അമേരിക്കയില്‍ പരസ്യ ചിത്രീകരണത്തിനിടെ 19-കാരിയായ മോഡല്‍ ട്രെയിനുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന മോഡലാണ് മരിച്ചത്. ഇവര്‍ ഗര്‍ഭിണിയുമായിരുന്നു. നവാസോട്ടയില്‍ ഹോളിസ്റ്ററിനും ലീ സ്ട്രീറ്റിനുമിടെ റെയില്‍വേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. രണ്ട് ട്രാക്കുകള്‍ക്കിടയില്‍നിന്ന് പരസ്യത്തിനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. ബര്‍ലിങ്ടണ്‍ നോര്‍ത്തേണ്‍ സാന്റ ഫെ റെയില്‍വേ ട്രെയിന്‍ വരുന്നത് കണ്ട് അടുത്തുള്ള ട്രാക്കിലേക്ക് ഇവര്‍ കയറിനിന്നു. ഇതേ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്നുവന്നു കൊണ്ടിരുന്നത് അവര്‍ ശ്രദ്ധിച്ചുമില്ല. വേഗത്തില്‍ വരികയായിരുന്ന യൂണിയന്‍ പസഫിക് ട്രെയിന്‍ തട്ടിയാണ് ഫ്രെഡ്സാനിയ കൊല്ലപ്പെട്ടത്.

uploads/news/2017/03/90666/t2.jpg

അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള റെയില്‍ഗതാഗതം അഞ്ചുമണിക്കൂറോളം വൈകി. ബ്രയനിലെ ബ്ലിന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഫ്രെഡ്സാനിയ. മോഡലിങ് രംഗത്ത് തിളങ്ങാന്‍ ആഗ്രഹിച്ചിരുന്ന ഇവര്‍ മുന്‍ വോളിബോള്‍ താരം കൂടിയായിരുന്നു. കാമുകന്‍ ഡാര്‍നല്‍ ചാര്‍ട്ട്മാനുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കെയാണ് ദുരന്തം അവരെ തേടിയെത്തിയത്. ദുരന്തത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിലേക്ക് ഒരാള്‍ കയറുന്നതുകണ്ട് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിരുന്നുവെന്ന് യൂണിയന്‍ പസഫിക് റെയില്‍വേയുടെ വക്താവ് ഡെഫ് ഡെ ഗ്രാഫ് വ്യക്തമാക്കി. അടിയന്തിരമായി ട്രെയിന്‍ നിര്‍ത്താനുള്ള ശ്രമവും നടത്തി. എന്നാല്‍, ട്രെയിന്‍ വളരെയടുത്തെത്തിയിരുന്നതിനാല്‍ അത് സാധിച്ചില്ല.