കൊച്ചി: താരസംഘടനയായ ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് വ്യക്തമാക്കി സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപ് സംഘടനയിലേക്ക് തിരിച്ചുവരുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം സംഘടനയ്ക്ക് പുറത്തുതന്നെയാണ്. ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ പെട്ടെന്നെടുത്ത തീരുമാനമാണ് പുറത്താക്കല്‍. അന്ന് അങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കില്‍ അമ്മ പിളര്‍ന്നേനെ എന്നും മോഹന്‍ലാല്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നത് തെറ്റായി പോയി. തിരക്കുകള്‍ മൂലമാണ് കഴിയാതിരുന്നത്. ഇന്നലെയാണ് നാട്ടില്‍ എത്തിയത്. വനിതകളെ കൂടുതല്‍ സംഘടനയില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിലപാട്. സംഘടനയില്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കാത്തവര്‍ ഉണ്ട്. അത് പാടില്ല. വര്‍ഷത്തില്‍ ഒരു സിനിമയില്‍ എങ്കിലും അവര്‍ അഭിനയിക്കണം. 488 അംഗങ്ങളില്‍ പകുതിയും സ്ത്രീകളാണ്. പുരുഷ മേധാവിത്വത്തിന്റെ ഇടമല്ല.

ഈ മാസം അവസാനമോ അടുത്ത മാസത്തിന്റെ തുടക്കത്തിലോ എക്‌സിക്യുട്ടീവ് വിളിക്കും. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡബ്ല്യൂസിസി കത്ത് അയച്ചിരുന്നു. അടുത്ത എക്‌സിക്യുട്ടീവിന് ശേഷം അവരുമായി യോഗം വിളിക്കും. അവര്‍ക്ക് കൂടുതല്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യും.

ദിലീപിനെ തിരിച്ചെടുത്തു എന്നതില്‍ തെറ്റിദ്ധാരണ ഉണ്ടായി. തനിക്ക് അറിയാവുന്ന കാര്യം വ്യക്തമാക്കാം. ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് പോലും അറിയില്ല. പുറത്താക്കണം, സസ്‌പെന്റു ചെയ്ണം എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു. അമ്മ പിളരുമെന്ന ഘട്ടം വരെ എത്തി. നിര്‍മ്മാതാക്കളുടെ സംഘടന ദിലീപിനെ പുറത്താക്കി എന്നു കണ്ടു. അതോടെയാണ് ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ അതിന് സാധുതയില്ലെന്ന് പിന്നീട് ബോധ്യമായി.

അതോടെയാണ് ജനറല്‍ ബോഡിയില്‍ ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ യോഗത്തിനുണ്ടായിരുന്ന ആരും തീരുമാനത്തെ എതിര്‍ത്തില്ല. പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പോലും ഒരു വനിത പോലും എഴുന്നേറ്റ് എതിര്‍പ്പ് പറഞ്ഞില്ല. അന്ന് താന്‍ സംസാരിച്ചില്ല. മറ്റു പലരും സംസാരിച്ചതിനാല്‍ തനിക്ക് പിന്നീട് സംസാരിക്കേണ്ട കാര്യമുണ്ടായില്ല. ദിലീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാണ് പുറത്താക്കിയതെന്നും അംഗങ്ങളില്‍ നിന്ന് ചോദ്യമുയര്‍ന്നു. അതോടെയാണ് അന്നത്തെ തീരുമാനം മരവിപ്പിച്ചത്. ജനറല്‍ ബോഡിയില്‍ ആരെങ്കിലും എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നു.

ദിലീപിനെ പുറത്താക്കിയതായി നിയമപരമായി അദ്ദേഹത്തെ അറിയിക്കുകയോ അദ്ദേഹത്തില്‍ നിന്ന് പ്രതികരണം ലഭിക്കുകയോ ചെയ്തിട്ടില്ല. അമ്മയിലേക്ക് വരുന്നില്ലെന്ന് ദിലീപ് കത്ത് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ദിലീപ് സാങ്കേതികമായും നിയമപരമായും സംഘടനയ്ക്ക് പുറത്താണ്. സംഘടനയിലേക്ക് വരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞാല്‍ സംഘടനയ്ക്ക് അദ്ദേഹത്തിനും വേണ്ട. നാളെ തെറ്റുകാരനല്ലെന്ന് കണ്ടെത്തി അദ്ദേഹം തിരിച്ചെത്തിയാല്‍ സ്വീകരിക്കും. സത്യം എപ്പോഴായാലും തെളിയട്ടെ.

