നീണ്ട ഇടവേളയ്ക്കു ശേഷം അറുപതു തികഞ്ഞ ഈ പിറന്നാൾ ദിനത്തിൽ ദീര്‍ഘമായ ബ്ലോഗുമായി മോഹൻലാൽ. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള, കടന്നുവന്ന നാളുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുമായി മോഹൻലാലും എത്തിയിരിക്കുകയാണ്. ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ബ്ലോ​ഗിന്റെ പൂർണരൂപം

‘നീ ഉൺമയ്യാ പൊയ്യാ’..

ലോകം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയിൽ നിൽക്കുമ്പോൾ ഞാനും ഒരു വഴിത്തിരിവിൽ വന്ന് നിൽക്കുകയാണ്. ഇന്ന് മെയ് 21…എൻറെ ജീവിതത്തിൽ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു. ലോകത്തിൻറെയും എൻറെയും വഴിത്തിരിവുകളിലെ ഈ വന്നു നിൽപ്പ് ഒരേ സമയത്തായത് തീർച്ചയായും യാദൃശ്ചികമാവും. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തിൽ ഭാവത്തിൽ ഇവിടെ വരെ എത്തിച്ചത്.

ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് വിശ്വസിക്കാനാകുന്നില്ല… എത്ര ദൂരം..എത്ര മാത്രം അധ്വാനം. എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം…എത്രയെത്ര പരാജയങ്ങൾ, കൂട്ടായ്മയുടെ വിജയങ്ങൾ, ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ, ആരുടെയൊക്കെയോ കരുതലുകൾ, തിരിഞ്ഞു നിൽക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞ് പോകുന്നു. നന്ദിയോടെ എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു. കടപ്പാടോടെ…

കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന ആ ആറാം ക്ലാസുകാരൻ അവൻ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ചു നിർത്തിയത്. വേളൂർ കൃഷ്ണൻകുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്നേ സഞ്ചരിക്കുന്ന ഒന്നായിരുന്നു. എന്ന് മാത്രം ഇന്ന് ഞാൻ ഓർക്കുന്നു. കമ്പ്യൂട്ടറിനെ കുറിച്ച് അധികം കേട്ട് കേൾവി പേലുമില്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം…അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച് ഞാൻ ആലോചിച്ചതേയില്ലായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കായകൽപം എന്ന നാടകത്തിൽ വീണ്ടും അഭിനയിച്ചു. ഈ രണ്ട് നാടകത്തിലും ഞാൻ ഏറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അതുകഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും ഞാൻ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവും ഇല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയിൽ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നിൽ നിന്ന് ഭാവങ്ങൾ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാൻ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് നവോദയ നിർമിച്ച് ഫാസിൽ സംവിധാനം ചെയ്ത മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എൻെറ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചത് പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാൻ അഭിനയിക്കാൻ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാൻ പോന്നസൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു(അന്നും ഇന്നും). എന്തായാലും ആ വില്ലൻ നരേന്ദ്രനെ ജനങ്ങൾക്കിഷ്ടപ്പെട്ടു. അതോടെ ഞാൻ സിനിമയുടെ മായാപ്രപഞ്ചത്തിൽ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകൾ നോക്കിക്കൊണ്ടേ ഇരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അമ്പരന്ന് പോകുന്നു എന്തൊരു ഓട്ടമായിരുന്നു.

പിന്നീട് സിനിമകൾക്ക് പിന്നാലെ സിനിമകൾ വന്നു. കഥാപാത്രങ്ങൾക്ക് പിറകേ കഥാപാത്രങ്ങൾ എത്തിക്കൊണ്ടേ ഇരുന്നു. കൊടുങ്കാറ്റിൽ പെട്ട ഒരു കരിയില പോലെ ഞാൻ ഉഴറി പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാൻ ഞാൻ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകി ഒഴുകി വരുന്ന കല്ലിൻ കഷ്ണം പോലെയായിരുന്നു ഞാൻ. നദിയുടെ വേ​ഗത്തിനും താളത്തിനും അനുസരിച്ച് ഞാൻ നിന്നു കൊടുത്തു.

വെളളത്തിന്റെ ശക്തി കല്ലിനെ എന്ന പോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഞാൻ പോലുമറിയാതെ. എന്നിലെ സാധ്യതകളെക്കുറിച്ച് എനിക്ക് അശേഷം ബോധ്യമില്ലായിരുന്നത് കൊണ്ട് സിനിമകളുടെ തിരഞ്ഞെടുപ്പുകൾ എനിക്ക് സാധ്യമല്ലായിരുന്നു. ഇത് തന്നെയോ എന്റെ മേഖല എന്ന് ഒന്ന് ഇരുന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിന് മുമ്പ് സിനിമകൾക്ക് പിറകേ സിനിമകൾ വന്നു കൊണ്ടേയിരുന്നു. ഏതൊക്കെയോ വേഷങ്ങൾ ഞാൻ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്പോൾ അവ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാൻ സാധിക്കുന്നില്ല. എവിടെയാണ് അവ ചിത്രീകരിച്ചത് എന്ന് ഓർക്കാൻ സാധിക്കുന്നില്ല . ഏതോ ഒരു ശക്തി എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു എന്നേ പരയാൻ സാധിക്കുന്നുള്ളൂ.

