ഒരു ശരാശരി മലയാളി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മൂന്നു കാര്യങ്ങൾക്കാണ്. വീട്, വിദ്യാഭ്യാസം, വിവാഹം. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് വീടിനായിരിക്കും. വീടുപണി അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ്. അനുഭവക്കുറവിൽ നിന്നും പല തെറ്റുകളുമുണ്ടാകാം. അതുകൊണ്ടാണ് രണ്ടാമതൊരു വീട് പണിയുകയാണെങ്കിൽ തകർത്തേനെ എന്ന് പലരും പറയുന്നത്. മലയാളികൾ കാലാകാലങ്ങളായി തുടർന്നുവരുന്ന വീടുപണിയിലെ തെറ്റുകളിൽ നിന്നും 10 എണ്ണം വായിക്കാം…
1. സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക
കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകത. വീടുപണിയുമ്പോൾ വരാന്ത, നടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കും. അതേസമയം അടുക്കള, ബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യും. അടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുക. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.
2. മണ്ണു പരിശോധന നടത്താതിരിക്കുക
വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവശ്യമായി വരുന്നത്. പാടങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയവ മണ്ണിട്ട് നികത്തിയെടുത്താൽ അറിയാൻ സാധിക്കണമെന്നില്ല. പലയിടത്തും രണ്ടുനില വീടുകൾ ‘ഇരുന്ന പോലത്തെ അവസ്ഥ വരുന്നത് ഇതുകൊണ്ടാണ്. ഭൂപ്രകൃതി അനുസരിച്ച് ഏതു ‘സോണിലാണ് വാങ്ങുന്ന പ്ലോട്ട് എന്നു മനസ്സിലാക്കുകയും വേണം. ‘ഗ്രീൻ സോൺ വാങ്ങിയാൽ പിന്നീട് കെട്ടിടം പണിയുന്നത് സാധ്യമല്ലാതാകും.
3.ബജറ്റിൽ പെടാത്ത കണക്കുകൾ
ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.
4. അടിത്തറ പൊട്ടുമെന്ന് പറഞ്ഞ് മരം മുറിക്കുക
വേര് കയറി അടിത്തറ പൊട്ടുമെന്ന ന്യായം പറഞ്ഞ് വീടിനു ചുറ്റുമുള്ള മരമെല്ലാം മുറിക്കുന്നവരുണ്ട്. അടിത്തറയ്ക്കു ചുറ്റുമായി ഓരോ എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) ഷീറ്റ് കുഴിച്ചിട്ടാൽ വേര് അടിത്തറയിലേക്ക് കടക്കുന്നത് തടയാം. 400 മൈക്രോൺ കനമുള്ള എച്ച്ഡിപിഇ ഷീറ്റ് സ്ക്വയർഫീറ്റിന്10-15 രൂപ നിരക്കിൽ ലഭിക്കും.
5. സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ
ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. അടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുക. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കും. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.
6. അശ്രദ്ധയോടെ മേൽക്കൂര വാർക്കൽ
കേരളത്തിലെ വീടുകൾക്ക് ചരിഞ്ഞ വാർക്കയാണ് നല്ലതെന്ന് നമുക്കറിയാം. എന്നാൽ, കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് നല്ലപോലെ വൈബ്രേറ്റ് ചെയ്യിച്ച് കുത്തിയിറക്കി ‘ജാം പാക്ക്ഡ് ആക്കിയില്ലെങ്കിൽ ചരിഞ്ഞ മേൽക്കൂരയിൽ ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. കോൺക്രീറ്റിങ്ങിന്റെ തിരക്കിനിടയിൽ പലരും ഇക്കാര്യം ഓർക്കണമെന്നില്ല. നല്ല ശ്രദ്ധ കൊടുത്തുവേണം കോൺക്രീറ്റിങ് ചെയ്യാൻ.
7. വീട് റോഡിൽ നിന്ന് താഴെ
മുറ്റത്തിന് റോഡിനേക്കാൾ പൊക്കം കൊടുത്തുവേണം വീടു നിർമിക്കാൻ. അല്ലെങ്കിൽ റോഡ് ടാർ ചെയ്യുമ്പോൾ മുറ്റം താണിരിക്കും. മണ്ണിട്ട റോഡ് ആണെങ്കിൽ 45 സെന്റിമീറ്ററും ടാർ വഴിയാണെങ്കിൽ 30 സെന്റീമീറ്ററും എങ്കിലും പൊക്കത്തിലായിരിക്കണം മുറ്റം നിർമിക്കേണ്ടത്. അല്ലെങ്കിൽ റോഡിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്.
8. നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക
വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, നടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂ. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.
9. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്
താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. അത് വീടിനകം വൃത്തികേടാക്കും. ലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നം. വിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമം. ആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.
10. ബാത്റൂമിന് പൊക്കക്കുറവ്
മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻ. ബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണം. ടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കും. മാത്രമല്ല, ബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ ഈ ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.
Leave a Reply