ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഗ്രെന്‍ഫെല്‍ഡ് ടവറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയാണ് ടവറില്‍ തീ പടര്‍ന്നത്. അഗ്നിശമന സേന രാത്രി മുഴുവന്‍ പരിശ്രമിച്ചെങ്കിലും പകലോടെയാണ് വലിയതോതിലുണ്ടായിരുന്ന തീ അണയ്ക്കാന്‍ സാധിച്ചത്. 18 മണിക്കൂര്‍ പിന്നിട്ടതിനു ശേഷവും ചില മുറികളില്‍ തീയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12.50ഓടെയാണ് കെട്ടിടത്തില്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് വളരെ വേഗത്തില്‍ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു. 250ലേറെ അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. 65ലേറെ ആളുകളെ കെട്ടിടത്തില്‍ നിന്ന് രക്ഷിക്കാനും ഇവര്‍ക്ക് സാധിച്ചു. 68 പേരെ ആശുപത്രിയില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിച്ചപ്പോള്‍ 10 പേര്‍ സ്വയം ആശുപത്രികളില്‍ എത്തി. 12 പേര്‍ സംഭവത്തില്‍ മരിച്ചതായി മെട്രോപോളിറ്റന്‍ പോലീസ് ആണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

വര്‍ഷങ്ങളായി ലണ്ടന്‍ കാണാത്ത വിധത്തിലുള്ള തീപ്പിടിത്തമാണ് ഉണ്ടായത്. നൂറുകണക്കിന് ആളുകളാണ് തങ്ങളെ വിളിച്ചതെന്ന് മെറ്റ് പോലീസ് പറഞ്ഞു. 400 മുതല്‍ 600 ആളുകള്‍ വരെ ഈ ടവറില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 120 ഫ്‌ളാറ്റുകളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 0800 0961 233, 020 7158 0197 എന്നീ ഹോട്ട് ലൈന്‍ നമ്പറുകളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.