എന്താണ് അഭിനയം ? ആരാണ് അഭിനേതാവ്? അഭിനയത്തിന്റെ രസതന്ത്രം എന്താണ്? ഇത്തരം ചോദ്യങ്ങൾ െത്രയോ തവണ പലരും എന്നോട് യാതൊരു വിധ ഗ്രന്ഥങ്ങളും ഇന്നുവരെ ഞാൻ വായിച്ചിട്ടില്ല. എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത് എന്ന് ചോദിച്ചാൽ സ്വന്തമായി ഒരു ഉത്തരം എനിക്കില്ല,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്റെ ഒരനുഭവത്തിൽ എന്റെ ശരി എന്ന് തോന്നിയത് യോഷി ഒയ്ദ എന്ന ജാപ്പനിസ് നടൻ പറഞ്ഞതാണ്. അപ്രതൃക്ഷനാവുക എന്നതാണ് അഭിനയം . ഞാനെന്ന മനുഷ്യനെ നിലനിർത്തിക്കൊണ്ട് മറ്റൊരാളിലേക്ക് മറയുക. കഥാപാത്രത്തിനുള്ളിലേക് ഞാൻ പ്രവേശിക്കുക. അങ്ങിനെയാവുമ്പോഴും ഞാൻ അഭിനയിക്കുകയാണ് എന്ന ബോധ്യം നിലനിർത്തുക . സിനിമയിലാണെങ്കിൽ ക്യാമറയെക്കുറിച്ച് മുതൽ ഒപ്പം അഭിനയിക്കുന്നവരെക്കുറിച്ചും മുഖത്തേക്ക് വീഴുന്ന വെളിച്ചത്തിന്റെ വ്യത്യസ്തമായ വിന്യാസങ്ങളെക്കുറിച്ച് വരെ ബോധ്യമുള്ളവനായിരിക്കുക. ഷോട്ട് കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്നും വിടുതൽ തേടി ഞാനെന്ന മനുഷ്യനിലേക്ക് തിരിച്ചു വരിക. ഒരുപക്ഷേ ഇതായിരിക്കാം ഇത്രയും കാലം ഞാൻ ചെയ്തത്.

നല്ല തിരക്കഥകളാണെങ്കിൽ അവ മനസ്സിരുത്തി വായിക്കുമ്പോൾ കഥാപാത്രം നമ്മളറിയാത നമ്മുടെ ഉളളിലേക്ക് കയറി വരും. എഴുത്തിന്റെ ശക്തിയാണത് . പിന്നെ സംവിധായകന്റെ മിടുക്കാണ്. നമ്മിൽ നിന്നും എന്തെടുക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത് , എന്തെടുക്കേണ്ട എന്നതും അവരാണ് തീരുമാനിക്കുന്നത്.. എന്റെ ഏറ്റവും വലിയ ഭാ​ഗ്യം ഏറ്റവും പ്രതിഭാശാലികമായ എഴുത്തുകാരുടെയുംസംവിധായകന്മാരുടെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്.

നമ്മൾ ഒട്ടും ചിന്തിക്കാതിരുന്ന കാര്യങ്ങൾ മുന്നിൽ കൊണ്ടുവയ്ക്കുക എന്നത് ജീവിതത്തിന്റെ വികൃതിയാണ്. സൂക്ഷിച്ചു നോക്കിയാൽ അതിലൊരു വെല്ലുവിളിയുണ്ടാകും. അല്ലെങ്കിൽ സംസ്കൃതത്തിൽ ഒരു വാക്ക് പോലും അറിയാത്ത എന്നെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോയി കർണഭാരം പോലൊ അതീവഭാരമുള്ള നാടകം ചെയ്യിച്ചതിനെ ഏങ്ങനെ വിശദീകരിക്കും. കഥകളി അറിയാത്ത എന്നെ കൊണ്ട് കഥകളിയിലെ മിക്ക വേഷങ്ങളും ആടിച്ചതിനെ എങ്ങനെ വിശദീകരിക്കും. ചുവടുകളിൽ അതിസൂക്ഷമ വേണ്ട നൃത്തങ്ങൾ ചെയ്യാൻ എന്നെ നിയോ​ഗിച്ചതിനെ ഏങ്ങനെ ന്യായീകരിക്കും. ഈ ചെയ്തതെല്ലാം ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഇത്രമാത്രമേ പറയാൻ സാധിക്കൂ. ഏതോ ശക്തിയുടെ കയ്യിലുള്ള ഉപകരണമാണ് ഞാൻ. എന്റേതെന്ന് പറയാൻ എന്റെയുള്ളിൽ ഒന്നുമില്ല

മോഹൻലാൽ എന്തിനാണ് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നതെന്ന് പലരും എല്ലാകാലത്തും എന്നോട് ചോദിക്കാറുണ്ട്. സിനിമ പരാജയപ്പെടുമ്പോഴാണ് ഈ ചോദ്യം ഉയർന്നു വരാറുള്ളത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംഭവിച്ച ആദ്യത്തെ അഭിനയം മുതൽ ഞാൻ തെരഞ്ഞെടുത്തതല്ല എന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളത്. ഞാൻ എന്റെ എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. അവർ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായി കൊണ്ടേയിരിക്കുന്നു. എല്ലാത്തിലും എന്നെ ഞാൻ പൂർണമായും നിക്ഷേപിക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിഭവങ്ങളൊന്നുമില്ലാതെ ഞാൻ ശിരസേറ്റി വാങ്ങിയിട്ടുണ്ട്.

