കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. പിറവം ഇലഞ്ഞി സ്വദേശി മിഷേൽ ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ബന്ധുക്കൾ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്. സംഭവ ദിവസം കലൂർ പള്ളിയിൽ പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതാകുന്നത്. അന്ന് കലൂർ പള്ളിയിൽ പോയ മിഷേൽ ഇവിടെ നിന്ന് പുറത്തിറങ്ങിയതിന് തെളിവുണ്ട്. പിറ്റേന്ന് വൈകിട്ട് ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിൻറെ മൃതദേഹം കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. പെൺകുട്ടി കലൂർ പള്ളിയിൽ പോയി മടങ്ങുന്നതിൻറെ ദൃശ്യങ്ങൾ ബന്ധുക്കൾ ശേഖരിച്ചിരിന്നു.

പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ഈ ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ല. മാത്രമല്ല ദൃശ്യങ്ങളിൽ കാണുന്ന പോലെ ബൈക്കിലെത്തിയ ഇവർ മിഷേലിനെത്തിരഞ്ഞാണോ എത്തിയത് എന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.അതുകൊണ്ട് തന്നെ മിഷേൽ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

മിഷേൽ വെള്ളത്തിൽ വീണ് മരിച്ചതിൻറെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു. കാണാതായതിന് പിറ്റേന്ന് തിങ്കളാഴ്ച ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു

എന്നാൽ പെൺകുട്ടിയുടെ ഫോൺ കലൂർ സ്വച്ചോഫായത് കലൂരിലെ മൊബൈൽ ടവറിൻറെ പരിധിയിലാണെന്നും ഇതിൽ അവസാനം വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.