഴ്‌സില്‍ നാല് പ്ലാനര്‍മാരെയും ഫോറിന്‍ ഓഫീസില്‍ മൂന്ന് പേരെയും ഫോറിന്‍ ഓഫീസില്‍ ആറ് പേരെയുമാണ് നിയമിച്ചിരിക്കുന്നത്.
അതിര്‍ത്തികളിലുണ്ടാകാനിടയുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള അനായാസ വ്യാപാര ബന്ധം ഇല്ലാതായാല്‍ ഡോവര്‍ പോലെയുള്ള തുറമുഖങ്ങളിലും അതിര്‍ത്തികളിലും വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ലോറികളുടെ വലിയ നിരതന്നെ രൂപപ്പെട്ടേക്കും. അതിനൊപ്പം ചരക്കുകള്‍ കെട്ടിക്കിടക്കാനുള്ള സാധ്യതയും ഏറെയാണ്. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഫെറികള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വകാര്യ കമ്പനിയുമായി 14 മില്യന്‍ പൗണ്ടിന്റെ കരാറില്‍ ഏര്‍പ്പെട്ടതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു കപ്പല്‍ പോലും സ്വന്തമായില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് വിമര്‍ശനം. ലോറികള്‍ അതിര്‍ത്തികളില്‍ കൂട്ടമായെത്തിയാലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഒരു റിഹേഴ്‌സല്‍ നടത്തിയിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ഒരു എയര്‍ഫീല്‍ഡില്‍ 150ഓളം ലോറികള്‍ ഉപയോഗിച്ച് ട്രയല്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ കെന്റിലെ മാന്‍സ്റ്റണില്‍ നടന്ന റിഹേഴ്‌സലില്‍ 89 ലോറികള്‍ മാത്രമേ പങ്കെടുത്തുള്ളു. ഈ റിഹേഴ്‌സല്‍ സമയം മെനക്കെടുത്തലാണെന്ന വിമര്‍ശനവുമായി ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ രംഗത്തെത്തുകയും ചെയ്തു. തയ്യാറെടുപ്പുകള്‍ വളരെ വൈകിയെന്നും അവ കുറഞ്ഞ തോതില്‍ മാത്രമേ നടത്തുന്നുള്ളുവെന്നും ഇവര്‍ പരാതിപ്പെടുന്നു.
Leave a Reply