ശ്രീകുമാരൻ തമ്പി, മലയാള സിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത വ്യക്തിത്വം. എൺപതിന്റെ നിറവിലാണ് അദ്ദേഹം. ഗാന രചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിർമ്മാതാവായും അദ്ദേഹം അഞ്ച് പതിറ്റാണ്ടുകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്നു. പി.ഭാസ്‌കരന്‍,വയലാര്‍, ഒ.എന്‍.വി. എന്നിവർക്ക് പിന്നാലെ ഗാന രചയിതാവായിട്ടായിരുന്നു ശ്രീകുമാരൻ തമ്പി മലയാള സിനിമയിലേക്ക് കടന്ന് വന്നത്.
എൺപത് വയസ്സിലെത്തി നിൽക്കുമ്പോൽ തന്റെ സിനിമാ ജീവിതത്തെയും നേരിട്ട അനുഭവങ്ങളെയും കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. സിനിമാ രംഗത്തേക്കുള്ള കടന്നുവരവിനെയും കൈവരിച്ച വിജയങ്ങളും തിരിച്ചടികളും ഓർമ്മകളും അദ്ദേഹം പങ്കുവയ്ക്കുന്നു. പ്രമുഖ സിനിമ വാരികയായ വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരെയും തുറന്നടിക്കുന്നുണ്ട് ശ്രീകുമാരൻ തമ്പി. താരങ്ങൾ സൂപ്പർ താരങ്ങളായപ്പോൾ എന്ന തലക്കെട്ടോടെയാണ് മാസിക ഈ പരാമർശങ്ങൾ രേഖപ്പെടുത്തുന്നത്. മമ്മുട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും അന്തരിച്ച പ്രമുഖ സംവിധായകൻ ഐവി ശശി നേരിട്ട ദുരനുഭവങ്ങൾ, തന്റെ കരിയറിലെ ഇരുവരുടെയും ഇടപെടലുമാണ് അദ്ദേഹം പങ്കുവയ്ക്ക്കുന്നത്.
മമ്മുട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായതിന് ശേഷമാണ് തനിക്ക് സിനിമയിൽ പാട്ടില്ലാതായതെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ഞാൻ പ്രശ്മാണെന്നും നമുക്ക് പിള്ളേർ മതിയെന്ന നിലപാടുമാണ് ഇരുവരും സ്വീകരിച്ചത്. എന്റെ പാട്ട് മോശമായിട്ടോ തന്നോട്ട് ദേക്ഷ്യമുണ്ടായിട്ടോ ആയിരുന്നില്ല ഇരുവരും അത്തരത്തിൽ പെരുമാറിയത്, തങ്ങളെക്കാൾ താഴെ നിൽക്കുന്നവർ മതിയെന്ന് അവർ തീരുമാനിക്കുകയായിരുന്നു. മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മുട്ടിയെ നായക പദവിയിലേക്ക് ഉയര്‍ത്തിയതും, വില്ലൻ വേഷങ്ങളിൽ നിന്ന് മോഹന്‍ലാലിനെ പുറത്തുകൊണ്ടുവന്നതും ഞാനായിരുന്നു’. അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
മമ്മുട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധായകനായിരുന്ന ഐവി ശശിയെയും പിന്നീട് ഇരുവരും തഴഞ്ഞെന്നും ശ്രീകുമാരൻ തമ്പി ആരോപിക്കുന്നു. ‘മോഹൻലാലിന്റെ കാൾഷീറ്റിനായി ഐ വി ശശി എട്ടുവർഷം കാത്തിരുന്നു, എന്നിട്ടും മോഹൻലാൽ അവസരം നൽകിയില്ല. നിർമ്മാതാവ് ലിബർട്ടി ബഷീർ ഇടപെട്ടാണ് ബൽറാം V/s താരാദാസ് എന്ന ചിത്രത്തിന് മമ്മുട്ടി സമയം നൽകിയത്. എന്നാൽ സഹിക്കവയ്യാത്ത മമ്മുട്ടിയുടെ പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങൾ പോലും ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ലിബർട്ടി ബഷീർ തന്നെയാണ് തന്നോട് പറഞ്ഞത്’. ശ്രീകുമാരന് തമ്പി പറയുന്നു.
‘നമ്മൾ ഉയർത്തിക്കൊണ്ടുവന്ന താരങ്ങൾ തന്നെ നമ്മളെ ചവിട്ടിത്താഴ്ത്തും, അതാണ് ഐവി ശശിയുടെതുൾപ്പെടെയുള്ളവരുടെ അനുഭവം പറയുന്നത്. ഐവി ശശി ഉണ്ടായിരുന്നില്ലെങ്കിൽ മമ്മുട്ടിയോ മോഹൻലാലോ ഉണ്ടാകുമായിരുന്നില്ല’. ഇനി ഒരിക്കൽ കൂടി മോഹൻലാൽ എനിക്ക് കാൾഷീറ്റ് തരുമെന്ന് കരുതുന്നില്ല, ഞാൻ അന്വേഷിച്ച് പോവുകയുമില്ല കാരണം ഞാൻ വളർന്നത് എന്റെ കഥകളും കവിതകളും സംവിധാന ശൈലികൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Leave a Reply