റോഡില്‍ പരുക്കേറ്റ് കിടന്നയാളെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ചാക്കയില്‍ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് അതുവഴിയെത്തിയ മന്ത്രി അടിയന്തിര സഹായം ലഭ്യമാക്കിയത്.
വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.ദേശീയപാതയില്‍ ചാക്കയില്‍ അജ്ഞാത വാഹനം തട്ടി റോഡില്‍ കിടന്ന മധ്യവയസ്‌കനാണ് മന്ത്രി രക്ഷകനായത്. അപകടം കണ്ട് മന്ത്രിയുടെ വാഹന വ്യൂഹം നിര്‍ത്തി.
ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് മന്ത്രി ഈ കാഴ്ച കണ്ടത്. സാരമായ പരുക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മധ്യവയസ്‌കന്‍. ഉടന്‍ വാഹനം നിര്‍ത്തി ഒപ്പം ഉണ്ടായിരുന്ന പോലീസ് കാറില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന വാഹനത്തിലാണ് പരിക്കേറ്റയാളെ കൊണ്ടുപോയത്.
ഇയാളെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിയുടെ രക്ഷാ പ്രവര്‍ത്തന വീഡിയോയില്‍ ‘നീല ബലേനോ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയി’ എന്ന് പറയുന്നത് കേള്‍ക്കാം. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തിടുക്കത്തില്‍ മന്ത്രി സ്റ്റാഫിനോട് ദേഷ്യപ്പെടുകയും ചെയ്തു.
‘വണ്ടി വേഗം എടുക്കാന്‍ പറ, അയാളെന്താ കളിക്കുന്നേ. വണ്ടി റിവേഴ്സെടുക്കാന്‍ പറ.’ പരുക്കേറ്റ ആളുടെ സമീപത്ത് ചെന്ന് ആശ്വസിപ്പിക്കാനും മന്ത്രി ശ്രമിച്ചു, ‘ഒന്നും പേടിക്കേണ്ട. സെയ്ഫാണ്. കണ്ണാടിയൊന്നും നോക്കണ്ടാ,’ മന്ത്രി റിയാസ് പറഞ്ഞു. പരുക്കേറ്റയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.
Leave a Reply