സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക് നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !

മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്‌സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്.

സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.

ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു.

മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി.

ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.

ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ
സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്.

വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി. പത്താം ക്ലാസ് കഴി‍ഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി. ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു.

2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്‌സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.

ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി.

മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്.

എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.