മദ്യനയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഐടി പാർക്കുകളിൽ മദ്യം വിറ്റ് ബാറുടമകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി പണപ്പിരിവ് എന്നാണ് സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണ് കെപിസിസി അധ്യക്ഷൻ ഉന്നയിക്കുന്നത്. ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടുണ്ട്- മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങും.
ബാറുകാരെ സർക്കാർ സഹായിച്ചിട്ടുണ്ടോ?
ബാറുകാരെ സർക്കാരിന് ഏറ്റവുമധികം സഹായിക്കാനാവുക ലൈസൻസ് ഫീസിന്റെ കാര്യത്തിലാണ്. 2016ൽ 23 ലക്ഷം ആയിരുന്നു ലൈസൻസ് ഫീസ്. 2011-16ലെ യുഡിഎഫ് സർക്കാർ കാലത്ത് ലൈസൻസ് ഫീസ് ഒരു ലക്ഷം മാത്രമാണ് കൂട്ടിയത്. ഇപ്പോൾ ലൈസൻസ് ഫീസ് 35 ലക്ഷമാണ്. 8 വർഷത്തിനിടെ 12 ലക്ഷത്തിന്റെ, അതായത് അൻപത് ശതമാനത്തിലേറെ വർധനവ്. കഴിഞ്ഞ മദ്യനയത്തിൽ മാത്രം 5 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ഇത്രയുമേറെ ഫീസ് കൂട്ടിയ സർക്കാർ ബാറുടമകളെ സഹായിക്കുന്നുവെന്ന് എങ്ങനെ ആരോപിക്കും?
കുറ്റകരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ യു ഡി എഫ് കാലത്ത് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എൽ ഡി എഫ് സർക്കാർ അത് ലൈസൻസ് റദ്ദാക്കലും പിഴയുമായി മാറ്റി. പിഴ യു ഡി എഫ് കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂട്ടി. ഈ സർക്കാർ അത് വീണ്ടും ഇരട്ടിയാക്കി വർധിപ്പിച്ചു. ആദ്യം സസ്‌പെൻഷൻ, അതുകഴിഞ്ഞ് പിഴ. സസ്‌പെൻഷൻ ഇല്ലാതെ വാങ്ങിയ പിഴയുടെ ഇരട്ടിയാണ് സസ്പെൻഷന് ശേഷമുള്ള പിഴ.
ഈ സർക്കാർ എക്സൈസ് പരിശോധന എല്ലായിടത്തും കർശനമാക്കി. നിയമലംഘനങ്ങൾ കണ്ടാൽ കർശനമായ നടപടികളും സ്വീകരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 52 കേസുകളാണ് ഇങ്ങനെ എടുത്തത്, ഇതിൽ 32 ബാറുകളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ട് ബാറുകൾ നിർത്തലാക്കിയിട്ടുമുണ്ട്.
ബിവറേജസ് ഔട്ട് ലെറ്റുകളുടെ എണ്ണം, കള്ള് വ്യവസായത്തിന്റെ പ്രോത്സാഹനം തുടങ്ങിയ എല്ലാ വിഷയത്തിലും ബാറുടമകളുടെ താൽപര്യത്തിന് സർക്കാർ നിന്നുകൊടുത്തിട്ടില്ല എന്ന് ആർക്കും മനസ്സിലാകും. കേരളത്തെ മദ്യത്തിൽ മുക്കുന്നുവെന്ന ആരോപണം ബാറുകളും ബെവ്കോ ഔട്ട്ലറ്റുകളും പൂട്ടി മദ്യ നിരോധനം നടപ്പിലാക്കി എന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2012-13ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപ്പന 244.33 ലക്ഷം കെയ്സായിരുന്നു. 2022-23ൽ ഇത് 224.34 ലക്ഷം കെയ്സായി കുറയുകയാണ് ഉണ്ടായത്. 10 വർഷം വ്യത്യാസത്തിൽ രണ്ട് സാമ്പത്തിക വർഷത്തെ താരതമ്യമെടുത്താൽ കുറവ് 19.99 ലക്ഷം കെയ്സിന്റേത്, അഥവാ 8.1 ശതമാനത്തിന്‍റേത്.
സർക്കാരിന്റെ വരുമാനത്തിൽ മദ്യവരുമാനത്തിന്റെ പങ്ക് കുറയുകയാണെന്നും കണക്കുകള്‍ പരിശോധിച്ചാൽ വ്യക്തമാവും. 2012-13ൽ എക്സൈസ് തീരുവയും വിൽപ്പന നികുതിയും ഉള്‍പ്പെടെ മദ്യത്തിൽ നിന്നുള്ള വരുമാനം ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022-23 എത്തുമ്പോള്‍ ഇത് 13.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. 10 വർഷം കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ 4.8 ശതമാനം കുറവാണുണ്ടായത്. സംസ്ഥാനത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചല്ല എന്ന് ചുരുക്കം.
