കേരളത്തിൽ കോവിഡ് രോഗബാധ നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിന് പിന്നാലെ രണ്ടാംഘട്ട ലോക്ക് ഡൗണിൽ കേന്ദ്രാനുമതിയോടെ ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ ഏഴ് ജില്ലകൾ കോവിഡ് ഹോട്ട്സ്പോട്ടുകളാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോൾ, ഈ ജില്ലകളുൾപ്പെടെ സോണുകളാക്കി തിരിച്ചാണ് ഏപ്രിൽ 20 മുതൽ ജനജീവിതം സാധാരണ നിലയിയിലേക്ക് മടക്കിക്കൊണ്ട് വരാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നത്. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച്‌ സംസ്ഥാനത്തെ 4 സോണുകളായാണ് തിരിച്ചിരിക്കുന്നത്. രാജ്യത്തെ ലോക്ക്ഡൗൺ തീരുന്ന വരെ ട്രെയിൻ സർവീസുകൾ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ റെയിൽവേ അറിയിച്ചിരുന്നു. വിമാന ഗതാഗതവും അതുപോലെ തന്നെ. അന്തർ ജില്ലാ ബസ് സർവീസുകളടക്കം വിവിധ സേവനങ്ങൾ ലോക്ക്ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. പുതിയ ഉത്തരവിലും ഇക്കാര്യം സർക്കാർ വ്യക്തമാക്കുന്നു.

സോണുകൾ- റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍

റെഡ് : മേയ് 3 വരെ പൂര്‍ണ ലോക്ഡൗണ്‍ – കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് ബാധകം

ഓറഞ്ച് എ : ഏപ്രിൽ 24 നു ശേഷം ഭാഗിക ഇളവുകള്‍- പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ക്ക്

ഓറഞ്ച് ബി : 20-നു ശേഷം ഭാഗിക ഇളവ്- ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍

ഗ്രീന്‍ : 20-നു ശേഷം സാധാരണ നിലയിലേക്ക് – കോട്ടയം, ഇടുക്കി എന്നീ രണ്ടു ജില്ലകള്‍.

റെഡ് സോണ്‍-

ഏറ്റവും കൂടുൽ രോഗികളുള്ള കാസർകോടിന് പുറമെ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ ഉൾ‌പ്പെടുത്തിയിട്ടുള്ള റെഡ്  സോണിൽ മെയ് 3 വരെ സമ്പൂർണമായി തന്നെ ലോക്ക് ഡൗൺ തുടരും. ഒരു തരത്തിലുമുള്ള ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാവില്ല. രണ്ട് കവാടങ്ങളിലൂടെ മാത്രമേ റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ സാധ്യമാവുകയുള്ളൂ.

ഗ്രീന്‍ സോണ്‍-

ഗ്രീൻ സോണിൽ വലിയ തോതിൽ ഇളവ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒരുപാട് മേഖലകളിൽ നിയന്ത്രണം തുടരും. ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്ന് തന്നെയാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കരുത്. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, മത, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

രാജ്യാന്തര, സംസ്ഥാനാന്തര, അന്തര്‍ ജില്ലാ യാത്രകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്‌സ്, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം എന്നിവയ്ക്കും പ്രവർത്താനുനുമതിയില്ല. വിവാഹങ്ങളിലും മൃതദേഹ സംസ്കാര ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പൊതു ഗതാഗതത്തിനുള്ള ഇളവുകൾ

ഓറഞ്ച് എ, ബി, ഗ്രീന്‍ സോണ്‍ പട്ടണങ്ങളില്‍ ഹ്രസ്വദൂര ബസ് സര്‍വീസിന് അനുമതി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെ 60 കിലോമീറ്ററില്‍ കൂടാത്ത ട്രിപ്പുകൾക്കാണ് അനുമതി, ജില്ലാ അതിര്‍ത്തി കടക്കരുത്, ബസില്‍ നിന്നുകൊണ്ടുള്ള യാത്ര പാടില്ല, യാത്രക്കാര്‍ മാസ്ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.

