ഓഖി ചുഴലിക്കാറ്റിലെ മുന്നറിയിപ്പിെനക്കുറിച്ചുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). നവംബര്‍ 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.
നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില്‍ തീരപ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു പൂന്തുറയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്‍ക്കാര്‍ വാദം വേദനയുണ്ടാക്കുന്നതായി ലത്തീന്‍ സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കണക്കുകള്‍ പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനായി 3500 കോടിയുടെ പദ്ധതി നടപ്പാക്കണം. നഷ്ടക്കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു.
മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Leave a Reply