കേസില്‍ നിങ്ങള്‍ക്കൊക്കെ അറിയാവുന്നപോലെയെ തനിക്കും അറിവുള്ളു. അമ്മ ആ കുട്ടിയ്ക്ക് ഒപ്പമാണ്. അവര്‍ക്കുണ്ടായ ദുരനുഭവത്തില്‍ അമ്മയ്ക്ക് ദുഃഖമുണ്ട്. അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിക്ക് ഒപ്പമാണ് താനെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടിക്ക് എല്ലാ സഹായവും അമ്മ നല്‍കുന്നുണ്ട്. അവരുടെ അവസരങ്ങള്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല. അമ്മ അടുത്തിടെ മസ്‌ക്കറ്റിലെ പരിപാടിക്കു പോയപ്പോള്‍ പോലും അവരെ ക്ഷണിച്ചിരുന്നു. അവരുടെ അവസരങ്ങള്‍ ആരെങ്കിലും നിഷേധിച്ചു എന്ന് കാണിച്ച് തനിക്കോ സംഘടനയിലെ മറ്റാര്‍ക്കുമോ കത്ത് നല്‍കിയിട്ടില്ല. ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല. കത്ത് നല്‍കിയിരുന്നുവെങ്കില്‍ മറുപടി നല്‍കിയേനെ.

അമ്മയില്‍ നിന്നും രാജിവച്ചത് രണ്ട് വനിത അംഗങ്ങള്‍ മാത്രമാണ്. ഡബ്ല്യൂസിസി അംഗങ്ങളായ ഭാവനയും രമ്യാ നമ്പീശനും. അവരെ തിരിച്ചെടുക്കുമോ എന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ല. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ എന്തുകൊണ്ട് രാജിവച്ചു എന്നുകാണിച്ച് കത്ത് നല്‍കണം. ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്തശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്. അതെല്ലാം പരിഗണിച്ചേ തീരുമാനമെടുക്കാന്‍ കഴിയൂ.

തിലകന്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല. വിലക്ക് എന്നു പറയുന്ന സമയത്തുപോലും അദ്ദേഹം തങ്ങളുടെ കൂടെ സിനിമയില്‍ അഭിനയിച്ചു. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന സിനിമയുടെ കാലത്ത് അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തെ വടിയൂന്നി നടക്കുന്ന കഥാപാത്രമായി അവതരിപ്പിച്ചു. തിലകന്‍ മഹാനായ നടനാണ്. അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ സാക്ഷിയായി വരെ താന്‍ പോയിട്ടുണ്ട്. മരിച്ചുപോയ ആളുടെ പേരില്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.

താരസംഘടന നടത്തിയ പരിപാടിയിലെ സ്‌കിറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിലും ലാല്‍ മറുപടി നല്‍കി. സംഘടനയിലെ വനിതകള്‍ തന്നെ തയ്യാറാക്കിയ സ്‌കിറ്റ് ആണ്. ആരെയും മനഃപൂര്‍വ്വം കളിയാക്കാനോ അപമാനിക്കാനോ തയ്യാറാക്കിയതല്ല. ഡബ്ല്യൂസിസിയില്‍ നിരവധി കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അമ്മയിലെ നേതൃത്വത്തിലേക്ക് വനിതകളെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ട്. സംഘടന നേതൃത്വത്തിലേക്ക് വരാന്‍ പാര്‍വ്വതിക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ അവര്‍ കത്ത് നല്‍കിയാല്‍ അത് പരിഗണിച്ചേനെ. സംഘടനയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടതെന്നും പുറത്ത് പറഞ്ഞിട്ട് കാര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

അമ്മയിലെ പ്രായമായ അംഗങ്ങള്‍ക്ക് കൈനീട്ടമായി 5000 രൂപ വീതം മാസം നല്‍കുന്നുണ്ട്. വീടില്ലാത്ത അംഗങ്ങള്‍ക്ക് വീട് വച്ച് നല്‍കും. ചികിത്സാ സഹായവും മരണപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കുന്നു. വീടില്ലാത്ത നിരവധി പേര്‍ക്ക് വീട് വച്ചുനല്‍കുന്നുണ്ട്. മറ്റ് നിരവധി ചാരിറ്റി പ്രവര്‍ത്തനവും നടത്തുന്നു. അത്തരമൊരു സംഘടന പിരിച്ചുവിടണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.