ഡോ. ഐഷ വി

കൂട്ടുകാരാരോ കാണിച്ചു തന്നത് പ്രകാരം നഞ്ചും പത്തലിന്റെ ( ജെട്രോഫിയ) കറയിൽ നിന്നാണ് ഞങ്ങൾ കുട്ടികൾ കുമിളകൾ ഉണ്ടാക്കാൻ തുടങ്ങിയത്. കുമിളകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുമ്പോൾ വർണ്ണരാജി വിരിയും. മഴക്കാലമല്ലെങ്കിലും കുഞ്ഞു മഴവില്ലുകൾ ഞങ്ങൾ ആസ്വദിക്കും. എങ്ങനെയാണ് കുമിളകൾ ഉണ്ടാക്കുകയെന്നല്ലേ ? കുരുമുളകിന് താങ്ങ് കാലായി നട്ടിരുന്ന പത്തൽ ചിരവത്തോട്ടത്തും ചിറക്കര ത്താഴത്തും ധാരാളമുണ്ടായിരുന്നു. ഇതിന്റെ കായ വിഷമുള്ളതാണ്. ഇതിന്റെ വിത്താട്ടിയെടുക്കുന്ന എണ്ണ റെയിൽവേ എഞ്ചിൻ ഓയിലായി ഉപയോഗിക്കാറുണ്ട്.
ഞങ്ങൾ ഈ പത്തലിന്റെ അഗ്രമുകളങ്ങൾ നുള്ളും. തുടർന്ന് മുറി ഭാഗത്തു കൂടി ഊറി വരുന്ന കറ ഒരു വട്ടയിലയിലോ മറ്റിലകളിലോ ശേഖരിക്കും. പിന്നെ പപ്പായത്തണ്ടോ സ്ട്രോയോ ഉപയോഗിച്ച് ഒരറ്റം കറയിൽ മുക്കി മറ്റേയറ്റം വായിൽ വച്ച് അല്പമൊന്ന് വലിക്കും. പിന്നെ തണ്ട് കറയിൽ നിന്നും ഉയർത്തി ഊതി വിടും. അയൽപക്കത്തെ കുട്ടികളും ഞങ്ങളും കൂടി ഈ പരിപാടി തുടങ്ങിയാൽ പിന്നെ കുമിളകളുടെ അയ്യര് കളി തന്നെ. ചിലപ്പോൾ അമ്മ തുണി അലക്കാനായി സർഫ് വെള്ളത്തിൽ കലക്കുമ്പോൾ ആ വെള്ളത്തിലാകും പപ്പായ ത്തണ്ടു കൊണ്ടുള്ള കുമിള പരിപാടി.

കുട്ടിക്കാലം മുതലേ എനിക്ക് എന്റേതായ ചില ഏകാന്ത നിമിഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതിർന്നവർ തിരക്കുള്ളവരും കുട്ടികൾ ധാരാളം സമയമുള്ളവരും ആയിരുന്നല്ലോ. അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാൻ ആകാശ കുമിളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കുമിളകൾ നേരത്തേ പറഞ്ഞ കൃത്രിമ കുമിളകൾ അല്ല. നല്ല പ്രകാശമുള്ള അന്തരീക്ഷത്തിൽ വൃക്ഷങ്ങളുടേയും ചെടികളുടേയും പശ്ചാത്തലമില്ലാത്ത നമ്മുടെ കണ്ണിന് നേർക്ക് അടുത്തായി വരുന്ന സുതാര്യമായ അന്തരീക്ഷ ഭാഗത്ത് സൂക്ഷ്മമായി ശ്രദ്ധയോടെ നിരീക്ഷിച്ചാൽ വായുവിലെ തന്മാത്രകളും ആറ്റങ്ങളുമൊക്കെ നഗ്‌ന നേത്രങ്ങൾക്ക് ഗോചരമാകുമെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആറ്റങ്ങളെ കുറിച്ചോ തന്മാത്രകളെ കുറിച്ചോ പഠിക്കുന്നതിന് വളരെ മുമ്പ്. ഞാൻ അച്ഛനോട് ഇതേ പറ്റി ചോദിച്ചപ്പോൾ പൊടിപടലങ്ങൾ ആകുമെന്നായിരുന്നു അച്ഛന്റെ മറുപടി. വെറുo പൊടിപടലമല്ല അവ എന്നതായിരുന്നു എന്റെ നിഗമനം. കാരണം സാധാരണ പൊടിപടലങ്ങൾക്ക് നിയതമായ രൂപം കാണില്ലല്ലോ? ഞാൻ കണ്ടവയെല്ലാം ചെറിയവയിൽ തന്നെ വലുതും ചെറുതുമായ സുതാര്യമായ ഗോളാകൃതിയുള്ളവയായിരുന്നു. ഈ ഗോളങ്ങൾ നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ നേത്രങ്ങൾക്ക് ഇത് ഗോചരമായ ദിവസം മുതൽ ഏകാന്ത നിമിഷങ്ങൾ കണ്ടെത്തി ഇവയെ നിരീക്ഷിയ്ക്കുക എന്റെ വിനോദമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഫിസിക്സ് ക്ലാസ്സിൽ റാന്റം മൂവ്മെന്റ് ഉള്ള വാതക കണങ്ങളെ കുറിച്ചും അവയുടെ റൂട്ട് മീൻ സ്ക്വയർ വെലോസിറ്റിയെ കുറിച്ചും പഠിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ നഗ്നനേത്രം കൊണ്ട് നിരീക്ഷിച്ച കണങ്ങളെ കുറിച്ചും അവയുടെ വലുപ്പ ചെറുപ്പങ്ങളെ കുറിച്ചും ചലനത്തെ കുറിച്ചുമാണ് ഓർമ്മ വന്നത്.

