ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നഗ്നചിത്രങ്ങളോ വീഡിയോകളോ ഇന്റർനെറ്റിൽ നിന്ന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ ടൂൾ വഴി ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാനാകും. ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനിൽ നിന്നും ചൈൽഡ് ലൈനിൽ നിന്നുമുള്ള ഈ സേവനം കൗമാരക്കാരായ ചെറുപ്പക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഐ‌ഡബ്ല്യു‌എഫ് ചിത്രങ്ങൾ പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തുകയാണെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യും. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കംചെയ്യാൻ ഐഡബ്ല്യുഎഫ് പ്രവർത്തിക്കുന്നു. ഒരാൾ നഗ്നചിത്രങ്ങളോ വീഡിയോകളോ ഓൺലൈനിൽ പോസ്റ്റുചെയ്യാൻ നിരവധി കാരണങ്ങളുണ്ടെന്ന് ചാരിറ്റി പറയുന്നു. ചിലർ വിനോദത്തിനായി ചിത്രങ്ങൾ അയച്ചിരിക്കാം. അല്ലെങ്കിൽ കാമുകന്റെയോ കാമുകിയുടെയോ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കാം.

സമീപ വർഷങ്ങളിൽ, കുട്ടികൾ തന്നെ സൃഷ്ടിച്ച ഇത്തരത്തിലുള്ള കൂടുതൽ ചിത്രങ്ങൾ ഓൺ‌ലൈനിൽ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഐ‌ഡബ്ല്യു‌എഫ് അറിയിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ, 38,000 ചിത്രങ്ങൾ റിപ്പോർട്ടുചെയ്‌തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഇത്. എന്നാൽ ഇപ്പോൾ ചൈൽഡ് ലൈൻ വെബ്സൈറ്റിലെ റിപ്പോർട്ട്‌ റിമൂവ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ സാധിക്കും.

ഈ ടൂൾ ലോകത്ത് ആദ്യം ആണെന്നും പുതിയ ഉപകരണം യുവജനങ്ങൾക്ക് ശക്തിയും ആത്മവിശ്വാസവും നൽകുമെന്നും ചിത്രങ്ങൾ‌ വീണ്ടെടുക്കാനും ഓൺ‌ലൈനിൽ തെറ്റായ കരങ്ങളിൽ‌ വീഴുന്നില്ലെന്ന് ഉറപ്പുവരുത്താനും ഈ ടൂൾ സഹായിക്കുമെന്ന് ഐ‌ഡബ്ല്യു‌എഫ് മേധാവി സൂസി ഹാർ‌ഗ്രീവ്സ് പറഞ്ഞു. പല കുട്ടികളും വളരെയധികം ആശങ്കാകുലരാണെന്നും പിന്തുണ നേടാൻ അവർക്ക് സാധിക്കുന്നില്ലെന്നും ചൈൽഡ് ലൈൻ പറഞ്ഞു. ചൈൽഡ്‌ ലൈനുമായി ബന്ധപ്പെട്ട് 14 വയസുള്ള ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇപ്രകാരം ആയിരുന്നു; “എന്തുചെയ്യണമെന്ന് എനിക്കറിയില്ല. കാരണം ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് തുടരുന്നു. ഒരു സുഹൃത്താണെന്ന് കരുതിയ ഒരാളുമായി ഞാൻ നഗ്നചിത്രങ്ങൾ പങ്കിട്ടതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചത്. പക്ഷേ അത് ഒരു വ്യാജ അക്കൗണ്ടായിരുന്നു. എനിക്ക് നിരാശ തോന്നുന്നു. അത് എങ്ങനെ നിർത്തണമെന്ന് എനിക്കറിയില്ല.” ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന നിരവധി കുട്ടികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൂൾ ഒരുക്കിയിരിക്കുന്നത്.