ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നുമുതൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവന്നു. ഓവിൻ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ലണ്ടൻ മുതൽ ബ്രിസ്റ്റോൾ വരെ ശക്തമായി വീശിയടിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയുടെ ചില ഭാഗങ്ങളിൽ വളരെ ശക്തമായ കാറ്റിനുള്ള അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ന് വെള്ളിയാഴ്ചയും നാളെ ശനിയാഴ്ചയും യുകെയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വടക്കൻ അയർലൻഡ് മുഴുവനും, രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അയർലണ്ടിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 125 മൈൽ വരെ എത്തിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു . കടുത്ത അപകട സാധ്യത മുന്നിൽ കണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകി.
100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഓവിൻ മാറാനുള്ള സാധ്യതകളാണ് ഉള്ളത് എന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഓവിൻ കൊടുങ്കാറ്റിനെ തുടർന്ന് 4.5 ലക്ഷം ആളുകൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമായ രീതിയിൽ ഗതാഗത തടസ്സം ഉണ്ടായേക്കാമെന്ന ആശങ്കയും ശക്തമായുണ്ട്. വെറും ഒരു മാസം മുമ്പ് ക്രിസ്മസ് കാലത്ത് വീശിയടിച്ച ദറാഗ് കൊടുങ്കാറ്റ് ബ്രിട്ടനിലെ ജനജീവിതം താറുമാറാക്കിയിരുന്നു. അന്ന് വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് ലഭിച്ചിട്ടുണ്ട്.
Leave a Reply