മറ്റൊരു കാഴ്ച നമ്മൾ ആകാശത്തിൽ ഇത്തിരി ദൂരത്തേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ കാണുന്ന സൂക്ഷ്മ കണങ്ങളാണ്. ഇത് നേരത്തേ വിവരിച്ച കുമിളകളേക്കാൾ വ്യത്യസ്ഥമായവയാണ്. അവയും കാണണമെങ്കിൽ വൃക്ഷങ്ങളുടെ പശ്ചാത്തലമില്ലാത്ത സ്ഥലത്തേയ്ക്ക് നല്ല പ്രകാശത്തിൽ സൂക്ഷ്മതയോടെ നോക്കണം. ഈ കാഴ്ച എനിക്ക് ഗോചരമായത് മുതിർന്നതിന് ശേഷമാണ്. പ്രത്യേകിച്ച് കാർത്തിക പള്ളിയിൽ നിന്ന് ചിറക്കരയിലെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ. ഞാനാദ്യം വിചാരിച്ചത് ഈ കണങ്ങൾ അന്തരീക്ഷത്തിൽ ഉള്ളവയാണെന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല എന്ന് വേഗം മനസ്സിലായി. ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഈ കാഴ്ച എന്റെ ഒപ്പം ഉണ്ടായിരുന്നു. കണങ്ങൾ പല ആകൃതിയിലുള്ളവയായിരുന്നു. ചലനമുണ്ടായിരുന്നു. എന്നാൽ ഞാൻ ഏത് ഭാഗത്തേയ്ക്ക് നോക്കുന്നുവോ ആ ഭാഗത്തേയ്ക്ക് ഈ കണങ്ങൾ നീങ്ങുന്നതായി എനിക്ക് തോന്നി. അങ്ങനെ ഈ കാഴ്ച പുറത്തല്ല അകത്താണ് എന്ന് മനസ്സിലായി. അങ്ങനെ ദിവസവും നിരീക്ഷിച്ചപ്പോൾ യാത്രയിൽ മറ്റെല്ലാ പുറംകാഴ്ചകളെയും പിന്നിലാക്കി മുന്നേറുമ്പോൾ എന്റെ കൂടെ വരുന്ന ഈ കുമിള കാഴ്ച എന്റെ കണ്ണിനുള്ളിലെ കണങ്ങളാണെന്ന് എനിക്ക് തോന്നിയത്. ഇന്റർനെറ്റും മറ്റുമുള്ള കാലമായതിനാൽ എനിക്ക് ഇതേകുറിച്ച് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞു. അപ്പോൾ നമ്മുടെ കണ്ണിനുള്ളിലെ രക്തകുഴലുകളുടേയും രക്താണുക്കളുടേയും നിഴലുകൾ റെറ്റിനയിൽ പതിയുമെന്നും ഇവ ഇത്തരം കാഴ്ചകളായി മാറാമെന്നും മനസ്സിലായി.

ഒത്തിരി ഉൾകാഴ്ചകളും പുറം കാഴ്ചകളും നമുക്ക് അനുഭവവേദ്യമാകാൻ ഇത്തിരി ഏകാന്തതയും നമുക്ക് ആവശ്യമാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.