കൊച്ചി: ഒരു വര്‍ഷം മുമ്പ് കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി പിറവം പെരിയപ്പുറം സ്വദേശി എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് നിയമസാധ്യത തേടി. മകളുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ഷാജിയും ബന്ധുക്കളും.മിഷേലിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന ബന്ധുക്കള്‍ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് ഷാജി പറയുന്നു. മിഷേലിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള വ്യഗ്രത തുടക്കം മുതലേ അന്വേഷണ സംഘത്തിനുണ്ടായിരുന്നതായി ഷാജി ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 5 ന് എറണാകുളം കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നും വൈകിട്ട് മിഷേലിനെ കാണാതാവുകയും പിറ്റേന്ന് വൈകിട്ട് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തുകയുമായിരുന്നു. മകളെ കാണാതായതു മുതല്‍ മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മണിക്കൂറുകളില്‍ നടന്ന കാര്യങ്ങളാണു വെളിച്ചത്തു വരേണ്ടതെന്നു പിതാവ് ഷാജി പറയുന്നു. കൊച്ചി കായലില്‍ 22 മണിക്കൂര്‍ മൃതദേഹം കിടന്നതായാണു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മൃതദേഹത്തില്‍ യാതൊരുവിധ തകരാറും സംഭവിക്കാത്തതു മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഷാജി ചൂണ്ടിക്കാട്ടുന്നു.
22 മണിക്കൂറിലധികം സമയം വെള്ളത്തില്‍ കിടന്നിട്ടും തകരാര്‍ സംഭവിക്കാത്ത ഒരു മൃതദേഹമെങ്കിലുമുണ്ടോയെന്നു തങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഷാജി പറയുന്നു. മിഷേലിന്റെ ജഡം കായല്‍ കരയിലെടുത്തുവച്ചപ്പോള്‍ മൃതദേഹത്തിന്റെ വയറ്റില്‍ പോലും വെള്ളം നിറഞ്ഞ് വീര്‍ത്തിട്ടില്ലായിരുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ സമയം വെള്ളത്തില്‍ കിടക്കുന്ന മൃതശരീരം കടല്‍ ജീവികളുടെ ആക്രമണത്തിനു ഇരയാവാറുള്ളതായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നുണ്ട്. കൊച്ചി കായലില്‍ പല രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്ന മത്സ്യതൊഴിലാളികളുടെ അനുഭവജ്ഞാനം അന്വേഷണ സംഘം ഉപയോഗിക്കാത്തത് വലിയ വീഴ്ചയായി മാറിയെന്നും ഷാജിക്ക് ആക്ഷേപമുണ്ട്.
മിഷേലിന്റെ മൃതദേഹം കായലില്‍ നിന്നും കിട്ടിയതു മുതല്‍ അടക്കം ചെയ്യുന്നതു വരെയുള്ള ചിത്രങ്ങള്‍ തങ്ങളുടെ കൈവശമുണ്ട്. ഇതിന് സമാന രീതിയില്‍ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും പരിശോധിക്കുമ്പോള്‍ വൈരുദ്ധ്യം മനസിലാക്കാന്‍ കഴിയുമെന്നും ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലാതിരിക്കെ ഗോശ്രീ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. ശരീരത്തിലുണ്ടായിരുന്ന, വാച്ച്, ഷോള്‍, ബാഗ്, മൊബൈല്‍ ഫോണ്‍ മുതലായ വസ്തുക്കള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതെല്ലാം ഗോശ്രീ പാലത്തിലെ ഉയരത്തില്‍ നിന്നും കായലിലേക്ക് ചാടിയപ്പോള്‍ അപ്രത്യക്ഷമായെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പിതാവ് ചോദിക്കുന്നു.
മാര്‍ച്ച് 5 ന് വൈകിട്ട് 6.10 ന് കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ നിരീക്ഷിക്കുന്ന ബൈക്ക് യാത്രികരെ ഇനിയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ കാലയളവില്‍ തങ്ങള്‍ അക്കമിട്ട് സമര്‍പ്പിച്ച സംശയങ്ങളും ആശങ്കകളും മുഖവിലയ്ക്കുപോലും എടുത്തില്ലെന്ന് പിതാവ് ഷാജിയുടെ തുറന്നു പറച്ചിൽ. മിഷേലിന്റെ മരണം ഉയര്‍ത്തുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും പിതാവ് കൂട്ടിച്ചേർത്തു.
Leave a Reply