ന്യൂസ് ഡെസ്ക്, മലയാളം യുകെ
അന്താരാഷ്ട്രതലത്തിൽ സഹായം വെട്ടിക്കുറക്കുന്നതിനുള്ള കെയർ സ്റ്റാർമാറിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്റർനാഷണൽ ഡെവലപ്മെൻറ് മിനിസ്റ്റർ ആനെലീസ് ഡോഡ്സ് രാജിവെച്ചു. പ്രതിരോധ ചിലവുകൾ വർധിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര തലത്തിൽ സഹായം നൽകുന്നതിനുള്ള ബഡ്ജറ്റ് വെട്ടികുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങൾക്ക് സഹായം നൽകുന്ന നടപടികളിൽ നിന്ന് യുകെ പിൻവാങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർദ്ധിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഉക്രയിനുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി തിരിച്ചെത്തി മണിക്കൂറുകൾക്ക് അകമാണ് ആനെലീസ് ഡോഡ്സ് രാജിവെച്ചത്. അന്താരാഷ്ട്ര തലത്തിൽ സഹായം വെട്ടികുറയ്ക്കുന്നത് യുകെയുടെ ദേശീയ താൽപര്യങ്ങൾക്ക് വിഘാതമാകുമെന്ന് രാജിവച്ച മന്ത്രിയുടെ ആരോപണം പ്രധാനമന്ത്രിക്ക് കടുത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. ചിലവ് വെട്ടി കുറയ്ക്കാനുള്ള തീരുമാനം ഗാസ, സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളെ പിൻതുണയ്ക്കാനുള്ള കെയർ സ്റ്റാർമറിൻ്റെ പ്രതിബന്ധതയ്ക്കും തിരിച്ചടിയാകും.
കുറഞ്ഞ ബഡ്ജറ്റ് കൊണ്ട് ഉക്രയിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് അസാധ്യമാണെന്ന് ആനെലീസ് ഡോഡ്സ് പ്രവചിച്ചു. 2027 ഓടെ ഈ ബഡ്ജറ്റിൽ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധ ചിലവ് വർദ്ധിപ്പിക്കുന്നതിനുള്ള സ്റ്റാർമറിന്റെ തീരുമാനത്തെ പടിയിറങ്ങിയ മന്ത്രി പിൻതാങ്ങി. റഷ്യയുടെ ഉക്രയിൻ അധിനിവേശത്തിനു ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളാണ് ഇതിനു പ്രധാന കാരണം. ആനെലീസ് ഡോഡ്സ് രാജി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ സ്റ്റാർമർ മന്ത്രിയെ പ്രശംസിച്ചുവെങ്കിലും സഹായ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള തൻ്റെ തീരുമാനത്തെ ന്യായീകരിച്ചു
Leave a Reply