ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ട്രെയിൻ കുറവ് പരിഹരിക്കുന്നതിനായി ഡ്രൈവർമാരുടെ ഏറ്റവും കുറഞ്ഞ പ്രായം 20 ൽ നിന്ന് 18 ആയി കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതായത് പുതിയ മാറ്റം അനുസരിച്ച്, സ്കൂൾ പഠനം പൂർത്തിയാക്കിയവർ ഉൾപ്പെടെയുള്ള യുവാക്കൾക്ക് ഡിസംബർ മുതൽ തന്നെ ഈ ജോലിക്കായി അപേക്ഷിക്കാൻ കഴിയും. ട്രെയിൻ സർവീസുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനോടൊപ്പം കൗമാരക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ, ഡ്രൈവർമാരുടെ അഭാവം മൂലം പല ട്രെയിൻ സർവീസുകളും തലേദിവസം രാത്രിയിൽ റദ്ധാക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ സുഗമമായ നടത്തിപ്പിന് ഡ്രൈവർമാർ പലപ്പോഴും അധിക ഷിഫ്റ്റ് ജോലി ചെയ്യേണ്ടതായും വരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈവിധ്യമാർന്ന തൊഴിൽ ശക്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ ഡ്രൈവർ റിക്രൂട്ട്‌മെന്റ് പ്രായം 18 ആയി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം. നിലവിൽ, മിക്ക ഡ്രൈവർമാരും വെളുത്ത വംശജരായ മധ്യവയസ്‌കരായ പുരുഷന്മാരാണ്. ഇവരുടെ ശരാശരി പ്രായം 48 വയസാണ്. ന്യൂനപക്ഷ വംശീയ പശ്ചാത്തലത്തിൽ നിന്നുള്ളവരും സ്ത്രീകളും വളരെ കുറവാണ്.

നിലവിലുള്ള ഡ്രൈവർമാരിൽ വലിയൊരു വിഭാഗം – ഏകദേശം 25% മുതൽ 30% വരെ – അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു അവസ്ഥയിൽ ഇത്തരം ഒരു മാറ്റം അനിവാര്യമാണ്. ചെറുപ്പക്കാരെ ജോലിയിൽ ചേരാൻ അനുവദിക്കുന്നതിലൂടെ, ജീവനക്കാരുടെ എണ്ണത്തിൽ വരാനിരിക്കുന്ന വലിയൊരു വിടവ് നികത്താൻ സാധിക്കും. ട്രെയിൻ ഡ്രൈവർമാരുടെ പ്രായപരിധി കുറയ്ക്കുന്നത് യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടർ പറഞ്ഞു. ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിലൂടെ കാലതാമസവും റദ്ദാക്കലും തടയാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.