മൂന്ന് സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാവൂ.

സ്വകാര്യ വാഹനങ്ങൾക്കുള്ള യാത്രാ നിർദേശങ്ങൾ

ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും യാത്രാനുമതി നൽകുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്കും വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങൾക്കും അനുമതി ലഭിക്കും.

അടിയന്തര സർവീസുകൾക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രം ഈ നിബന്ധനയിൽ ഇളവ്. ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാവൂ എന്നും നിർദേശമുണ്ട്.

ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. എല്ലാ യാത്രക്കാർക്കും മാസ്ക് നിർബന്ധമാണ്.

ഹോട്ടലുകൾ / ബാർബർ ഷോപ്പുകൾ – ബാർബർ ഷാപ്പുകൾ (എസിയില്ലാതെ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം പ്രവർത്തിക്കാം. രണ്ട് പേർ മാത്രമേ അകത്ത് പാടുള്ളൂ. ഹോട്ടലുകൾ – ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് 7 മണി വരെ. പാഴ്സൽ നൽകാവുന്നത് എട്ട് മണി വരെ. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മോട്ടലുകള്‍ എന്നിവയ്ക്ക് പ്രവത്തിക്കാം. ടൂറിസ്റ്റുകൾ‌, ലോക്ക്ഡൗണിൽ കുടുങ്ങിയവർ, മെഡിക്കൽ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവർ. ഇലക്ട്രീഷ്യൻ, ഐടി റിപ്പയേഴ്സ്, പ്ലംബേഴ്സ്, മോട്ടോർ മെക്കാനിക്കുകൾ, കാർപ്പെന്റർമാര്‍ തുടങ്ങിയവർക്കും ഇക്കാലയളവിൽ സേവനങ്ങൾ നൽകാനാവും. സിമന്‍റുമായി ബന്ധപ്പെട്ട നിർ‍മാണപ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗിക്കാം.

ഇളവുകൾ ഉൾപ്പെടുന്ന മറ്റ് മേഖലകൾ (കേന്ദ്ര നിർദേശം ഉൾപ്പെടെ)

ആരോഗ്യമേഖല- ആയുഷ് വകുപ്പുകൾ ഉൾപ്പെടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ എല്ലാ സേവനങ്ങളും തുടർന്നും ലഭ്യമാവും. ആശുപത്രികൾ, നഴ്സിങ്ങ് ഹോമുകൾ, ക്ലിനിക്കുകൾ, ടെലി മെഡിസിൻ സംവിധാനം. ഡിസ്പെൻസറികൾ, കെമിസ്റ്റുകൾ, ഫാർമസികൾ എല്ലാത്തരം മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം. മെഡിക്കൽ ലബോറട്ടറികൾ, കളക്ഷൻ സെന്റ്ർ, ഫാർമസ്യൂട്ടിക്കൽ ആന്റ് മെഡിക്കൽ റിസർച്ച് ലാബ്, കോവിഡ് 19 സംബന്ധിച്ച് ഗവേഷണം നടക്കുന്ന സ്ഥാപനങ്ങൾ, മൃഗാശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി. ‌‌

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്നതും അവശ്യ സർവീസിനെ സഹായിക്കുന്നതുമായ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ, ഹോംകെയർ സേവന ദാതാക്കൾ, ആശുപത്രികൾക്ക് സേവനം നൽകുന്ന മേഖലകള്‍, മരുന്ന് നിർമാണശാലകൾ, മെഡിക്കൽ ഓക്സിജൻ,പാക്കിങ്ങ് മെറ്റീറിയൽസ്, ഫാർമസ്യൂട്ടിക്കൽസ്, ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ, ഇടനിലക്കാർ, ആംബുലൻസ് നിർ‌മാണം ഉൾപ്പെടെ മെഡിക്കൽ/ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവർത്തനങ്ങൾ.

