തലശേരി: ഇരുചക്രവാഹനത്തിലെത്തി വഴിയാത്രികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നിരപരാധിയെ ജയിലിലടച്ച എസ്‌.ഐയുടെ ഒരു വര്‍ഷത്തെ ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞു വകുപ്പുതലശിക്ഷ. ചക്കരക്കല്‍ മുന്‍ എസ്‌.ഐ: പി. ബിജുവിനെതിരേയാണു നടപടി. കണ്ണൂര്‍ റേഞ്ച്‌ ഡെപ്യൂട്ടി പോലീസ്‌ ഇന്‍സ്‌പക്‌ടര്‍ ജനറല്‍ നല്‍കിയ സ്‌ഥലംമാറ്റശിക്ഷ പര്യാപ്‌തമല്ലെന്നു ചൂണ്ടിക്കാട്ടി ഉത്തരമേഖലാ ഐ.ജി: അശോക്‌ യാദവാണു പുതിയ ഉത്തരവിട്ടത്‌.

മോഷണക്കുറ്റം ചുമത്തപ്പെട്ട്‌ 54 ദിവസം അഴിയെണ്ണേണ്ടിവന്ന കതിരൂര്‍ സ്വദേശി വി.കെ. താജുദീന്‍ ആണ്‌ പരാതിക്കാരന്‍. 2018 ജൂലൈ ആറിനായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. നിരപരാധിയാണെന്ന്‌ ആവര്‍ത്തിച്ചിട്ടും മാലമോഷണക്കേസില്‍ താജുദീനെ എസ്‌.ഐ: ബിജു പ്രതിയാക്കുകയായിരുന്നു. താജുദീനെതിരേ ശാസ്‌ത്രീയമായ യാതൊരു തെളിവുകളും എസ്‌.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. എസ്‌.ഐയുടെ നടപടിക്കെതിരേ ആക്ഷേപം ശക്‌തമായതോടെ അന്നത്തെ കണ്ണൂര്‍ ഡി.വൈ.എസ്‌.പി: പി. സദാനന്ദന്‍ അന്വേഷണം ഏറ്റെടുത്തു. യഥാര്‍ഥ പ്രതിയായ വടകര അഴിയൂരിലെ ശരത്‌ വത്സരാജിനെ അറസ്‌റ്റ് ചെയ്‌തതോടെ താജുദീന്റെ നിരപരാധിത്വം തെളിഞ്ഞു.

ജയില്‍മോചിതനായ താജുദീന്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയ എസ്‌.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ജില്ലാ പോലീസ്‌ മേധാവിയെ സമീപിച്ചു. സ്‌ഥലംമാറ്റമെന്ന പതിവ്‌ ശിക്ഷാ നടപടി മാത്രമാണ്‌ എസ്‌.ഐക്കെതിരേ വകുപ്പു സ്വീകരിച്ചത്‌. ഇതിനെതിരേ താജുദീന്‍ പിന്നാക്ക സമുദായ ക്ഷേമസമിതി മുമ്പാകെയും വകുപ്പുതലനടപടിക്കെതിരേ എസ്‌.ഐ. ബിജുവും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എസ്‌.ഐയുടെ അപേക്ഷ തള്ളി ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞ്‌ ഐ.ജി. ഉത്തരവിറക്കുകയായിരുന്നു. മാല പൊട്ടിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സി.സി.ടിവി ദൃശ്യങ്ങള്‍, മോഷണത്തിനുപയോഗിച്ച വാഹനത്തിന്റെ നിറം അടക്കമുള്ളവ പരിശോധിക്കാതെയാണു താജുദീനെ എസ്‌.ഐ. പ്രതിയാക്കിയതെന്ന്‌ ഐ.ജിയുടെ ഉത്തരവിലുണ്ട്‌. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനും 1.40 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ താജുദീന്‍ നല്‍കിയ കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. ഇതിനുപുറമേ എസ്‌.ഐക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാനും തയാറെടുക്കുകയാണ്‌.