ന്യൂഡൽഹി: കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ഭരണകാലത്തിനിടെ നരേന്ദ്ര മോദി സർക്കാരിന്റെ ഒരു ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ആദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ ഏകോപിത നീക്കങ്ങൾക്കിടയിൽ ഉണ്ടായ ഈ പരാജയം കേന്ദ്രസർക്കാരിന് രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാർഷികനിയമങ്ങൾ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നെങ്കിലും, സഭയിലെ വോട്ടെടുപ്പിൽ തന്നെ ഒരു ബിൽ തള്ളപ്പെടുന്നത് മോദി ഭരണത്തിൽ ഇതാദ്യമാണ്.
മുത്തലാഖ് നിയമം, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിവാദ ബില്ലുകൾ പോലും വിജയകരമായി പാസാക്കിയ അനുഭവമുള്ള സർക്കാരിന് ഇത്തവണ കണക്കുകൂട്ടൽ തെറ്റി. പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതും, മണ്ഡല പുനർനിർണയം പോലുള്ള വിഷയങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്ക പ്രാദേശിക കക്ഷികളിൽ ശക്തമായതുമാണ് സാഹചര്യത്തെ മാറ്റിയത്. ഇതുവരെ പ്രതിപക്ഷത്തിലെ വിള്ളലുകളും ചില കക്ഷികളുടെ നിഷ്പക്ഷ നിലപാടുകളും ആശ്രയിച്ചിരുന്ന സർക്കാരിന് ഇത്തവണ ആ പിന്തുണ ലഭിച്ചില്ല.
നിർണായക തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ബിൽ അവതരിപ്പിച്ച അമിത് ഷാക്കും പ്രധാനമന്ത്രിക്കും ഇത് തിരിച്ചടിയായപ്പോൾ, പ്രതിപക്ഷത്തിനിത് കൂട്ടായ്മയുടെ വിജയം ആയി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി നിർണായക പങ്കുവഹിച്ചു. എന്നാൽ ഈ പരാജയം സർക്കാരിന്റെ നീക്കങ്ങൾക്ക് വിരാമമാകില്ലെന്നാണ് സൂചന. ബിൽ പരാജയപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട്, വനിതാ സംവരണ നിയമം അടിയന്തിരമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് അതിന് തെളിവായി വിലയിരുത്തപ്പെടുന്നു.











Leave a Reply