ശരാശരി മനുഷ്യായുസ്സ് 120 വയസ്സാണ് (എന്നാണ് സങ്കൽപ്പം). ഞാനിപ്പോൾ അതിന്റെ പാതിവഴിയിൽ എത്തി നിൽക്കുന്നു. ഇതൊരു നാൽക്കലയാണ്. വലിയ വലിയ ആൽമരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്ടുപാത. ഓർമകൾ പോലെ ആൽമരങ്ങളുടെ വേരുകൾ താഴേക്ക് നീണ്ടു നിൽക്കുന്നു. അവ എന്നെ തന്നെ നോക്കി നിൽക്കുന്നു. ഇലകളുടെ ഇരുളിമയിൽ നിന്ന് അനേകായിരം പക്ഷികൾ കുറുകി കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കുന്നു. ഈ നാൽക്കൂട്ട പെരുവഴിയിൽ നിന്നുകൊണ്ട് ഞാൻ ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നി​സ്സം​ഗം നോക്കി നിൽക്കുമ്പോൾ ഉള്ളിൽ ഒ.വി വിജയന്റെ ഖാസിക്കിലെ ഇതിഹാസത്തിലെ അള്ളാപിച്ച മൊല്ലാക്കയുടെ ചോദ്യമാണ്.

‘നീ ഉൺമയാ പൊയ്യാ…?’

നീ നിഴലാണോ അതോ യാഥാർഥ്യമാണോ? നീ ഭാവമാണോ അതോ മുഖമാണോ? നീ ഏതൊക്കെയോ കഥാപാത്രങ്ങൾ കൂടി കലർന്ന അതിമാനുഷനോണോ അതോ ഏത് നിമിഷവും വീണുടയാൻ സാധ്യതയുള്ള മൺകുടുക്കയോ? നീ സാധാരണ മനുഷ്യൻ കണ്ട സിനിമാ സ്വപ്നമാണോ? അതോ ഒടു നടൻ കണ്ട സാധാരണ ജീവിത സ്വപ്നമോ? എന്റെ ബോധത്തിൽ ചോദ്യങ്ങളുടെ ചുഴലികാറ്റുകൾ വീശുന്നു. അവിടെ അള്ളാപ്പിച്ച മൊല്ലാക്കയുടെ ചോദ്യം കൂടുതൽ ശബ്ദത്തിൽ മുഴങ്ങുന്നു.

നീ ഉൺമയാ പൊയ്യാ…?

ലോക്ക് ഡൗണിന്റെ ചങ്ങലകൾ അഴിച്ച് ലോകം പയ്യെ പയ്യെ ചലിച്ചു തുടങ്ങുകയാണ്. ഞാനിവിടെ ചെന്നെെയിൽ കടലോരത്തുള്ള വീട്ടിൽ ഉദയാസ്തമനങ്ങൾ ആസ്വദിച്ചിരിക്കുന്നു. ഉ​ദയം സന്തോഷം പകരുമ്പോൾ ഒരോ അസ്തമയങ്ങളും വിഷാദം നിറക്കുന്നു. എല്ലാ ഉദയത്തിനും വേദന നൽകുന്ന അസ്തമയവുമുണ്ടെന്ന് എല്ലാ ദിവസവും തിരിച്ചറിയുന്നു. ഈ നാൽക്കവലയിൽ നിന്ന് ഞാൻ യാത്ര തുടങ്ങാൻ ഒരുങ്ങുന്നു. എല്ലാ ദിശകളിലേക്കും പച്ച വെളിച്ചമാണ് കത്തുന്നത്. എന്റെ തുടർയാത്രയുടെ വേഷം, അതിന്റെ ഭാവം, ശബ്ദം, അതിന്റെ ചുവടുകൾ നിറങ്ങൾ… അവയെല്ലാം വ്യക്തമായി എന്റെ മനസ്സിൽ രൂപപ്പെടുകയാണ്. ലോകം അതിന്റെ പൂർണതയിൽ തിരിച്ചു വരുമ്പോൾ നമുക്ക് കാണാം. ഇതുവരെ കെെപിടിച്ച് കാടുകളും കൊടുമുടികളും രാവുകളും കടവുകളും കടത്തി. കൊടുങ്ങാറ്റിൽ വീഴാതെ പ്രളയത്തിൽ മുങ്ങാതെ എത്തിച്ചതിന് നന്ദി…

മോഹൻലാൽ