പ്രതിപക്ഷ ആരോപണങ്ങള്‍
1. ഐടി പാർക്കുകളിൽ മദ്യം വിറ്റ് ബാറുടമകള്‍ക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് പണപ്പിരിവ് എന്നാണ് സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ് കെ പി സി സി അധ്യക്ഷൻ. പ്രതിപക്ഷ നേതാവ് പോലും ഇത് രണ്ടും തമ്മിൽ ബന്ധമില്ല എന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. ഐ ടി പാർക്കുകളിലെ മദ്യ വിതരണവും ബാറുകളും തമ്മിൽ എന്ത് ബന്ധമാണുള്ളത്?
ഐടി പാർക്കിലെ മദ്യം സംബന്ധിച്ച് രണ്ടുവർഷം മുൻപ് മദ്യനയത്തിൽ പ്രഖ്യാപിച്ചതാണ്. ഇതുസംബന്ധിച്ചും തെറ്റായ വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. നിയമസഭാ സമിതി ഇപ്പോൾ ചേർന്നു അനുമതി നൽകി എന്ന നിലയിലാണ് വാർത്തകൾ. പെരുമാറ്റ ചട്ടം നിലനിൽക്കെ ഇത്തരം യോഗങ്ങൾ കൂടാനാവില്ല എന്നും തീരുമാനം എടുക്കാനാവില്ല എന്നും എങ്കിലും ആലോചിക്കേണ്ടതല്ലേ? ഇതുസംബന്ധിച്ച് ഇന്നലെ മന്ത്രിതല സമിതി ചേർന്നു എന്ന വ്യാജവാർത്ത വ്യാപകമായി പ്രചരിച്ചില്ലേ? സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോഴും ഈ വിഷയത്തിലെ തുടർനടപടികൾ. നിലവിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചേ അല്ല ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ധാരണകളും എന്ന കാര്യം മാത്രം സൂചിപ്പിക്കട്ടെ.
2. ടേൺ ഓവർ ടാക്സുമായി ബന്ധപ്പെട്ട് സർക്കാർ ബാറുടമകളെ സഹായിക്കുന്നുവെന്നാണ് തുടർച്ചയായി പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പരിശോധന നടത്തുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. ഈ കഴിഞ്ഞ മാർച്ച് മാസം മാത്രം ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളിൽ 3.05 കോടിയുടെ ടേൺ ഓവർ ടാക്സ് തട്ടിപ്പാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പരിശോധന ശക്തവും കൃത്യവുമായി നടക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് ഉറപ്പാക്കുന്നുണ്ട്. ടേൺ ഓവർ ടാക്സ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റിൽ എല്ലാ വിഭാഗത്തിനും ആംനെസ്റ്റി കൊടുത്തപ്പോഴും, ബാറുടമകള്‍ക്ക് സർക്കാർ ഇളവ് നൽകിയില്ല. പകരം നികുതി കുടിശികയുള്ള ബാറുടമകൾക്ക് എതിരെ ജപ്തി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുമുണ്ട്.
ഈ വർഷത്തെ മദ്യനയത്തെക്കുറിച്ചുള്ള ആലോചനകൾ പോലും സർക്കാർ ആരംഭിച്ചിട്ടില്ല. ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ചർച്ചകളെല്ലാം. എല്ലാ വർഷവും മദ്യനയ ചർച്ചകളിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾ ഉയർത്തിവിടുന്ന വിഷയമാണ്, ഡ്രൈഡേ പിൻവലിക്കാൻ പോകുന്നു എന്നത്. കഴിഞ്ഞ മദ്യനയം പ്രഖ്യാപിക്കുന്ന അന്നുപോലും ഡ്രൈഡേ പിൻവലിക്കാൻ പോകുന്നു എന്ന വാർത്ത കൊടുത്തിരുന്നല്ലോ. എന്നാൽ വസ്തുത എല്ലാവർക്കും അറിയാമല്ലോ? സ്ഥിരമായി ഇത്തരം വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നതാണെന്ന് ചുരുക്കം.
