മലയാളത്തിൻ്റെ മഹാ നടന്‍ മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കൊണ്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

പെരിന്തല്‍മണ്ണയിലുള്ള എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഈ രീതിയില്‍ സംസാരിച്ചത്.

മലയാള സിനിമാ വ്യവസായത്തെ മോഹന്‍ലാല്‍ എന്ന നടന്‍ നശിപ്പിക്കുകയാണ്. മലയാള സിനിമയിലെ ബഫൂണാണ് മോഹന്‍ലാല്‍. പ്രിന്‍സിപ്പലിൻ്റെ റൂമില്‍ കുട്ടികള്‍ പോകുന്നതു പോലെയാണ് മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല.

അപ്പം ചുടുന്നതുപോലെയാണ് മോഹന്‍ലാലിൻ്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രം തുടങ്ങുകയാണ്. പക്ഷേ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും മോഹന്‍ലാലിന് അറിയില്ലന്നും ഫസല്‍ ഗഫൂര്‍ ആക്ഷേപിച്ചു.

മരക്കാര്‍ ഒടിടിയിലൂടെ റിലീസ് പ്രഖ്യാപിച്ചതോടെ ആ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ ഇടപെട്ടു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടപ്പെട്ടേക്കുമോ എന്ന ചിന്ത വന്നതോടെയാണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമാ വ്യവസായത്തെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് ഇല്ലാതാക്കി എന്നും ഗഫൂര്‍ കുറ്റപ്പെടുത്തുന്നു. ഒരു ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്തിനാണ്. ഒടിടി വഴി റിലീസ് ചെയ്താല്‍ നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല. സിനിമാ മേഖല ഇല്ലാതായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കുറയ്‌ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.