പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം എല്ലാവരും മാതൃകയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഹമ്മദാബാദിലെ മോട്ടെര സ്‌റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരമാണ്. മോദിയെ എല്ലാവരും സ്‌നേഹിക്കുന്നു. എന്നാല്‍ മോദി കര്‍ക്കശക്കാരനാണ് – ട്രംപ് പറഞ്ഞു. നമസ്‌തേ പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. നേരത്തെ ട്രംപിനും ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും സ്വാഗതം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക്‌സാസിലെ ഹൂസ്റ്റണില്‍ തനിക്ക് നല്‍കിയ സ്വീകരണത്തെക്കുറിച്ചും ഹൗഡി മോദി പരിപാടിയെക്കുറിച്ചും പറഞ്ഞിരുന്നു. ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഭാരത് മാതാ കി ജയ് എന്ന് മൂന്ന് തവണ വിളിക്കുകയും ജനക്കൂട്ടത്തെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്ത ശേഷം മോദി നമസ്തേ ട്രംപ് എന്ന് മൂന്ന് തവണ പറഞ്ഞു.

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്നും ലോകത്തെ ഏറ്റവും മികച്ച സൈനിക സാമഗ്രികള്‍ ഇന്ത്യക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയാണെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഏറ്റവും വലിയ പ്രതിരോധപങ്കാളിയാണ് ഇന്ത്യ എന്നും ട്രംപ് പറഞ്ഞു. മൂന്ന് ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാർ ഇന്ത്യയുമായുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ മതസൌഹാർദ്ദത്തെ ട്രംപ് പ്രശംസിച്ചു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നതായും ട്രംപ് പറഞ്ഞു. സ്വാമി വിവേകാനന്ദനേയും സച്ചിൻ ടെണ്ടുൽക്കറേയും വിരാട് കോഹ്ലിയേയും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു.

ട്രംപ് പ്രസംഗിച്ചതിന് ശേഷവും മോദി പ്രസംഗിച്ചു. ഭാരത് മാതാ കി ജയ് എന്നും ഇന്ത്യ – യുഎസ് ഫ്രണ്ട്ഷിപ്പ് എന്നും പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ട്രംപിൻ്റെ ഭാര്യയും യുഎസ് ഫസ്റ്റ് ലേഡിയുമായ മെലാനിയ ട്രംപ് നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങളെ മോദി പ്രശംസിച്ചു. നേരത്തെ മഹാത്മഗാന്ധിയുടെ സബർമതി ആശ്രമം ട്രംപ് സന്ദർശിച്ചിരുന്നു. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം ട്രംപും സംഘവും ആഗ്രയിലേയ്ക്ക് തിരിക്കും.