മെഡിക്കൽ സേവനങ്ങളുടെ അന്തർസംസ്ഥാന ഗതാഗതം ( വിമാന സർവീസ് ഉൾപ്പെടെ). ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ, ശാത്രജ്ഞർ, നഴ്സുമാർ, പാരമെഡിക്കൽ ഉദ്യോഗസ്ഥർ, ലാബ് ടെക്നീഷ്യൻമാർ, ശിശു സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, ആംബുലൻസ്, മെഡിക്കൽ അനുബന്ധ സേവനങ്ങൾ.

കാർഷിക മേഖല- എല്ലാതരം കാർഷിക പ്രവർത്തനങ്ങളും പുർണതോതിൽ പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സേവനങ്ങൾ, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ നടത്തുന്ന മാർക്കറ്റുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

കാർഷിക ഉപകരണങ്ങൾ, സ്പെയർ പാർട്സ് തുടങ്ങി മേഖലയുടെ സപ്ലൈ ചെയിനിലുള്ള സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. വിത്ത്, വളം തുടങ്ങിയവയുടെ നിർമാണം, വിതരണം എന്നിവയും അനുവദിക്കും. കാർ‌ഷികോത്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം.

ഫിഷറീസ്- മത്സ്യബന്ധനത്തിന് അനുമതി. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും പ്രവർത്തിക്കാം. ഹാച്ചറീസ്, ഫീഡ്പ്ലാന്റുകൾ, വ്യാവസായിക അക്വേറിയങ്ങൾ. ‌‌മത്സ്യം, അനുബന്ധ ഭക്ഷ്യവസ്തുക്കളുടെ ചരക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ എന്നിവർക്ക് യാത്ര ചെയ്യാം.

തോട്ടം മേഖല- തേയില, കാപ്പി, റബ്ബർ തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയുടെ സംസ്കരണം, പാക്കിങ്, വിൽപന എന്നിവ നടത്താം.

മൃഗക്ഷേമം- പാൽ ഉത്പാദനം, ശേഖരണം, വിതരണം അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കോഴി ഫാമുകൾ‌, ഹാച്ചറികൾ, ലൈവ്സ്റ്റോക്ക് പ്രവർത്തനങ്ങൾ, കാലിത്തീറ്റ ഉൽപാദനം, പ്ലാന്റുകൾ അനുബന്ധ സേവനങ്ങൾ, മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഗോശാലകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

സേവന മേഖല- കുട്ടികള്‍ / ഭിന്നശേഷിക്കാർ / മാനസിക വെല്ലുവിളി നേരിടുന്നവർ / മുതിർന്ന പൗരൻമാർ / ആശ്രയമില്ലാത്തർ /സ്ത്രീകൾ / വിധവകൾ എന്നിവർക്കുള്ള കെയർഹോമുകൾ. ക്ഷേമ പെന്‍ഷൻ ഉൾപ്പെടെയുള്ളവരുടെ വിതരണം. അംഗണവാടികളുടെ പ്രവർത്തനം- കുട്ടികൾക്കുള്ള ഭക്ഷണ വിതരണം, 15 ദിവസത്തിൽ ഒരിക്കൽ വീട്ടിലെത്തിച്ച് നൽകണം.

വ്യവസായ- സ്വകാര്യ സ്ഥാപനങ്ങൾ- മാധ്യമങ്ങൾ, ഡിടിച്ച് ആൻ‌ഡ് കേബിൾ സർവീസ്, ഐ.ടി, അനുബന്ധമേഖലകൾ (50 ശതമാനം ജീവനക്കാർ മാത്രം). ഡാറ്റ കാൾസെന്റെറുകൾ (സര്‍ക്കാർ സേവനം മാത്രം). സർക്കാർ അംഗീകൃത സേവന കേന്ദ്രങ്ങൾ പഞ്ചായത്ത് തലം. ഇ-കോമേഴ്സ് കമ്പനികൾ. (വാഹന ഉപയോഗം അനുമതിയോടെ മാത്രം) കൊറിയർ സർവീസുകൾ. കോൾഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങൾ. സ്വകാര്യ സുരക്ഷാ സേവനങ്ങൾ.