ന്യൂസ് ഡെസ്ക് മലയാളം യുകെ
യാത്രയും ഷോപ്പിങും പാർട്ടിയുമായി യുകെയിൽ എങ്ങും ക്രിസ്മസ് കാലത്തിന്റെ ആഘോഷങ്ങൾ ആണ് . ക്രിസ്മസിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി ഇറങ്ങുന്നത്. ഇതുമൂലം ഷോപ്പിംഗ് സെൻററുകൾ, ഫുട്ബോൾ വേദികൾ , റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ അഭൂതപൂർവ്വമായ തിരക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ .
ലണ്ടനിലെ ഹീത്രു എയർപോർട്ട്, മാഞ്ചസ്റ്ററിലെ ട്രാഫോർഡ് സെൻറർ എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിൽ കടുത്ത തിരക്ക് കാരണമുള്ള ട്രാഫിക് ജാമുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. ക്രിസ്മസിന് മുമ്പായുള്ള അവസാനവട്ട ഷോപ്പിങ്ങിനായി മിക്ക കുടുംബങ്ങളും യാത്ര ചെയ്യുന്നതും അവധിക്കാലം ആഘോഷിക്കാൻ പോകുന്നവരും കൂടി ആകുമ്പോൾ മിക്ക റോഡുകളിലും വാഹനപ്രളയമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെയാണ് മോശം കാലാവസ്ഥ മൂലമുണ്ടാകുന്ന യാത്രാ പ്രശ്നങ്ങൾ . ക്രിസ്മസ് രാവിൽ സ്കോട്ട് ലൻഡിൻ്റെ വടക്കുഭാഗത്തും ഇംഗ്ലണ്ടിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾക്കൊപ്പം പവർകട്ടുകളും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസ് ദിനങ്ങൾ യുകെയിൽ ഉടനീളം വ്യാപകമായി മഴയുണ്ടാകുമെന്ന അറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.
നീണ്ട ക്യൂവിൽ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് സാധ്യമെങ്കിൽ 11 മണിക്ക് മുമ്പോ അല്ലെങ്കിൽ വൈകിട്ട് ആറുമണിക്ക് ശേഷമോ വാഹനം ഓടിക്കാനാണ് ഡ്രൈവർമാർക്ക് ആർഎസിയിൽ നിന്ന് നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട് . ദീർഘദൂര യാത്ര ചെയ്യുന്നവർ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ട്രാഫിക് ബ്ലോക്കുകളിൽ പെടാനുള്ള സാധ്യത അനവധിയാണ്. ഗൂഗിൾ മാപ്പ് പോലുള്ള റൂട്ട് ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ ഇതിന് ഒരു പരുധിവരെ പരിഹാരം കണ്ടെത്താനാകും. നീണ്ട ട്രാഫിക് ബ്ലോക്കുകളെ കുറിച്ച് മുന്നറിയിപ്പ് നൽകാനും സാധ്യമായ മറ്റ് വഴികൾ നിർദ്ദേശിക്കാനും ഇത്തരം ആപ്ലിക്കേഷനുകൾക്ക് സാധിക്കും. എയർപോർട്ടിൽ പോകുന്നവർ തിരക്ക് മുൻകൂട്ടി കണ്ട് സമയം ക്രമീകരിക്കുന്നത് അവസാന നിമിഷ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകരമായിരിക്കും
Leave a Reply