മദ്യനയം ബാറുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. കഴിഞ്ഞ മദ്യനയം പരിശോധിച്ചുനോക്കൂ. ബാർ വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളേക്കാൾ കൂടുതൽ മറ്റ് കാര്യങ്ങളാണ് നയത്തിലുള്ളത്. കള്ള് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. ഇത് ഒന്നും മനസിലാക്കാതെയാണ് ഈ പ്രചാരണം.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് ബാറുകൾ പൂട്ടുമ്പോൾ ഉണ്ടായിരുന്നത് 728 ബാറുകളായിരുന്നു. ഇതോടൊപ്പം 78 ബെവ്‌കോ ഔട്ട്ലെറ്റുകൾ കൂടി പൂട്ടി. എൽ ഡി എഫ് സർക്കാർ ശാസ്ത്രീയമായ പഠനം നടത്തിയാണ് ബാറുകൾ തുറന്നത്. ഇതോടൊപ്പം ഔട്ലെറ്റുകളും അനുവദിച്ചു. ഓരോ ലൈസൻസ് അപേക്ഷയിലും കൃത്യമായി ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ ഇപ്പോൾ അപേക്ഷ മുന്നോട്ട് നീക്കാൻ പോലും കഴിയുകയുള്ളൂ. എല്ലാ മാനദണ്ഡങ്ങളും പാലിക്കാത്ത ഒരു മദ്യശാലയ്ക്കും അനുമതി നൽകിയിട്ടില്ല.
മുൻ വർഷങ്ങളിലെ മദ്യനയത്തിൽ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളാണ് ഇക്കഴിഞ്ഞ വർഷം നടത്തിയത്. രണ്ട് ആഴ്ചയായി മാധ്യമങ്ങളിൽ മദ്യനയത്തെ സംബന്ധിച്ച് എത്രയേറെ വ്യാജവാർത്തകളാണ് വന്നതെന്ന് നോക്കൂ. സെപ്റ്റംബർ മുതൽ റെസ്റ്റോറന്റുകളിലും മദ്യം വിളമ്പും, ബാറുകളിൽ കള്ള് വിൽക്കും എന്ന വാർത്ത പല പ്രധാന പത്രങ്ങളും നൽകി. എന്താണ് വസ്തുത? ടൂറിസം മേഖലയിലെ റെസ്റ്റോറന്റുകൾക്ക് ടൂറിസം സീസണിൽ മാത്രം ബാർ ലൈസൻസ് എടുക്കാൻ കഴിഞ്ഞ മദ്യനയത്തിൽ സൗകര്യം ഏർപ്പെടുത്തി. ഇതിനുള്ള ചട്ടങ്ങൾ മാസങ്ങൾക്ക് മുൻപേ നിലവിൽ വന്നു. സംസ്ഥാനത്ത് എങ്ങും റസ്റ്റോറന്റുകളിൽ മദ്യം വിളമ്പുമോ? ഇല്ല. മദ്യം വിളമ്പുന്ന ഇടത്ത് വർഷം മുഴുവനുമുണ്ടോ? ഇല്ല. ഇനി ഈ സൗകര്യം ഉപയോഗിച്ച് എത്രപേർ ലൈസൻസ് എടുത്തു ? ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല. കാരണം സീസൺ ആകുമ്പോഴേ ആവശ്യമുള്ളൂ. ഒരാൾ പോലും ലൈസൻസ് എടുത്തിട്ടില്ലാത്ത കാര്യത്തെക്കുറിച്ചാണ് ഈ പ്രചാരണം. ഇനി ടൂറിസം മേഖലയിലെ റസ്റ്റോറന്റുകൾക്ക് മദ്യം വിളമ്പാനുള്ള സൗകര്യം ഈ വർഷമുള്ളത് ആണോ? അല്ല, വർഷങ്ങളായി ഈ സൗകര്യമുണ്ട്.
വർഷം മുഴുവനുള്ള ലൈസൻസ് ആണ് കൊടുത്തിരുന്നത്. ഓരോരോ സീസണുകളിലേക്ക് ആവശ്യത്തിന് അനുസരിച്ച് ചുരുക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഇതൊന്നും മനസിലാക്കാതെ വാർത്ത ചമയ്ക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്. ബാറുകളിൽ കള്ള് വിതരണം ചെയ്യാൻ തീരുമാനിച്ചോ? ത്രീ സ്റ്റാർ ബാറിന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ അതാത് പറമ്പിലെ തെങ്ങ് ചെത്തി, അവിടെ താമസിക്കുന്നവർക്ക് കൊടുക്കാനുള്ള സൗകര്യമാണ് കഴിഞ്ഞ മദ്യനയത്തിൽ രൂപകൽപ്പന ചെയ്തത്. ഇത് കള്ളിനെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമാണ്. ബാറിൽ കള്ള് വിൽക്കുന്നു എന്ന് ചിത്രീകരിച്ചത് ഇതിനെയാണ്. ഈ ആവശ്യത്തിനായി പ്രത്യേകം അപേക്ഷ നൽകണം. ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും, ഇതുവരെ ഒരൊറ്റ അപേക്ഷയും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് തുടർനടപടി സർക്കാർ സ്വീകരിക്കും.
Leave a Reply