കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി. ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. പാലായിലൂടെ കടന്നുപോയാൽ കെ.എം മാണി പാലയെ കൈകുമ്പിളിൽ എങ്ങനെ കൊണ്ടുനടന്നെന്ന് അറിയാൻ കഴിയുമെന്നും എം.എം മണി പറഞ്ഞു. പാലായിൽ സംഘടിപ്പിച്ച കെ.എം മാണി ജന്മദിനാഘോഷചടങ്ങിൽ സംസാരിക്കവെയാണ് മണി മാണി സി. കാപ്പനെ പരോക്ഷമായി വിമർശിച്ചത്. ക്ഷണിക്കപ്പെട്ടിട്ടും പാലാ എം.എൽ.എ മാണി സി. കാപ്പൻ ചടങ്ങിൽ പങ്കെടുത്തില്ല.
അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്ന് രാഷ്ട്രീയം പറയുന്നതിനിടയിൽ മണി പറഞ്ഞു. എന്തും ചർച്ചചെയ്ത് പരിഹരിക്കുവാൻ ശേഷിയുള്ളതാണ് ഇടതു മുന്നണി .സീറ്റുകാര്യം ചർച്ചചെയ്ത് പരിഹരിക്കുവാൻ മുന്നണിക്കറിയാം. ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോൺഗ്രസ്സിനെ അർഹമായ പിന്തുണ നൽകിയാണ് ഇടതു മുന്നണി സ്വീകരിച്ചത്.എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയിൽ സി.പി.എം. സ്വീകരിക്കുന്നത്.
കെ.എം.മാണിയാണ് പാലായുടെ വികസന നായകൻ. മാണി മഹത്തായ സേവനംചെയ്ത ജനനേതാവാണെന്നും മന്ത്രി മണി പറഞ്ഞു. അതേസമയം തിരക്കുമൂലമാണ് മാണി സി.കാപ്പൻ എം.എൽ.എ. എത്താത്തതെന്ന് സ്വാഗത പ്രസംഗകൻ വേദിയിൽ പറഞ്ഞിരുന്നു.
പാലായിൽ ഉണ്ടായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പന്റെ അസാന്നിധ്യം ചർച്ചയായി. കടുത്തുരുത്തി സെന്റ് ജോൺസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയാണ് ജോസഫ് വിഭാഗം കെ.എം മാണിയുടെ ജന്മദിനാചരണം നടത്തിയത്. ചടങ്ങിൽ പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
Leave a Reply