ലണ്ടന്‍: 999 എമര്‍ജന്‍സി കോളുകളില്‍ പോലീസ് പ്രതികരണം വൈകുന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം പോലെയുള്ള സംഭവങ്ങളില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുരുതരമായ പല കുറ്റകൃത്യങ്ങള്‍ക്കും ഇരയായിട്ടുള്ളവര്‍ പോലീസെത്താന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി അറിയിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളില്‍ 25 ശതമാനത്തിനും ജോലിത്തിരക്ക് മൂലം പലയിടങ്ങളിലും എത്താനാകാത്ത അവസ്ഥയാണെന്നാണ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി പറയുന്നത്. ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്ന് വ്യക്തമായ മാനദണ്ഡങ്ങളുള്ള ചില കേസുകളില്‍ പോലും പോലീസ് എത്തുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് വാര്‍ഷിക റിവ്യൂ വ്യക്തമാക്കുന്നു.

ആവശ്യം വര്‍ദ്ധിക്കുന്നത് പോലീസ് സേനകള്‍ക്കും മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് പോലീസ് ചീഫുമാരും പറയുന്നു. പോലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള സുരക്ഷ നല്‍കുന്നുണ്ടെന്നുമാണ് ഹേര്‍ മജെസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി ആന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് (എച്ച്എംഐസിഎഫ്ആര്‍എസ്) വാര്‍ഷിക വിലയിരുത്തലില്‍ പറയുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇരകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

60 മിനിറ്റിനുള്ളില്‍ നടപടി വേണമെന്ന് വിലയിരുത്തപ്പെടുന്ന ആയിരക്കണക്കിന് 999 കോളുകളില്‍ മണിക്കൂറുകളോളം പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ചിലപ്പോള്‍ ദിവസങ്ങളോളം ഇതിനായി വേണ്ടി വരുന്നു. ഓഫീസര്‍മാരുടെ അഭാവം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേംബ്രിഡ്ജ്ഷയറില്‍ 999 കോളുകളോട് പ്രതികരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആവശ്യമായി വന്നത് ശരാശരി 15 മണിക്കൂറുകളാണ്. ഇത് ഇരകളാക്കപ്പെടുന്നവരുടെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.